ലണ്ടന്‍: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റും ഇന്ത്യ തോല്‍ക്കും. ഓരോ കളി കഴിയുന്തോറും ഫോമൗട്ടിന്റെ പടുകുഴിയിലേക്ക് വീഴുകയാണ് ടീം ഇന്ത്യ. മറുവശത്ത് ആത്മവിശ്വാസത്തിന്റെ നിറുകയിലാണ് ഇംഗ്ലണ്ട്. ഫോമിലുള്ള ബൗളിംഗ് - ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റും, സ്വന്തം നാട്ടിലെ കളിയും ഇംഗ്ലണ്ടിനെ തികച്ചും അപകടകാരികളാക്കുന്നു.
സമനില കൊണ്ട് പോലും രക്ഷയില്ല, പരമ്പര കൈവിടാതിരിക്കാന്‍ ജയം കൂടിയേ തീരൂ എന്ന അവസ്ഥയിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ദയനീയമായി തോറ്റ ഇന്ത്യയ്ക്ക് ഇനിയൊരു പരമ്പര കൂടി നഷ്ടപ്പെടുന്നത് ഓര്‍ക്കാന്‍ കൂടി വയ്യ. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിദേശ തോല്‍വിയുടെ ലോകറെക്കോര്‍ഡിലേക്ക് കുതിക്കുന്ന ധോണിക്ക് മേല്‍ തന്നെയാണ് സമ്മര്‍ദ്ദം.

ക്യാപ്റ്റന്‍ ധോണിയും കോച്ച് ഡങ്കന്‍ ഫ്ലെച്ചറും മാറുക എന്ന ആവശ്യം ഇപ്പഴേ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ലോകകപ്പ് വിജയത്തോടെ ഗാരി കിര്‍സ്റ്റണ്‍ രാജിവെച്ച ഒഴിവിലേക്കാണ് ഫ്ലെച്ചര്‍ വന്നത്. എന്നാല്‍ കിര്‍സ്റ്റണെപ്പോലെ ഒരു ഹിറ്റാകാന്‍ ഫ്ലെച്ചറിന് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടുകാരനായ ഫ്ലെച്ചറിന് ഇംഗ്ലണ്ടിലെ കാലാവസ്ഥയും പിച്ചും പോലും കളിക്കാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റുന്നില്ലേ എന്നാണ് മുന്‍ താരങ്ങളുടെ ചോദ്യം.
ധോണിയുടെ തന്ത്രങ്ങളും ബാറ്റിംഗും അവസരത്തിനൊത്ത് ഉയരുന്നില്ല എന്നും ആക്ഷേപമുണ്ട്. ടീം തിരഞ്ഞെടുപ്പിലെ പക്ഷപാതിത്വമാണ് മറ്റൊരു പ്രശ്‌നം. ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കും ഗൗതം ഗംഭീറിനെയും അശ്വിനെയും ടീമിലെടുക്കാതിരുന്നതും എന്തുകൊണ്ട് എന്ന് ചോദ്യം ഉയരുന്നുണ്ട്. മോശം ഫോമിലാണെങ്കിലും വിരാട് കോലി, ചേതേശ്വര്‍ പൂജാര തുടങ്ങിയവരുടെ സ്ഥാനത്തിന് തല്‍ക്കാലം ഭീഷണിയില്ല.