T20 World Cup: ഒമാനെ തകര്‍ത്ത് ബംഗ്ലാദേശിന്റെ തിരിച്ചുവരവ്, സ്‌കോട്ട്‌ലാന്‍ഡിനു രണ്ടാം ജയം

അല്‍ അമെറാത്ത്: ടി20 ലോകകപ്പിന്റെ ക്വാളിഫയറിലെ ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സ്‌കോട്ട്‌ലാന്‍ഡ് സൂപ്പര്‍ 12നു തൊട്ടരികിലെത്തിയപ്പോള്‍ ബംഗ്ലാദേശ് ആദ്യ ജയത്തോടെ പ്രതീക്ഷ കാത്തു. ആദ്യ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കിയാണ് ഒമാനെതിരേ ഇറങ്ങിയത്. ആതിഥേയര്‍ കൂടിയായ ഒമാനെ 26 റണ്‍സിനു കെട്ടുകെട്ടിച്ച് ബംഗ്ലാദേശ് സൂപ്പര്‍ 12 സാധ്യത നിലനിര്‍ത്തി.

ഒമാനെതിരേ ടോസ് ബംഗ്ലാദേശിനായിരുന്നു. നായകന്‍ മഹമ്മുദുള്ള ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. നിശ്ചിത ഓവറില്‍ 153 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി. ഓപ്പണര്‍ മുഹമ്മദ് നയീം (64), ഷാക്വിബുല്‍ ഹസന്‍ (42) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്. 50 ബോളില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് നയീം ടീമിന്റെ അമരക്കാരനായത്. ഷാക്വിബ് 29 ബോളില്‍ ആറു ബൗണ്ടറികളും നേടി. നായകന്‍ മഹമ്മുദുള്ളയാണ് (17) രണ്ടക്കം കടന്ന മറ്റൊരാള്‍. ഒമാനു വേണ്ടി ബിലാല്‍ ഖാനും ഫയാസ് ബട്ടും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. കലീമുള്ളയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിങില്‍ ഒമാനെ ഒമ്പതു വിക്കറ്റിനു 127 റണ്‍സില്‍ ബംഗ്ലാദേശ് പിടിച്ചുകെട്ടി. ഇന്ത്യന്‍ വംശജനായ ജതീന്ദര്‍ സിങാണ് 40 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത്. 33 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. കാശ്യപ് പ്രജാപതി 21 റണ്‍സുമെടുത്തു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലും ഷാക്വിബും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സൈഫുദ്ദീനും മെഹദി ഹസനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മറ്റൊരു മല്‍സരത്തില്‍ പപ്പുവ ന്യു ഗ്വിനിയെയാണ് സ്‌കോട്ട്‌ലാന്‍ഡ് 17 റണ്‍സിനു തകര്‍ത്തുവിട്ടത്. നേരത്തേ ആദ്യ കളിയില്‍ ബംഗ്ലാദേശിനെയും അവര്‍ വീഴ്ത്തിയിരുന്നു. ആറു റണ്‍സിനായിരുന്നു സ്‌കോട്ടിഷ് ടീം ജയിച്ചു കയറിയത്. ടോസിനു ശേഷം സ്‌കോട്ടിഷ് ക്യാപ്റ്റന്‍ കൈല്‍ കോട്‌സെര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 165 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. മറുപടിയില്‍ പപ്പുവ ന്യു ഗ്വിനി നന്നായി തന്നെ പൊരുതി. എന്നാല്‍ മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ 148 റണ്‍സിന് അവര്‍ പുറത്താവുകയായിരുന്നു. 47 റണ്‍സെടുത്ത നോര്‍മാന്‍ വന്വയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 37 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സെസെ ബൗ (24), കിപ്ലിന്‍ ഡൊറിഗ (18), ക്യാപ്റ്റന്‍ ആസാദ് വാല (18), ചാഡ് സോപെര്‍ (16) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സ്‌കോട്ടിഷ് ടീമിനു വേണ്ടി ജോഷ് ഡേവി നാലു വിക്കറ്റുകള്‍ വീഴ്ത്തി. 3.3 ഓവറില്‍ 18 റണ്‍സ് വഴങ്ങിയായിരുന്നു ഇത്.

നേരത്തേ റിച്ചി ബെറിങ്ടണിന്റെ (70) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് സ്‌കോട്ട്‌ലാന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. 49 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ബെറിങ്ടണ്‍ ടീമിന്റെ അമരക്കാരനായത്. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസാണ് (45) മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. 36 ബോളില്‍ അദ്ദേഹം രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. പപ്പുവ ന്യു ഗ്വിനിക്കു വേണ്ടി കാബുവ മൊറേയ നാലു വിക്കറ്റുകളെടുത്തപ്പോള്‍ ചാഡ് സോപ്പര്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി. ബെറിങ്ടണാണ് മാന്‍ ഓഫ് ദി മാച്ച്.

ഒരു ഘട്ടത്തില്‍ സ്‌കോട്ട്‌ലാന്‍ഡ് രണ്ടു വിക്കറ്റിനു 26 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ബെറിങ്ടണ്‍- ക്രോസ് സഖ്യം ചേര്‍ന്നെടുത്ത 92 റണ്‍സ് സ്‌കോട്ട്‌ലാന്‍ഡിനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. അവരുടെ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

Photo credit

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, October 19, 2021, 19:54 [IST]
Other articles published on Oct 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X