ടാക്റ്റിക്കൽ ബ്ലണ്ടർ! ശ്രേയസ് അയ്യർക്കും ഗൗതം ഗംഭീറിനും മാഞ്ചസ്റ്ററിൽ പിഴച്ചത് ഒന്നല്ല, ഒരുപാടിടത്ത്!
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ വഴങ്ങിയ 4 വിക്കറ്റിന്റെ പരാജയം വെറുമൊരു തോൽവി മാത്രമല്ല, മറിച്ച് ടീം മാനേജ്‌മെന്റിന്റെ കടുത്ത തന്ത്രപരമായ പരാജയങ്ങളുടെ ആവർത്തനം കൂടിയാണ്. ഒട്ടനവധി നാണക്കേടിന്റെ റെക്കോർഡുകൾ സമ്മാനിച്ച ഈ മത്സരത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഹെഡ് കോച്ച് ഗൗതം ഗംഭീറും എടുത്ത ചില തീരുമാനങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്.
അയർലൻഡിനെതിരെയുള്ള തൊട്ടുമുമ്പത്തെ പരമ്പരയിൽ തകർപ്പൻ പ്രകടനം നടത്തിയ ഒരു യുവതാരത്തെ പുറത്തിരുത്തിയതും, ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ടീമിനെ തിരഞ്ഞെടുത്തതുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത് എന്നാണ് പൊതുവെ ഉള്ള അഭിപ്രായം

ഫോമിലുള്ള പ്രിൻസ് യാദവിനെ എന്തിന് ഒഴുവാക്കി?
അയർലൻഡിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, ടീമിന് ലഭിച്ച ഏറ്റവും വലിയ പോസിറ്റീവ് ഫാസ്റ്റ് ബൗളർ പ്രിൻസ് യാദവിന്റെ മിന്നും പ്രകടനമായിരുന്നു. തന്റെ അരങ്ങേറ്റ ടി20യിൽ വെറും 22 റൺസ് മാത്രം വഴങ്ങി 3 നിർണായക വിക്കറ്റുകളാണ് പ്രിൻസ് വീഴ്ത്തിയത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പോലെയുള്ള, പേസ് ബൗളിംഗിനെ കഠിനമായി പിന്തുണയ്ക്കുന്ന 'സീമിംഗ്' സാഹചര്യങ്ങളിൽ പ്രിൻസിനെപ്പോലെയുള്ള ഒരു ഇൻ-ഫോം ഫാസ്റ്റ് ബൗളർ ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നു.
ഇവർ പ്രിൻസിന് പകരം ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയെ ടീമിലേക്ക് കൊണ്ടുവന്നു. ഇംഗ്ലീഷ് പിച്ചുകളിൽ ഫാസ്റ്റ് ബൗളർമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഒരു സ്പിന്നറെ അധികമായി ഉൾപ്പെടുത്തിയ മാനേജ്‌മെന്റിന്റെ ഈ ചിന്താഗതിയാണ് കളിയിലെ ആദ്യത്തെ വലിയ പിഴവ്.
തിരിച്ചടിച്ച ബിഷ്‌ണോയിയുടെ സെലക്ഷൻ
ടീം സെലക്ഷനിലെ പാകപ്പിഴവുകൾ മൈതാനത്ത് കൃത്യമായി ദൃശ്യമായി. പേസർമാർക്ക് അനുകൂലമായ പിച്ചിൽ ഇംഗ്ലീഷ് ബാറ്റർമാരെ തടഞ്ഞുനിർത്താൻ രവി ബിഷ്‌ണോയിക്ക് സാധിച്ചതേയില്ല. 4 ഓവറിൽ വിക്കറ്റൊന്നും നേടാനാകാതെ 60 റൺസാണ് താരം വിട്ടുകൊടുത്തത്. ഇതിൽ 3 നോബോളുകളും ഉൾപ്പെടുന്നു. ബൗളർമാർ തല്ലുവാങ്ങുന്നതോടെ ക്യാപ്റ്റൻ എന്ന നിലയിൽ ശ്രേയസ് അയ്യറുടെ പ്ലാനുകൾ പാളുന്നതാണ് മാഞ്ചസ്റ്ററിൽ കണ്ടത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 190 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അർഷ്ദീപ് സിംഗ് പ്രതിരോധത്തിലാക്കിയിരുന്നു. കളിയിൽ ഫാസ്റ്റ് ബൗളർമാർക്ക് വ്യക്തമായ മേധാവിത്വം ഉണ്ടായിരുന്നിട്ടും, മത്സരത്തിന്റെ വിധി നിർണ്ണയിച്ച 17-ാം ഓവർ എറിയാൻ അയ്യർ പന്ത് ഏൽപ്പിച്ചത് കടുത്ത സമ്മർദ്ദത്തിലായിരുന്ന ബിഷ്‌ണോയിയെ ആയിരുന്നു.
ആ ഒരൊറ്റ ഓവർ; ഇന്ത്യയുടെ പരാജയം ഉറപ്പിച്ചു
മത്സരത്തിലെ ഏറ്റവും വലിയ 'ടാക്റ്റിക്കൽ ബ്ലണ്ടർ' ആയിരുന്നു ആ 17-ാം ഓവർ. ക്രീസിലുണ്ടായിരുന്ന ജേക്കബ് ബെഥേൽ ബിഷ്‌ണോയിയെ നിലംതൊടാതെ തല്ലി. രണ്ട് നോബോളുകൾ കൂടിയായതോടെ ആ ഓവറിൽ 3 സിക്സറുകളും 1 ഫോറുമടക്കം 29 റൺസാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഈ ഒരൊറ്റ ഓവറോടെ കളി പൂർണ്ണമായും ഇന്ത്യയുടെ കൈകളിൽ നിന്നും നഷ്ടപ്പെടുകയും ഇംഗ്ലണ്ട് ഒരു ഓവർ ബാക്കിനിൽക്കെ ലക്ഷ്യം കാണുകയും ചെയ്തു.
അയർലൻഡിനോട് 0-2 ന് പരമ്പര തോറ്റതിന് പിന്നാലെ ഇംഗ്ലണ്ടിലും തന്ത്രങ്ങൾ മെനയുന്നതിൽ ഗംഭീർ-അയ്യർ സഖ്യത്തിന് കനത്ത പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഫോമിലുള്ള കളിക്കാരെ പുറത്തിരുത്തി പിച്ചിന് അനുയോജ്യമല്ലാത്ത ഇലവനെ തിരഞ്ഞെടുത്തത് തന്നെയാണ് ഈ നാണംകെട്ട തോൽവിക്ക് പ്രധാന കാരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications