ജയം ഇവരുടെ വീക്ക്‌നെസ്... ഏകദിനത്തില്‍ ഈ വര്‍ഷത്തെ ടോപ്പ് ഫൈവ്, ഇന്ത്യ രണ്ടാമത്
മുംബൈ: ഏകദിന ക്രിക്കറ്റില്‍ ചില ടീമുകളുടെ മാസ്മരിക പ്രകടനം കണ്ട വര്‍ഷമായിരുന്നു ഇത്. മുന്‍ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനു ലോകകപ്പില്‍ കളിക്കാന്‍ യോഗ്യതാ ടൂര്‍ണമെന്റ് കളിക്കേണ്ടിവന്നതും ഇംഗ്ലണ്ടിനെ സ്‌കോട്ട്‌ലാന്‍ഡ് ഞെട്ടിച്ചതുമെല്ലാം 2018ലെ പ്രധാന സംഭവങ്ങളാണ്. ടീമുകള്‍ മാത്രമല്ല ചില താരങ്ങളും അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ലോകകപ്പിന് ആറു മാസം മാത്രം ശേഷിക്കെ തങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനും ടീമുകള്‍ക്കു ഈ വര്‍ഷം കഴിഞ്ഞു. ഏകദിനത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ച ടീമുകള്‍ ആരൊക്കെയെന്നു നോക്കാം.

ദക്ഷിണാഫ്രിക്ക (52.94 %)
ഏകദിത്തില്‍ ഈ വര്‍ഷം നേടിയ ജയങ്ങളുടെ കണക്ക് വിലയിരുത്തുമ്പോള്‍ അഞ്ചാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന ഈ വര്‍ഷത്തെ ആദ്യ ഏകദിന പരമ്പരയില്‍ 1-5നു നാണംകെട്ടെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് അവര്‍ നടത്തിയത്.
ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-2നു നേടിയ ദക്ഷിണാഫ്രിക്ക സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു കളികളുടെ പരമ്പര തൂത്തുവാരുകയും ചെയ്തു. അവസാനമായി ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു തോല്‍പ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. ഈ വര്‍ഷത്തെ 17 ഏകദിനങ്ങളില്‍ ഒമ്പതെണ്ണത്തിലാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.

അഫ്ഗാനിസ്താന്‍ (60%)
അസോസിയേറ്റ് രാജ്യമെന്ന നിലയില്‍ നിന്നും ഏതു വമ്പന്‍മാരെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ള ടീമെന്ന നിലയിലേക്കു അഫ്ഗാനിസ്താന്‍ വളരുന്നത് ഈ വര്‍ഷമാണ്. ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ വിന്‍ഡീസിനെ ഞെട്ടിച്ച് ജേതാക്കളായ അഫ്ഗാന്‍ നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‌വെയെ 4-1നും മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അയര്‍ലാന്‍ഡിനെ 2-1നും തോല്‍പ്പിച്ചു.
ഏഷ്യാ കപ്പിന്റെ സൂപ്പര്‍ സിക്‌സില്‍ കടക്കാന്‍ കഴിഞ്ഞ അഫ്ഗാന്‍ ഇന്ത്യയെ സമനിലയില്‍ തളച്ചും വിസ്മയിപ്പിച്ചു. ഈ വര്‍ഷം കളിച്ച 20 ഏകദിനങ്ങളില്‍ 12 എണ്ണത്തിലാണ് അഫ്ഗാന്‍ ജയം കൊയ്തത്.

ബംഗ്ലാദേശ് (65%)
ഏഷ്യയിലെ മറ്റൊരു മുന്‍നിര ടീമായി ബംഗ്ലാദേശ് മാറുന്നതും ഈ വര്‍ഷം ക്രിക്കറ്റ് ലോകം കണ്ടു. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ തോറ്റെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര അവര്‍ 2-1ന് സ്വന്തമാക്കി.
ഏഷ്യാ കപ്പിലും ഗംഭീര പ്രകടനമാണ് അഫ്ഗാന്‍ കാഴ്ചവച്ചത്. ഫൈനലില്‍ അവസാന പന്തില്‍ ഇന്ത്യയോട് അവര്‍ ുപൊരുതി വീഴുകയായിരുന്നു. അവസാനമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സിംബാബ്‌വെയെ 3-0നു തൂത്തുവാരാന്‍ ബംഗ്ലാ കടുവകള്‍ക്കു കഴിഞ്ഞു. ഈ വര്‍ഷം കളിച്ച 20 ഏകദിനങ്ങളലില്‍ 13 എണ്ണത്തില്‍ ബംഗ്ലാദേശ് ജയം കൊയ്തു.

ഇന്ത്യ (70%)
ഏഷ്യാ കപ്പ് കിരീട വിജയമടക്കം പല മികച്ച നേട്ടങ്ങളും ടീം ഇന്ത്യയെ തേടിയെത്തിയ വര്‍ഷമായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ 5-1ന് മുക്കിയാണ് ഇന്ത്യ ഈ വര്‍ഷം തുടങ്ങിയത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയം കൂടിയായിരുന്നു ഇത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ തൊട്ടടുത്ത പരമ്പര ഇന്ത്യ 1-2നു കൈവിട്ടു. തുടര്‍ന്നു നടന്ന ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടി ഇന്ത്യ തിരിച്ചുവന്നു. അവസാനമായി വിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന നാലു കളികളുടെ പരമ്പര 3-1നും ഇന്ത്യ പോക്കറ്റിലാക്കി. ഈ വര്‍ഷം കളിച്ച 20 ഏകദിനങ്ങളില്‍ 14 എണ്ണത്തിലാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.

ഇംഗ്ലണ്ട് (70.83%)
ഏകദിനത്തില്‍ ഈ വര്‍ഷത്തെ രാജാക്കന്‍മാര്‍ ഇംഗ്ലണ്ടാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ടേലിയയെ 4-1ന് തകര്‍ത്താണ് ഇംഗ്ലണ്ട് ഈ വര്‍ഷം തുടങ്ങിയത്. തുടര്‍ന്നു ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയും ഇംഗ്ലണ്ട് 3-2ന് വരുതിയിലാക്കി. ഇതിനു ശേഷം ഓസ്‌ട്രേലിയയെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ തൂത്തുവാരിയ ഇംഗ്ലീഷുകാര്‍ മൂന്നു കളികളുടെ പരമ്പരയില്‍ ഇന്ത്യയെ 2-1നും തോല്‍പ്പിച്ചു.
അവസാനമായി ശ്രീലങ്കയ്‌ക്കെതിരേ നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1നും കൈക്കലാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു. ഈ വര്‍ഷം കളിച്ച 24 ഏകദിനങ്ങളില്‍ 17 എണ്ണത്തിലും ഇംഗ്ലണ്ട് ജയം കൊയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications