'ആവശ്യമുള്ളപ്പോള്‍ മാത്രം അവര്‍ വിളിക്കും'; 4 വര്‍ഷം മുന്‍പ് റിഷഭ് പന്ത് പറഞ്ഞ കാര്യം വെളിപ്പെടുത്തി അജയ് ജഡേജ

ഗാബയില്‍ ഇന്ത്യ ചരിത്രജയം കുറിച്ചതില്‍ 23-കാരന്‍ റിഷഭ് പന്തിന്റെ സംഭാവന വലുതാണ്. നാലാം ടെസ്റ്റിലെ അവസാന ദിനം റിഷഭ് പന്തിന്റെ 89 റണ്‍സ് പ്രകടനം ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണായകമായി. ബ്രിസ്ബണില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പന്തുതന്നെ കരസ്ഥമാക്കി. മൂന്നു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 274 റണ്‍സാണ് പന്ത് കുറിച്ചത്. പന്തിന് അനാവശ്യമായി അവസരം കൊടുക്കുന്നുവെന്ന വിമര്‍ശകരുടെ പതിവ് പല്ലവിയും ഇപ്പോള്‍ കെട്ടടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നാലു വര്‍ഷം മുന്‍പ് റിഷഭ് പന്ത് തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

'അന്ന് ദില്ലി രഞ്ജി ടീമില്‍ പന്തിന് പകരം മറ്റൊരാള്‍ക്കാണ് അവസരം ലഭിച്ചത്. പന്ത് നിരാശനായിരുന്നു. ആ സമയം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, സ്‌ക്വാഡിലില്ലെങ്കിലും നാളെ ടീമിനൊപ്പം പരിശീലനത്തിന് വരാന്‍', സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ അജയ് ജഡേജ ഓര്‍ത്തെടുത്തു. പന്ത് നിരാശയോടെ നല്‍കിയ മറുപടിയാണ് പിന്നാലെ ജഡേജ പറഞ്ഞത് --- 'അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരെന്നെ വീട്ടില്‍ വന്നു വിളിക്കും. എന്റെ കാര്യത്തില്‍ എന്നും ഇതുതന്നെയാണ് സംഭവിക്കാറ്'.

അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ താരങ്ങളില്‍ ഒരാളാണ് റിഷഭ് പന്ത്. ലോക്ക്ഡൗണിന് ശേഷം നടന്ന ഐപിഎല്ലില്‍ താരത്തിന്റെ ശരീരഭാഷയും വിമര്‍ശിക്കപ്പെട്ടു. കഴിഞ്ഞ ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ റിഷഭ് പന്തിന് കഴിഞ്ഞിരുന്നില്ല. പിന്നാലെ ഇന്ത്യയുടെ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ നിന്നും സെലക്ടര്‍മാര്‍ പന്തിനെ തഴഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കായി മാത്രമാണ് പന്ത് ഓസ്‌ട്രേലിയയില്‍ എത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരത്തിന് അവസരം ലഭിച്ചുമില്ല. അഡ്‌ലെയ്ഡിലെ വന്‍തോല്‍വിക്ക് ശേഷമാണ് റിഷഭ് പന്തിനെ കളിപ്പിക്കാന്‍ മാനേജ്‌മെന്റ് മുന്‍കയ്യെടുത്തത്. കിട്ടിയ അവസരം താരം ഇരുകയ്യുംകൊണ്ട് പിടിച്ചെടുക്കുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍ പന്ത് ക്രീസിലുണ്ടായിരുന്നപ്പോഴാണ് ഇന്ത്യ ജയിക്കാനായി കളിച്ചത്. പന്ത് പുറത്തായതോടെ സമനിലയ്ക്ക് വേണ്ടിയായി ഇന്ത്യയുടെ പോരാട്ടം മുഴുവന്‍. നിലവില്‍ ടെസ്റ്റില്‍ അതിവേഗം 1,000 റണ്‍സ് തികയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന പട്ടം എംഎസ് ധോണിയില്‍ നിന്നും പന്ത് കൈക്കലാക്കിയത് കാണാം. ഗാബ ടെസ്റ്റിലെ അഞ്ചാം ദിനമാണ് താരം ഈ നേട്ടം കയ്യടക്കിയത്.

റിഷഭ് പന്തിന് പുറമെ ടീമിലെ മറ്റു യുവതാരങ്ങളുടെ പ്രകടനവും അജയ് ജഡേജയില്‍ മതിപ്പുളവാക്കിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ടി നടരാജന്‍ എന്നിവരെല്ലാം മികച്ച പ്രകടനം ഓസ്‌ട്രേലിയക്കെതിരെ പുറത്തെടുത്തു. സുരക്ഷിതമായി കളിച്ച് സമനില പിടിച്ചുവാങ്ങാമെന്നിരിക്കെ ഗില്ലും പന്തും ജയിക്കാനായി ബാറ്റു ചെയ്തത് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും ജഡേജ അറിയിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Wednesday, January 20, 2021, 15:14 [IST]
Other articles published on Jan 20, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X