ടി20 ലോകകപ്പ്; തകര്‍പ്പന്‍ ഡാന്‍സുമായി തായ്‌ലന്‍ഡ് വനിത ടീം
മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പില്‍ ആരാധകരുടെ മനംകവര്‍ന്ന് തായ്‌ലന്‍ഡ് ടീം. ക്രിക്കറ്റില്‍ കുഞ്ഞന്മാരല്ലെന്ന് തെളിയിക്കുന്ന പ്രകടനത്തിനുശേഷം തകര്‍പ്പന്‍ ഡാന്‍സുമായി അവര്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കി. പാക്കിസ്ഥാനെതിരായ അവസാന ലീഗ് മത്സരം മഴ തടസ്സപ്പെടുത്തിയപ്പോഴായിരുന്നു തായ്‌ലന്‍ഡ് കളിക്കാര്‍ നൃത്തച്ചുവടുകളുമായി ശ്രദ്ധപിടിച്ചുപറ്റിയത്. ഐസിസി ഡാന്‍സ് വീഡിയോ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയിലും കളിക്കാര്‍ക്ക് നിറഞ്ഞ കൈയ്യടിയാണ്.
വെങ്കാബോയ്‌സ് ഗാനത്തിന്റെ ഈണത്തിനൊപ്പിച്ചായിരുന്നു കളിക്കാരുടെ നൃത്തം. നൃത്തം കണ്ടതോടെ താന്‍ തായ്‌ലന്‍ഡ് ടീമിന്റെ ആരാധകനായി മാറിയെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു. യോഗ്യതാ മത്സരം കളിച്ചെത്തിയ തായ്‌ലന്‍ഡ് ഗ്രൂപ്പ് മത്സരങ്ങളിലെ മൂന്നെണ്ണത്തിലും തോറ്റ് നേരത്തെ തന്നെ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു മഴയെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത തായ്‌ലന്‍ഡ് ടീം കരുത്തരായ പാക്കിസ്ഥാനെ ഞെട്ടിച്ച് നിശ്ചിത 20 ഓവറില്‍ 150 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണര്‍മാരായ നറ്റാകന്‍ ചാന്ദം(56), നതാലിയ ബൂചാതം(44) എന്നിവരുടെ ഉജ്വല ബാറ്റിങ്ങാണ് തായ്‌ലന്‍ഡിന് കരുത്തായത്. ചനിദ(20), നാനാപത്(20) എന്നിവര്‍ അവസാന ഓവറുകളിലും മികവുകാട്ടി. പാക്കിസ്ഥാനും നേരത്തെ തന്നെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. ഇരു ടീമുകളും പോയന്റ് പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications