മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ചരിത്രം ഉറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിച്ചു. ട്വന്റി 20 ക്രിക്കറ്റ് പരമ്പര നേടിയാണ് ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതിയത്. തുടര്‍ച്ചയായ രണ്ടാം കളിയിലും ജയിച്ച ഇന്ത്യ ഒരു മത്സരം ബാക്കി നില്‍ക്കേയാണ് പരമ്പര കൈപ്പിടിയിലാക്കിയത്. നിലവിലെ സ്‌കോര്‍ ഇന്ത്യ - 2, ഓസ്‌ട്രേലിയ - 0.
മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. പത്ത് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിച്ചത്. മഴ ഇടപെട്ടതോടെ ഇന്ത്യയുടെ വിജയലക്ഷ്യം പത്തോവറില്‍ 66 റണ്‍സായി മാറ്റി നിശ്ചയിച്ചിരുന്നു. 5 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ വിജയം കണ്ടു. ക്യാപ്റ്റന്‍ മിഥാലി രാജ് (37 നോട്ടൗട്ട്) സ്മൃതി (22 നോട്ടൗട്ട്) എന്നിവര്‍ വിക്കറ്റ് നഷ്ടമൊന്നും കൂടാതെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ നിശ്ചിത 18 ഓവറില്‍ വെറും 118 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഫാസ്റ്റ് ബൗളര്‍ ജുലന്‍ ഗോസ്വാമി നാലോവറില്‍ 16 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്ക് വാദും രണ്ട് വിക്കറ്റെടുത്തു. ആദ്യ മത്സരം അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ ജയിച്ചത്. ഇതാദ്യമായിട്ടാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ട്വന്റി 20 പരമ്പര ജയിക്കുന്നത്.