മെല്‍ബണ്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനൊപ്പം (77) ട്രവിസ് ഹെഡാണ് (25) ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ടില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ജോ ബേണ്‍സിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടുകെട്ടുമായി ഡേവിഡ് വാര്‍ണറും ലാബുഷാനെയും (63) ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സിന് അടിത്തറപാകി. വാര്‍ണര്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ സ്മിത്തും പതിവ് ഫോം തുടര്‍ന്നതോടെ ഓസീസ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തി. ലാബുഷാനെ മടങ്ങിയ ശേഷം ക്രീസിലെത്തിയ മാത്യു വേഡ് (38) അല്‍പ്പ സമയത്തെ ചെറുത്ത് നില്‍പ്പിന് ശേഷം മടങ്ങി.

ന്യൂസീലന്‍ഡിന് വേണ്ടി കോളിന്‍ ഡി ഗ്രാന്റ്‌ഹോം രണ്ടും ട്രന്റ് ബോള്‍ട്ട് നെയ്ല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചതിനാല്‍ അഭിമാനം കാക്കാന്‍ കിവീസിന് ജയം അനിവാര്യമാണ്.