പെര്‍ത്ത്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം. 296 റണ്‍സിനാണ് കിവീസിനെ ഓസീസ് നാണംകെടുത്തിയത്. ഓസീസ് മുന്നോട്ടുവെച്ച് 468 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് 171 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീതം പങ്കിട്ട മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലയോണുമാണ് ന്യൂസീലന്‍ഡിന് തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സ്റ്റാര്‍ക്കാണ് കളിയിലെ താരം.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശക നിരയില്‍ 40 റണ്‍സ് നേടിയ ബിജെ വാല്‍ട്ടിങ്ങാണ് ടോപ് സ്‌കോറര്‍. കോളിന്‍ ഡി ഗ്രാന്റ്‌ഹോം (33),റോസ് ടെയ്‌ലര്‍ (22) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ജീത്ത് റാവല്‍ (1), ടോം ലാദം (18), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (14), ഹെന്റി നിക്കോള്‍സ് (21), മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. പാറ്റ് കമ്മിന്‍സ് ഓസീസിനുവേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സെടുത്തപ്പോള്‍ ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 166 റണ്‍സില്‍ അവസാനിച്ചു. ലാബുഷാനെയുടെ (143) സെഞ്ച്വറിയാണ് ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനെ തുണച്ചത്. ട്രവിസ് ഹെഡ് (56) അര്‍ധ സെഞ്ച്വറിയും നേടി. ന്യൂസീലന്‍ഡിന് വേണ്ടി ടിം സൗത്തി നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സിന് മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് റോസ് ടെയ്‌ലറാണ് (80). ആദ്യ ഇന്നിങ്‌സില്‍ നേടിയ 250 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 217 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലാബുഷാനെയും (50)ജോ ബേണ്‍സുമാണ് (53) ഓസ്‌ട്രേലിയക്കുവേണ്ടി തിളങ്ങിയത്.