വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തയ്യാറെടുപ്പുകളില്‍ അലംഭാവം, പാഠം പഠിക്കാതെ ടീം ഇന്ത്യ

കാര്യമൊക്കെ ശരിയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയിട്ട് ഇതുവരെ ഒരു മത്സരം മാത്രമാണ് ഇന്ത്യ തോറ്റത്. വിരാട് കോലി പറഞ്ഞതുപോലെ ഒരു കളി തോറ്റെന്നും കരുതി ലോകം അവസാനിക്കില്ല. എന്നാല്‍ പറഞ്ഞുവരുമ്പോള്‍ തയ്യാറെടുപ്പില്‍ ഇന്ത്യ കാട്ടിയ അലംഭാവമല്ലേ വെല്ലിങ്ടണില്‍ തോല്‍വി പിണയാനുള്ള പ്രധാന കാരണം? ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഒരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. ഇതാകട്ടെ കരുതിയതിലും നേരത്തെ അവസാനിച്ചു.

Lack of preparation led to India's downfall in the 1st Test | Oneindia Malayalam
സന്നാഹമത്സരം

മത്സരം സമനിലയിലേക്ക് ചെല്ലുന്നതു കണ്ട് ഇരു ടീമുകളും പരസ്പരധാരണയോടെ കളി മതിയാക്കുകയായിരുന്നു. എന്തിനാണ് സന്നാഹമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്? ഉത്തരം ലളിതം, സന്ദര്‍ശക ടീമിന് പുതിയ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാനുള്ള സാഹചര്യം ഒരുക്കാന്‍. എന്നാല്‍ ഇക്കാര്യം ഇന്ത്യ സൗകര്യപൂര്‍വം മറന്നു.

ആദ്യമായല്ല

കഴിഞ്ഞ ഒരു മാസമായി ന്യൂസിലാന്‍ഡില്‍ ക്രിക്കറ്റ് കളിക്കുന്നതുകൊണ്ട് സന്നാഹമത്സരത്തെ ടീം ഇന്ത്യ ഗൗരവപൂര്‍വം എടുത്തില്ല. ഫലമോ, വെല്ലിങ്ടണില്‍ നാലാം ദിനം (ആദ്യ സെഷനില്‍ത്തന്നെ) കോലിയും സംഘവും തോല്‍വി ഏറ്റുവാങ്ങി.

ഇതാദ്യമായല്ല വിദേശ പര്യടനത്തില്‍ സന്നാഹമത്സരങ്ങളോട് ഇന്ത്യ വിമുഖത കാട്ടുന്നത്. 2018 -ലെ ദക്ഷിണാഫ്രിക്കാ പര്യടനത്തില്‍ ഒരു സന്നാഹമത്സരം പോലും കളിക്കാന്‍ കൂട്ടാക്കാതെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങിയത്. അന്ന് ആദ്യത്തെ രണ്ടു ടെസ്റ്റ് മത്സരങ്ങളും ടീം തോറ്റു; പരമ്പര അടിയറവു വെച്ചു.

പതറി

ഇതേവര്‍ഷം ഇംഗ്ലണ്ടില്‍ ചെന്നപ്പോഴും ഒരു സന്നാഹമത്സരം മാത്രം കളിക്കാന്‍ ഇന്ത്യ കൂട്ടാക്കി. അവിടെയും ടെസ്റ്റ് പരമ്പരയില്‍ തോല്‍വി രുചിച്ചു ടീം ഇന്ത്യ. ന്യൂസിലാന്‍ഡ് പര്യടനത്തിലും കഥ മറ്റൊന്നല്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ദിനം മുതല്‍ക്കെ പതറി. സ്വന്തം നാട്ടിലെ വരണ്ട ഫ്‌ളാറ്റ് പിച്ചുകളില്‍ നിന്നും ന്യൂസിലാന്‍ഡിലെ പച്ചപ്പാര്‍ന്ന പിച്ചിലേക്ക് വന്നപ്പോഴേക്കും പന്തിന്റെ വേഗവും ഗതിയുമറിയാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കുഴങ്ങി.

നിർണായകം

സന്നാഹമത്സരത്തെ കുറച്ചുകൂടി ഗൗരവപൂര്‍വം കണ്ടിരുന്നെങ്കില്‍ ഈ പ്രതിസന്ധി ടീമിന് മറികടക്കാമായിരുന്നു. സന്നാഹമത്സരത്തില്‍ തിളങ്ങിയ റിഷഭ് പന്ത് വെല്ലിങ്ടണിലെ രണ്ടു ഇന്നിങ്‌സിലും കിവി ബൗളര്‍മാരെ ചെറുത്തുനിന്നത് ആരാധകര്‍ കാണുകയുണ്ടായി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രണ്ട് സന്നാഹമത്സരങ്ങളെങ്കിലും കളിക്കാന്‍ ഇന്ത്യ തയ്യാറാവണം. വിദേശ പര്യടനങ്ങളില്‍ ഇതു നിര്‍ണായകവുമാണ്. എങ്കില്‍ മാത്രമേ ആരാണ് ഫോമില്‍ തുടരുന്നതെന്ന കാര്യം വ്യക്തമാവൂ.

ഓസ്ട്രേലിയ പരീക്ഷിച്ചു

അടുത്തടുത്ത് നിശ്ചയിക്കുന്ന ഇന്ത്യയുടെ മത്സരക്രമമാണ് സന്നാഹമത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള പ്രധാന വെല്ലുവിളി. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച ടീമായി ഉയരണമെങ്കില്‍ വിദേശ സാഹചര്യങ്ങള്‍ പഠിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി പരിമിത ഓവര്‍ ക്രിക്കറ്റ് ക്രമത്തില്‍ ചെറിയ വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടതായി വരും. നേരത്തെ, ഓസ്‌ട്രേലിയന്‍ ടീം ഈ നടപടി കൈക്കൊണ്ടിരുന്നു.

ഇന്ത്യയ്ക്കും പാഠം

രണ്ടു വര്‍ഷം മുന്‍പ് ശ്രീലങ്കയുമായുള്ള ട്വന്റി-20 ഹോം പരമ്പരയ്ക്ക് രണ്ടാംനിര ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയോഗിച്ചത്. അവരുടെ സീനിയര്‍ ടീം നടക്കാനിരുന്ന വിദേശ പര്യടനം മുന്‍നിര്‍ത്തി നേരത്തെതന്നെ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പറന്നു, സന്നാഹമത്സരങ്ങള്‍ക്കായി. വിദേശ നാടുകളില്‍ മികവ് പുലര്‍ത്തണമെങ്കിലും ഇന്ത്യയും സമാനമായ നടപടിയെ ചിന്തിച്ചു തുടങ്ങണം.

വിനയാവും

സ്വന്തം നാട്ടിലെ പരമ്പര ജയങ്ങള്‍കൊണ്ടുമാത്രം ലോകത്തെ ഏറ്റവും മികച്ച ടീമായി മാറാന്‍ കഴിയില്ലെന്ന ബോധ്യം ബിസിസിഐക്ക് വേണം. ക്രിക്കറ്റിലെ ശക്തമായ ടീമുകളില്‍ ഒന്നാണ് ഇന്ത്യ. ഇതില്‍ തര്‍ക്കമില്ല. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ലോകോത്തര താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. എന്നാല്‍ പ്രതികൂലമായ സാഹചര്യങ്ങളില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താതിരിക്കുന്നത് ഇന്ത്യയ്ക്ക് വിനയാവും.

Story first published: Tuesday, February 25, 2020, 11:57 [IST]
Other articles published on Feb 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X