ഐപിഎൽ 2026-ലെ ഓരോ പന്തിനും ഇപ്പോൾ പൊന്നിന്റെ വിലയാണ്. പ്ലേഓഫ് ചിത്രങ്ങൾ തെളിഞ്ഞു വരുമ്പോൾ ചില ടീമുകൾ സുരക്ഷിതമായ നിലയിലാണെങ്കിലും മുൻ ചാമ്പ്യന്മാരായ ചെന്നൈയും മുംബൈയും കടുത്ത സമ്മർദ്ദത്തിലാണ്. നിലവിലെ സാഹചര്യത്തിൽ 16 പോയിന്റുകൾ നേടുന്ന ടീമുകൾക്ക് പ്ലേഓഫ് യോഗ്യത ഏതാണ്ട് ഉറപ്പിക്കാം.
സമ്മർദ്ദമില്ലാതെ മുന്നിലേക്ക്: പഞ്ചാബും ആർസിബിയും
യോഗ്യതാ പോരാട്ടത്തിൽ ഇപ്പോൾ ഏറ്റവും മുൻതൂക്കമുള്ളത് പഞ്ചാബ് കിംഗ്‌സിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമാണ്. പഞ്ചാബിന് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ നിന്ന് വെറും 2 വിജയങ്ങൾ മാത്രം ജയിച്ചാൽ മതി. ആർസിബിയുടെ അവസ്ഥയും സമാനമാണ്; 5 കളികളിൽ 2 ജയം നേടിയാൽ അവർക്ക് 16 പോയിന്റിലെത്താം. സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്ക് ഇനി 4 മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്, ഇതിൽ രണ്ടെണ്ണം ജയിച്ചാൽ ഇവർക്കും പ്ലേഓഫ് സാധ്യതകൾ സ്ട്രോങ് ആക്കാം.

അഗ്നിപരീക്ഷയിൽ ചെന്നൈയും മുംബൈയും
ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും മുംബൈ ഇന്ത്യൻസിന്റെയും അവസ്ഥയാണ്. സിഎസ്കെയ്ക്ക് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയിച്ചാലേ പ്ലേഓഫ് സാധ്യതകൾക്ക് ഊന്നൽ നൽകാൻ സാധിക്കുകയുള്ളൂ. മുംബൈ ഇന്ത്യൻസിന്റെ കാര്യം അതിലും കഷ്ടമാണ്; അവർക്ക് ബാക്കിയുള്ള 5 മത്സരങ്ങളും ജയിച്ചാൽ പോലും പരമാവധി 14 പോയിന്റിൽ മാത്രമേ എത്താൻ സാധിക്കൂ. അതുകൊണ്ട് തന്നെ സ്വന്തം വിജയങ്ങൾക്കൊപ്പം മറ്റ് ടീമുകളുടെ തോൽവിക്കായി കൂടി മുംബൈയ്ക്ക് പ്രാർത്ഥിക്കേണ്ടി വരും.
ലഖ്‌നൗവിനും കൊൽക്കത്തയ്ക്കും വഴി കഠിനം
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇനി 5 മത്സരങ്ങളിൽ 5 വിജയങ്ങൾ അനിവാര്യമാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പ്ലേഓഫിൽ എത്തണമെങ്കിൽ ശേഷിക്കുന്ന 6 മത്സരങ്ങളിലും തുടർച്ചയായി വിജയിക്കേണ്ടതുണ്ട്. ഒരു ചെറിയ പിഴവ് പോലും ഈ ടീമുകളുടെ പ്ലേഓഫ് സ്വപ്നങ്ങളെ തകിടം മറിക്കും.
ക്വാളിഫിക്കേഷൻ സമവാക്യം ഒറ്റനോട്ടത്തിൽ (16 പോയിന്റ് കട്ട്-ഓഫ്):
പഞ്ചാബ് കിംഗ്‌സ്: 5 മത്സരങ്ങളിൽ 2 ജയം
ആർസിബി: 5 മത്സരങ്ങളിൽ 2 ജയം
എസ്ആർഎച്ച് / ആർആർ / ജിടി: 4 മത്സരങ്ങളിൽ 2 ജയം
സിഎസ്കെ / ഡിസി: 5 മത്സരങ്ങളിൽ 4 ജയം
കെകെആർ: 5 മത്സരങ്ങളിൽ 5 ജയം
മുംബൈ ഇന്ത്യൻസ്: 5 മത്സരങ്ങളിൽ 5 ജയം (പരമാവധി 14 പോയിന്റ് മാത്രം)
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 6 മത്സരങ്ങളിൽ 6 ജയം
ഇന്ന് വളരെ നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയിൻസിനെ നേരിടും. ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം വളരെ വിലപ്പെട്ടതാണ്. ഇന്ന് തോൽക്കുന്നവർക്ക് പ്ലേ ഓഫ് സാധ്യതകൾ പൂർണമായും നഷ്ടമാകും.