കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീതം നേടിയ ലഹിരു കുമാരയും ലസിത് എംബുല്‍ഡെനിയയുമാണ് പാകിസ്താനെ ചെറിയ സ്‌കോറില്‍ തളച്ചത്. വിശ്വ ഫെര്‍ണാണ്ടോ രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ശ്രീലങ്ക ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ പാകിസ്താനേക്കാള്‍ 127 റണ്‍സിന് പിന്നിലാണ് ശ്രീലങ്ക. ഏഞ്ചലോ മാത്യൂസ് (8), എംബുല്‍ഡെനിയ (3) എന്നിവരാണ് ക്രീസില്‍.
മധ്യനിര തകര്‍ന്നതാണ് പാകിസ്താന് തിരിച്ചടിയായത്. പാകിസ്താന്‍ നിരയില്‍ അസാദ് ഷഫീക്ക് (63) ടോപ് സ്‌കോററായി. ബാബര്‍ അസാമും (60) അര്‍ധ സെഞ്ച്വറി നേടി. ആബിദ് അലി (38) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ അസ്ഹര്‍ അലി (0), ഹാരിസ് സൊഹൈല്‍ (9) നിരാശപ്പെടുത്തി.

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് ഓഷാഡ ഫെര്‍ണാണ്ടോ (4), ദിമുത് കരുണരത്‌ന (25), കുശാല്‍ മെന്‍ഡിസ് (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പ്രതീക്ഷ നല്‍കി ഏഞ്ചലോ മാത്യൂസ് ക്രീസിലുണ്ട്. പാകിസ്താനുവേണ്ടി മുഹമ്മദ് അബ്ബാസ് രണ്ടു വിക്കറ്റും ഷഹിന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.