നാലു വര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ഥ്യം!! അവിശ്വസനീയം... ഇതിലും വലുത് മറ്റൊന്നില്ലെന്ന് കോലി

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രനേട്ടത്തിന്റെ നെറുകയിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യയുടെ വര്‍ഷങ്ങള്‍ നീണ്ട മോഹം ഒടുവില്‍ പൂവണിഞ്ഞിരിക്കുകയാണ്. ഓസീസിനെതിരായ നാലു മല്‍സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യക്കു വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മഴ വില്ലനാവുകയായിരുന്നു.
എങ്കിലും തന്റെ മുന്‍ഗാമികള്‍ക്കൊന്നും സാധിക്കാതിരുന്ന നേട്ടത്തിലേക്ക് ടീമിനെ നയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

ഇത്രയും അഭിമാനം തോന്നിയിട്ടില്ല
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനേക്കാള്‍ അഭിമാനം മുമ്പ് മറ്റൊരു ടീമിനൊപ്പമായിരുന്നപ്പോഴും തോന്നിയിട്ടില്ലെന്നാണ് പരമ്പരനേട്ടത്തിനു ശേഷം കോലി പ്രതികരിച്ചത്. ഒരു സംസ്‌കാരത്തിനു കൂടിയാണ് ഞങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്. മാറ്റം ഇവിടെ നിന്നും തുടങ്ങുകയാണ്.
നാലു വര്‍ഷം മുമ്പാണ് ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുത്തത്. ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെയൊരു പരമ്പര നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ നേട്ടം
ജൂനിയര്‍ ടീമിനൊപ്പം ലോകകിരീടമുള്‍പ്പെടെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവയേക്കാള്‍ മുകളിലാണ് ഈ പരമ്പര വിജയത്തിന്റെ സ്ഥാനമെന്ന് കോലി അഭിപ്രായപ്പെട്ടു. തന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ നേട്ടം എന്തെന്ന് ചോദിച്ചാല്‍ ഈ പരമ്പര വിജയം എന്നാവും മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞത് വലിയ അഭിമാനവും അംഗീകാരവുമാണ്. ടീമിലെ താരങ്ങളെല്ലാം ക്യാപ്റ്റന് മികച്ച പിന്തുണയേകിയെന്നും കോലി ചൂണ്ടിക്കാട്ടി.

ലോകകപ്പ് വിജയം
2011ല്‍ ഇന്ത്യ അവസാനമായി ലോക ചാംപ്യന്‍മാരായപ്പോള്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു താന്‍. അന്നു ടീമിലെ മറ്റുള്ളവരെല്ലാം കിരീടവിജത്തിനു ശേഷം വൈകാരികമായി പ്രതികരിച്ചപ്പോള്‍ തനിക്കു അങ്ങനെ തോന്നിയിരുന്നില്ലെന്നു കോലി പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരേ ഈ പരമ്പരയില്‍ നേടിയ വിജയം അന്നത്തെ ലോകകപ്പ് ജയത്തേക്കാള്‍ ആഹ്ലാദം നല്‍കുന്നു. ഇതോടെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് മറ്റുള്ളവര്‍ക്കുള്ള ധാരണ തന്നെ മാറുമെന്നുറപ്പാണ്. ഇത്രയും കാലം ഇന്ത്യ ആഗ്രഹിച്ചതും അതു തന്നെയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

പുജാരയെ പ്രശംസിച്ചു
തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യയുടെ ഹീറോയായി മാറിയ ചേതേശ്വര്‍ പുജാരയെ കോലി പ്രത്യേകം അഭിനന്ദിച്ചു. കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത് പുജാരയായിരുന്നു.
പുജാരയുടെ പ്രകടനത്തെ അവിസ്മരീയമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. തൊട്ടുമുമ്പത്തെ പര്യടനത്തിലെ മോശം പ്രകടനത്തിന് അദ്ദേഹം ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. കാര്യങ്ങള്‍ അംഗീകരിക്കാനും സ്വന്തം കളി മെച്ചപ്പെടുത്താന്‍ ശ്രമിക്കാനും മടിയില്ലാത്ത താരമാണ് പുജാര. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ടീമിന് ഏറെ സന്തോഷമുണ്ട്. പുജാര മാത്രമല്ല, ബാറ്റിങില്‍ എല്ലാവരില്‍ നിന്നും നല്ല സംഭാവനയാണ് ലഭിച്ചതെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications