വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

21 ആം നൂറ്റാണ്ടിലെ ആദ്യ ദശകം ഓസ്‌ട്രേലിയയുടെ അപ്രമാദിത്വമാണ് ക്രിക്കറ്റ് ലോകം കണ്ടത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ അവര്‍ അജയ്യരായി തുടര്‍ന്നു. എന്നാല്‍ അടുത്ത പത്തു വര്‍ഷംകൊണ്ട് ചിത്രം മാറി. റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ആന്‍ഡ്രൂ സിമ്മണ്ട്‌സ്, മൈക്കല്‍ ഹസി, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഗ്ലെന്‍ മക്ഗ്രാത്ത് തുടങ്ങിയ ഇതിഹാസങ്ങള്‍ ടീമില്‍ നിന്നും വിരമിച്ചു. ഇതോടെ ഓസ്‌ട്രേലിയയുടെ പ്രതാപകാലത്തിനും തിരശ്ശീല വീണു — കംഗാരുക്കള്‍ക്ക് ആധിപത്യം നഷ്ടമായി.

2010-2019 (രണ്ടാം പതിറ്റാണ്ട്) കാലയളവില്‍ വിവിധ ടീമുകള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ അമരത്തെത്തുന്നത് നാം കണ്ടു. ചില വന്‍മരങ്ങള്‍ കടപുഴകി വീണതും ഈ ദശകത്തില്‍ത്തന്നെ. 2019 പൂര്‍ത്തിയാവാനിരിക്കെ ഈ പതിറ്റാണ്ടിലെ ടെസ്റ്റ് രാജ്യങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് ചുവടെ പരിശോധിക്കാം.

12. അയര്‍ലണ്ട് — 1/10

12. അയര്‍ലണ്ട് — 1/10

21 ആം നൂറ്റാണ്ടിലെ രണ്ടാം ദശകത്തില്‍ ടെസ്റ്റ് പദവി നേടിയ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്. ഏകദിന, ട്വന്റി-20 ക്രിക്കറ്റിലെ മികവേറിയ പ്രകടനം ഈ കുഞ്ഞന്‍ രാജ്യത്തിന് ടെസ്റ്റ് പദവി നേടിക്കൊടുത്തു. പക്ഷെ, ടെസ്റ്റ് ക്രിക്കറ്റ് കരുതുന്നുപോലെ എളുപ്പമല്ലെന്ന് വൈകാതെ അയര്‍ലണ്ടിന് ബോധ്യമായി. ആകെ മൂന്നു ടെസ്റ്റ് മത്സരങ്ങളെ ടീം ഇതുവരെ കളിച്ചുള്ളൂ. മൂന്നിലും തോറ്റു. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികവ് ടെസ്റ്റില്‍ കണ്ടെത്താന്‍ അയര്‍ലണ്ടിന് കഴിയുന്നില്ല. പാകിസ്താനുമായാണ് അയര്‍ലണ്ട് ചരിത്രത്തിലെ ആദ്യ രാജ്യാന്തര ടെസ്റ്റ് കളിച്ചത്. അന്ന് അഞ്ചു വിക്കറ്റിന് ടീം അടിയറവ് പറഞ്ഞു.

അയർലണ്ടിന്റെ പ്രകടനം

താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്താനുമായി ആയിരുന്നു അയര്‍ലണ്ടിന്റെ രണ്ടാം ടെസ്റ്റ്. അന്നത്തെ മത്സരത്തിന് ഇന്ത്യ വേദിയായി. ഇവിടെ അയര്‍ലണ്ടിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ വീണുടഞ്ഞു. അഫ്ഗാനിസ്താന്‍ അനായാസജയം കയ്യടക്കി. ശക്തരായ ഇംഗ്ലണ്ടുമായാണ് ഐറിഷ് പട മൂന്നാം അങ്കത്തിന് ഇറങ്ങിയത്.

ഇംഗ്ലണ്ട് ലോകകപ്പ് ജയിച്ച് സമയം. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 85 റണ്‍സിന് എതിറഞ്ഞൊതുക്കി അയര്‍ലണ്ട് ഞെട്ടിച്ചു. ലോകകപ്പ് ജേതാക്കള്‍ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു അത്. ആദ്യ ഇന്നിങ്‌സില്‍ 207 റണ്‍സ് പൂര്‍ത്തിയാക്കി മാന്യമായ ലീഡും അയര്‍ലണ്ട് സ്വന്തമാക്കിയതോടെ ക്രിക്കറ്റിലെ മറ്റൊരു അട്ടിമറിയെന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ടീം വാലുംചുരുട്ടി മടങ്ങി. 38 റണ്‍സിന് ഐറിഷ് പടയെ കൂടാരം കയറ്റുകയായിരുന്നു ഇംഗ്ലണ്ട്. ഇതോടെ 143 റണ്‍സിന്റെ തോല്‍വിയും അയര്‍ലണ്ട് വഴങ്ങി.

ജയ/പരാജയ അനുപാതം: 0

11. സിംബാബ്‌വേ — 3.5/10

11. സിംബാബ്‌വേ — 3.5/10

മോശമല്ലാത്ത പതിറ്റാണ്ടാണ് സിംബാബ്‌വേയെ സംബന്ധിച്ച് കടന്നുപോയിരിക്കുന്നത്. പറഞ്ഞുവരുമ്പോള്‍ ഒരുപാട് മത്സരങ്ങളൊന്നും ടീം ജയിച്ചിട്ടില്ല. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന്റെ ഭൂപടത്തില്‍ ശക്തമായ സാന്നിധ്യമാവാന്‍ ടീമിന് കഴിഞ്ഞു. 24 ടെസ്റ്റ് മത്സരങ്ങളാണ് സിംബാബ്‌വേ ഈ ദശകത്തില്‍ കളിച്ചത്. ഇതില്‍ നാലെണ്ണം ജയിച്ചു; 19 മത്സരങ്ങള്‍ തോറ്റു. ഒരു സമനിലയും.

സിംബാബ്വേയുടെ പ്രകടനം

2010 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 83 ടെസ്റ്റുകളാണ് സിംബാബ്‌വേ കളിച്ചിരിക്കുന്നത്. ജയിച്ചതാകട്ടെ എട്ടെണ്ണത്തിലും. അതായത് 2010-2019 കാലഘട്ടത്തില്‍ ടീം ഒരുപാട് മുന്നേറി. ബംഗ്ലാദേശിനെതിരായ ആദ്യ എവെ പരമ്പര ജയിച്ചാണ് ഈ ദശകത്തെ സിംബാബ്‌വേ എതിരേറ്റത്.

തുടര്‍ന്ന് 2013 -ല്‍ ബംഗ്ലാദേശിനെതിരെ കളിച്ച ടെസ്റ്റ് മത്സരത്തിലും ടീം വിജയക്കൊടി പാറിച്ചു. ഇതേവര്‍ഷമാണ് ടെസ്റ്റില്‍ പാകിസ്താനെയും സിംബാബ്‌വേ വിറപ്പിച്ചത്. 2018 -ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞതും ടീമിന്റെ നേട്ടം തന്നെ. പരമ്പരയില്‍ ഓരോ മത്സരവീതം ഇരു ടീമുകളും ജയിക്കുകയായിരുന്നു.

ജയ/പരാജയ അനുപാതം: 0.210

10. അഫ്ഗാനിസ്താന്‍ — 3.5/10

10. അഫ്ഗാനിസ്താന്‍ — 3.5/10

2017 ജൂണിലാണ് അഫ്ഗാനിസ്താന് ടെസ്റ്റ് പദവി നല്‍കാന്‍ ഐസിസി തീരുമാനിച്ചത്. തുടര്‍ന്ന് 2018 ജൂണില്‍ ബെംഗളൂരുവില്‍ ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്താന്‍ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. ആദ്യ ടെസ്റ്റില്‍ തുടക്കക്കാരുടെ എല്ലാ ചാപല്യങ്ങളും അഫ്ഗാന് ഉണ്ടായിരുന്നു. അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യന്‍ സംഘം അഫ്ഗാനെ തകര്‍ത്തെറിഞ്ഞു. ഓരോ 11 റണ്‍സിലും ഒരു വിക്കറ്റെന്ന കണക്കിലാണ് അഫ്ഗാനിസ്താന്‍ ബാറ്റു ചെയ്തത്. അന്നത്തെ മത്സരം ഒരിന്നിങ്‌സിനും 262 റണ്‍സിനും ഇന്ത്യ അനായാസം ജയിച്ചു കയറി.

അഫ്ഗാന്റെ പ്രകടനം

ഇന്ത്യയോടേറ്റ ഭീമമായ തോല്‍വിക്ക് ശേഷമാണ് അയര്‍ലണ്ടിനെതിരെ അഫ്ഗാന്‍ ടെസ്റ്റ് കളിച്ചത്. ഇന്ത്യയില്‍ വെച്ച് നടന്ന മത്സരത്തില്‍ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ജയം അഫ്ഗാന്‍ പട സ്വന്തമാക്കി. തുടര്‍ന്ന് ബംഗ്ലാദേശിനെതിരയായിരുന്നു അഫ്ഗാന്റെ അടുത്ത ടെസ്റ്റ് പോരാട്ടം. പരമ്പരയില്‍ നിശ്ചയിച്ച ഏക ടെസ്റ്റ് അഫ്ഗാനിസ്താന്‍ രാജകീയമായി ജയിച്ചു. 342 എന്ന ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറും ഇതേ മത്സരത്തിലാണ് അഫ്ഗാന്‍ സംഘം കുറിച്ചത്. ഇതേസമയം, ഈ വര്‍ഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ അഫ്ഗാന്‍ ടീമിന് തോല്‍വി രുചിക്കേണ്ടി വന്നു. എന്തായാലും തുടക്കക്കാരെന്ന നിലയില്‍ പ്രതീക്ഷയാര്‍ന്ന പ്രകടനമാണ് അഫ്ഗാന്‍ തുടരുന്നത്.

ജയ/പരാജയ അനുപാതം: 1

09. ബംഗ്ലാദേശ് — 4/10

09. ബംഗ്ലാദേശ് — 4/10

ഈ ദശകത്തില്‍ ശുഭകരമായ ചിത്രമല്ല ടെസ്റ്റില്‍ ബംഗ്ലാദേശിന് പറയാനുള്ളത്. സ്ഥിരതയില്ലായ്മയാണ് ടീമിന്റെ പ്രധാന പ്രശ്‌നം. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് 56 ടെസ്റ്റ് മത്സരങ്ങള്‍ ബംഗ്ലാദേശ് കളിക്കുകയുണ്ടായി. ഇതില്‍ ആകെ ജയിച്ചത് പത്തെണ്ണത്തിലും. 36 മത്സരങ്ങള്‍ ടീം തോറ്റു; 10 മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു. സിംബാബ്‌വേയോട് അടക്കം തുടര്‍ച്ചയായ ഒന്‍പതു പരമ്പരകള്‍ തോറ്റാണ് ബംഗ്ലാദേശ് ഈ ദശകം തുടങ്ങിയതുതന്നെ. ഒരിടവേളയ്ക്ക് ശേഷം 2014 -ല്‍ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയും ബംഗ്ലാദേശ് തോല്‍വിയറിഞ്ഞു.

ഒടുവില്‍ ഈ ദശകത്തിന്റെ ആദ്യ പകുതി വരെ കാത്തിരിക്കേണ്ടി വന്നു ബംഗ്ലാദേശിന് ആദ്യ ടെസ്റ്റ് പരമ്പര ജയിക്കാന്‍. പിന്നെയും തോല്‍വികളും സമനിലകളുമാണ് ബംഗ്ലാദേശിനെ വേട്ടയാടിയത്. ശേഷം 2018 -ല്‍ വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ് ടീം വിജയവഴിയില്‍ തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഓരോ ടെസ്റ്റ് വീതം ജയിച്ചതാണ് ഈ പതിറ്റാണ്ടില്‍ ബംഗ്ലാദേശിന് ഓര്‍ത്തെടുക്കാവുന്ന വിജയമുഹൂര്‍ത്തം.

ജയ/പരാജയ അനുപാതം: 0.277

08. വെസ്റ്റ് ഇന്‍ഡീസ് — 4.5/10

08. വെസ്റ്റ് ഇന്‍ഡീസ് — 4.5/10

ട്വന്റി-20 ഫോര്‍മാറ്റിലേക്ക് ശ്രദ്ധതിരിഞ്ഞതോടെ കരീബിയന്‍ ടീം ടെസ്റ്റില്‍ അപ്രസക്തമാവുന്നാണ് ഈ പതിറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തം. ടെസ്റ്റ് പരമ്പരകളെക്കാള്‍ ട്വന്റി-20 പരമ്പരകള്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ആഗ്രഹിക്കുന്നു. ഫലമോ, ടെസ്റ്റ് റാങ്കിങ്ങില്‍ ടീം താഴോട്ടു കൂപ്പുകുത്തി. നാലു പരമ്പരകള്‍ തുടര്‍ച്ചയായി തോറ്റതിന് ശേഷം 2011 -ലാണ് വിന്‍ഡീസ് ഈ ദശകത്തിലെ ആദ്യ ജയം കയ്യടക്കിയത്; ബംഗ്ലാദേശിനെതിരെ.

തുടര്‍ന്ന് ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ മുന്‍നിര രാജ്യങ്ങള്‍ക്ക് മുന്നില്‍ കരീബിയന്‍ സംഘം വീണ്ടും മുട്ടുമടക്കി. ഇതേസമയം, 2014 -ല്‍ സന്ദര്‍ശകരായി ചെന്ന് ന്യൂസിലാന്‍ഡ് പരമ്പര തൂത്തുവാരിയ ചരിത്രം വെസ്റ്റ് ഇന്‍ഡീസിന് ഈ ദശകത്തില്‍ പറയാനുണ്ട്. നിലവില്‍ അടിമുടി പുത്താനാണ് വിന്‍ഡീസ് ടീം. സ്‌ക്വാഡില്‍ പുതുമുഖങ്ങള്‍ ഏറെ. 2015 മുതല്‍ 18 ടെസ്റ്റ് പരമ്പരകളാണ് വിന്‍ഡീസ് കളിച്ചിരിക്കുന്നത്. ഇതില്‍ നാലു പരമ്പരകള്‍ മാത്രമേ കരീബിയന്‍ ടീമിന്് ജയിക്കാനായുള്ളൂ.

ജയ/പരാജയ അനുപാതം: 0.511

07. ശ്രീലങ്ക — 5/10

07. ശ്രീലങ്ക — 5/10

ടെസ്റ്റില്‍ നിറംകെടുന്ന ശ്രീലങ്കയെയാണ് ഈ ദശകത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധന തുടങ്ങിയ ഇതിഹാസങ്ങള്‍ വിരമിച്ചത് ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയായി. 2010-2019 കാലയളവില്‍ 93 ടെസ്റ്റ് മത്സരങ്ങളിലാണ് ശ്രീലങ്ക പങ്കെടുത്തിരിക്കുന്നത്. ഇതില്‍ 31 എണ്ണത്തില്‍ ടീം വിജയം രുചിച്ചു. ഈ ദശകത്തില്‍ പരമ്പരയില്‍ മൂന്നില്‍ക്കൂടുതല്‍ ടെസ്റ്റ് കളിക്കാത്ത ടീമുകളില്‍ ഒന്ന് കൂടിയാണ് ശ്രീലങ്ക.

2012 ജൂണ്‍ വരെ കാത്തിരിക്കേണ്ടി വന്നു ടീമിന് ദശകത്തിലെ ആദ്യ പരമ്പര ജയിക്കാന്‍. അന്ന് ലങ്ക കീഴടക്കിയത് പാകിസ്താനെയും. ശേഷം കളിച്ച ആറു പരമ്പരകളില്‍ മൂന്നെണ്ണത്തില്‍ ശ്രീലങ്ക വിജയശ്രീലാളിതരായി. ബംഗ്ലാദേശിനെതിരെ രണ്ടു തവണയും ഇംഗ്ലണ്ടിനെതിരെ ഒരു തവണയുമാണ് ലങ്ക വിജയം കുറിച്ചത്. പരമ്പരജയങ്ങള്‍ കുറവാണെങ്കിലും 2016 -ല്‍ ഓസ്‌ട്രേലിയയെ വൈറ്റുവാഷ് ചെയ്യാന്‍ ലങ്കയ്ക്ക് കഴിഞ്ഞു. 2018 ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ടീം ഇതാവര്‍ത്തിച്ചു.

ജയ/പരാജയ അനുപാതം: 0.794

06. പാകിസ്താന്‍ — 5.5/10

06. പാകിസ്താന്‍ — 5.5/10

ഒത്തുകളി വിവാദങ്ങളും വിലക്കുകളുംകൊണ്ട് കറപുരണ്ട അധ്യായമാണ് പാകിസ്താന് ഓര്‍ത്തെടുക്കാനുള്ളത്. എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുവരാന്‍ പാകിസ്താന് കഴിഞ്ഞെന്നത് അഭിനന്ദനീയം. ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ പരമ്പരജയം കുറിച്ചാണ് പാകിസ്താന്‍ ദശകം ആരംഭിച്ചത്. പക്ഷെ തുടന്ന് കളിച്ച ആറു പരമ്പരകളില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ ടീമിനായില്ല. ശേഷം 2014 -ല്‍ യുഎഇയില്‍ വെച്ച് ശക്തരായ ഓസ്‌ട്രേലിയയെ പാക് പട അട്ടിമറിച്ചു.

2016 വരെ തോല്‍വിയറിയാതെയാണ് പാകിസ്താന്‍ മുന്നേറിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി വിജയവഴിയില്‍ തിരിച്ചുകയറാന്‍ പാകിസ്്താന്‍ പെടാപാട് പെടുന്നു. വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലണ്ട് ടീമുകള്‍ക്കെതിരെ നേടിയ വിജയം മാത്രമാണ് ടീമിന് ഈ കാലയളവില്‍ ആശ്വസിക്കാനുള്ളത്. ഏറ്റവുമൊടുവില്‍ ഓസ്‌ട്രേലിയക്ക് മുന്നിലാണ് അസര്‍ അലിയും സംഘവും തകര്‍ന്നു തരിപ്പണമായത്.

ജയ/പരാജയ അനുപാതം: 0.864

05. ന്യൂസിലാന്‍ഡ് — 7.5/10

05. ന്യൂസിലാന്‍ഡ് — 7.5/10

ഈ ദശകം ഏറ്റവും കുറച്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് രാജ്യങ്ങളില്‍ ഒന്നാണ് ന്യൂസിലാന്‍ഡ് (81 മത്സരങ്ങള്‍). കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് കിവീസ് ടീമിന് കാര്യമായ പരിണാമം സംഭവിച്ചിരിക്കുന്നു. 2010 തുടക്കത്തില്‍ ഡാനിയേല്‍ വെറ്റോറിയാണ് ന്യൂസിലാന്‍ഡിനെ നയിച്ചത്. തുടര്‍ന്ന് ബ്രണ്ടന്‍ മക്കല്ലം ക്യാപ്റ്റന് തൊപ്പിയണിഞ്ഞു. ഇതോടെ കിവികള്‍ കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. മക്കല്ലത്തിന് ശേഷം കെയിന്‍ വില്യംസണ്‍ നായകനായി. ടീമില്‍ കൂടുതല്‍ അച്ചടക്കവും കളിയില്‍ കൂടുതല്‍ ശാന്തതയും കൊണ്ടുവരാന്‍ വില്യംസണിനായി.

ശ്രീലങ്കയെ പോലെ ന്യൂസിലാന്‍ഡിനും പരമ്പരയില്‍ മൂന്നു ടെസ്റ്റില്‍ കൂടുതല്‍ കളിക്കാന്‍ താത്പര്യമില്ല. പറഞ്ഞുവരുമ്പോള്‍ 2013 വരെ കഷ്ടകാലമായിരുന്നു ടീമിന്്. ഓസ്‌ട്രേലിയയോടും ഇന്ത്യയോടും പാകിസ്താനോടും കിവികള്‍ തോറ്റു. എന്നാല്‍ വില്യംസണിന്് കീഴില്‍ പുതിയ ന്യൂസിലാന്‍ഡ് ടീമിനെയാണ് ലോകം കണ്ടത്. പാകിസ്താനെയും ബംഗ്ലാദേശിനെയും ടീം കെട്ടുകെട്ടിച്ചു. 2017 -ല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതാണ് ഇടക്കാലത്ത് ന്യൂസിലാന്‍ഡിനേറ്റ മറ്റൊരു തിരിച്ചടി. എന്തായാലും 2017 ഡിംസബറിന് ശേഷം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് അജയ്യരാണ്.

ജയ/പരാജയ അനുപാതം: 1.103

04. ഇംഗ്ലണ്ട് — 7.5/10

04. ഇംഗ്ലണ്ട് — 7.5/10

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും ഫലവത്തായ പതിറ്റാണ്ടാണ് കടന്നുപോയിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് 125 ടെസ്റ്റ് മത്സരങ്ങള്‍ ഇംഗ്ലീഷ് പട കളിച്ചു. ചരിത്രത്തില്‍ ആയിരം ടെസ്റ്റ് മത്സരങ്ങള്‍ ടീം പൂര്‍ത്തിയാക്കിയതും ഈ കാലഘട്ടത്തിലാണ്. അലയസ്റ്റര്‍ കുക്കിന് കീഴില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ദശകത്തെ വരവേറ്റത്. എന്നാല്‍ 2012 മുതല്‍ ടീമിന് താളം തെറ്റി. 2012 മുതല്‍ 2014 വരെ കളിച്ച 11 ടെസ്റ്റ് പരമ്പരകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമേ ഇംഗ്ലണ്ടിന് ജയം കണ്ടെത്താനായുള്ളൂ.

ഇതിഹാസ താരങ്ങളില്‍ പലരും പടിയറിങ്ങിയത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. വിമര്‍ശനങ്ങള്‍ കൊടുമുടി കയറിയതിനെ തുടര്‍ന്നാണ് അലസ്റ്റര്‍ കുക്ക് പിന്മാറിയതും ജോ റൂട്ട് നായകനായതും. 2013 -ല്‍ ഇംഗ്ലണ്ട് ആഷസ് ജയിച്ചു. എന്നാല്‍ അതേവര്‍ഷംതന്നെ കിരീടം ഓസ്‌ട്രേലിയക്ക് വിട്ടുനല്‍കേണ്ടതായി വന്നു.

2015 -ല്‍ ഇംഗ്ലണ്ട് ആഷസ് തിരിച്ചുപിടിച്ചെങ്കിലും 2017 -ല്‍ വീണ്ടും കപ്പ് കൈവിട്ടുപോയി. 2019 -ല്‍ ആഷസ് പരമ്പര സമനിലയില്‍ പിരിഞ്ഞതോടെ കിരീടം ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറി. 2018 -ല്‍ ഇന്ത്യയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും നേടിയ തകര്‍പ്പന്‍ ജയങ്ങളാണ് ഇംഗ്ലണ്ടിന് ഈ ദശകത്തില്‍ ഓര്‍ത്തെടുക്കാവുന്ന വിജയമുഹൂര്‍ത്തങ്ങള്‍.

ജയ/പരാജയ അനുപാതം: 1.266

03. ഓസ്‌ട്രേലിയ — 8/10

03. ഓസ്‌ട്രേലിയ — 8/10

ഈ ദശകത്തില്‍ ഒരുപാട് പരിണാമങ്ങള്‍ സംഭവിച്ചു ഓസ്‌ട്രേലിയക്ക്. റിക്കി പോണ്‍ടിങ്ങും മൈക്കല്‍ ക്ലാര്‍ക്കുമടക്കം നിരവധി ഇതിഹാസങ്ങള്‍ ടീമില്‍ നിന്നും പടിയിറങ്ങി. ഫില്‍ ഹ്യൂസിന്റെ മരണവാര്‍ത്തയും ഓസ്‌ട്രേലിയയെ തേടിയെത്തിയത് ഈ കാലഘട്ടത്തില്‍ തന്നെ. പന്തുചുരണ്ടല്‍ വിവാദം വരുത്തിവെച്ച നാണക്കേടും ചില്ലറയല്ല. വിഷയത്തില്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും രണ്ടു വര്‍ഷമാണ് ക്രിക്കറ്റില്‍ വിലക്കു നേരിട്ടത്.

എന്തായാലും ആദ്യ ദശകത്തിലെ പോലെ ആധിപത്യം ഉറപ്പിക്കാന്‍ ഇത്തവണ കംഗാരുക്കള്‍ക്ക് കഴിയാതെ പോയി. പാകിസ്താനെതിരെയും ന്യൂസിലാന്‍ഡിന് എതിരെയും ജയിച്ചാണ് ഓസീസിന്റെ തുടക്കം. എന്നാല്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ടീമിന് കാലിടറി. 2010 -ല്‍ ഇന്ത്യയോടും ശ്രീലങ്കയോടും ടീം തോറ്റു. 2013 -ല്‍ നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതാണ് ഈ പതിറ്റാണ്ടില്‍ കംഗാരുക്കള്‍ക്കേറ്റ പ്രധാന ക്ഷീണം. തൊട്ടടുത്ത വര്‍ഷം പാകിസ്താനോടും ഓസ്‌ട്രേലിയ കീഴടങ്ങി.

2018 -ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ഐതിഹാസിക ടെസ്റ്റ് പരമ്പര നേടിയതും കംഗാരുക്കളുടെ നിരാശയാണ്. ഇതേസമയം, മുന്‍നിര താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യയെ നേരിട്ടതെന്ന് പറഞ്ഞ് ഓസ്‌ട്രേലിയക്ക് ആശ്വാസം കണ്ടെത്താം.

ജയ/പരാജയ അനുപാതം: 1.447

02. ദക്ഷിണാഫ്രിക്ക — 8.5/10

02. ദക്ഷിണാഫ്രിക്ക — 8.5/10

ഈ ദശകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. 2011 ഡിസംബര്‍ മുതല്‍ ടീം അപാര ഫോം കണ്ടെത്തി. തുടര്‍ച്ചയായി ആറ് ഹോം, എവെ പരമ്പരകളാണ് പ്രോട്ടീസ് സംഘം പിടിച്ചെടുത്തത്. ശേഷം പാകിസ്താനെതിരെ വഴങ്ങേണ്ടി വന്ന സമനിലയുടെ ക്ഷീണം ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക നികത്തി.

2014 -ല്‍ ഓസ്‌ട്രേലിയക്കെതിരെ കീഴടങ്ങിയതാണ് ദക്ഷിണാഫ്രിക്കയ്‌ക്കേറ്റ മറ്റൊരു തിരിച്ചടി. പക്ഷെ തുടര്‍ന്ന് കളിച്ച 17 പരമ്പരകളില്‍ പന്ത്രണ്ടും ജയിച്ച് പ്രോട്ടീസ് നിര മികവ് തെളിയിച്ചു. ഇംഗ്ലണ്ടിനെതിരെയും ഇന്ത്യയ്ക്ക് എതിരെയും ശ്രീലങ്കയ്ക്ക് എതിരെയുമാണ് ദക്ഷിണാഫ്രിക്ക പരാജയം രുചിച്ചത്. ഇടക്കാലത്ത് ബംഗ്ലാദേശുമായി സമനില പിടിക്കുന്ന ദക്ഷിണാഫ്രിക്കയെയും ആരാധകര്‍ കണ്ടു. എന്തായാലും അവസാന കാലഘട്ടത്തില്‍ ടീമിന് ഒരല്‍പ്പം കാലിടറിയിട്ടുണ്ട്. 2019 -ല്‍ ശ്രീലങ്കയോടും ഇന്ത്യയോടും ടീം തോറ്റു.

ജയ/പരാജയ അനുപാതം: 1.760

01. ഇന്ത്യ — 9/10

01. ഇന്ത്യ — 9/10

2011 പാതി വരെ സ്വപ്‌നത്തുടക്കമായിരുന്നു ടീം ഇന്ത്യയ്ക്ക് കിട്ടിയത്. അന്ന് നായകന്‍ മഹേന്ദ്ര സിങ് ധോണിയും. ബംഗ്ലാദേശിനെതിരെ ടീം അനായസം ജയിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പടവെട്ടി സമനില പിടിച്ചു. സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും കീഴ്‌പ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് റാങ്കിങ് മുകളിലേക്ക് കുതിച്ചു. 2011 -ല്‍ സുരേഷ് റെയ്‌നയുടെ നേതൃത്വത്തിലും വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ കീഴടക്കി. എന്നാല്‍ വിദേശ പിച്ചുകളില്‍ അടിതെറ്റുന്ന പതിവ് ഇന്ത്യ കൈവെടിഞ്ഞില്ല. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നടത്തിയ വൈറ്റുവാഷില്‍ ഇന്ത്യയുടെ നിറംകെട്ടു.

ഈ കാലഘട്ടത്തിലാണ് ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറെ വിമര്‍ശിക്കപ്പെട്ടത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ധോണി ടെസ്റ്റ് മതിയാക്കി രാജിവെയ്ക്കുന്നതും ആരാധകര്‍ കണ്ടു. എന്തായാലും ധോണിയ്ക്ക് പകരമെത്തിയ വിരാട് കോലിക്ക് കീഴില്‍ മികച്ച തുടക്കമാണ് ടീം ഇന്ത്യ നേടിയത്. കോലിയുടെ ആക്രമണോത്സുക ടീമിന്റെ മനോഭാവത്തെ സ്വാധീനിച്ചു.

ഇതേസമയം, കോലിക്ക് കീഴിലും നിര്‍ണായകമായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനങ്ങള്‍ തോറ്റ ചരിത്രം ഇന്ത്യയ്ക്കുണ്ട്. എന്തായാലും 2018 -ല്‍ ഓസ്‌ട്രേലിയന്‍ മണ്ണിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര ജയം ടീം ഇന്ത്യയുടെ പ്രതിച്ഛായ പാടെ മാറ്റി. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പ്രഥമ സ്ഥാനത്താണ് കോലിപ്പട. ലോകകപ്പിന് ശേഷം കളിച്ച ടെസ്റ്റ് പരമ്പരകളെല്ലാം ഇന്ത്യ ജയിച്ചിട്ടുണ്ട്.

ജയ/പരാജയ അനുപാതം: 1.931

Story first published: Friday, December 13, 2019, 14:30 [IST]
Other articles published on Dec 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X