T20 World Cup: അടിയോടടി, കൈയടിച്ച് സാനിയയും- രാഹുലിന്റെ റെക്കോര്‍ഡിനൊപ്പം ഇനി മാലിക്കും

ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ മിന്നല്‍ ഫിഫ്റ്റി ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. രണ്ടു ദിവസത്തിനു ശേഷം ഇതേ പ്രകടനം മറ്റൊരാള്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. പാകിസ്താന്റെ വെറ്ററന്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷുഐബ് മാലിക്കാണ് ഇത്തവണത്തെ ടൂര്‍ണമെന്റിലെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പമെത്തിയത്. രാഹുലിനെപ്പോലെ തന്നെ മാലിക്കിനും അര്‍ധസെഞ്ച്വറിയിലെത്താന്‍ 18 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ഭാര്യയും ഇന്ത്യയുടെ ടെന്നീസ് താരവുമായ സാനിയാ മിര്‍സയെയും മകനെയും സാക്ഷി നിര്‍ത്തിയായിരുന്നു സ്‌കോട്ട്‌ലാന്‍ഡ് ബൗളര്‍മാരെ മാലിക്ക് തല്ലിപ്പരുവമാക്കിയത്.

സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേയായിരുന്നു മാലിക്കിന്റെ തീപ്പൊരി ഫിഫ്റ്റി. 17 ബോളുകളില്‍ 48 റണ്‍സെടുത്തു നില്‍ക്കെ അടുത്ത ബോള്‍ സിക്‌സറിലേക്കു പായിച്ചായിരുന്നു മാലിക്ക് ഫിഫ്റ്റി തികച്ചത്. പാക് ഇന്നിങ്‌സിലെ അവസാനത്തെ ബോള്‍ കൂടിയായിരുന്നു ഇത്. ആറു സിക്‌സറും ഒരു ബൗണ്ടറിയും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 54 റണ്‍സോടെ മാലിക്ക് പുറത്താവാതെ നിന്നു.

മാലിക്കും രാഹുലും ഒരേ എതിരാളികള്‍ക്കെതിരേയാണ് അതിവേഗ ഫിഫ്റ്റിയടിച്ചത് എന്നൊരു സാദൃശ്യമുണ്ട്. സ്‌കോട്ട്‌ലാന്‍ഡിനെതിരേ തന്നെയായിരുന്നു രാഹുലിന്റെയും ഫിഫ്റ്റി. 18 ബോളില്‍ ആറു ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തിയായിരുന്നു രാഹുല്‍ ഫിഫ്റ്റിയിലെത്തിയത്. തൊട്ടടുത്ത ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു.

മാലിക്കിന്റെ ഇന്നിങ്‌സിലേക്കു വരികയാണെങ്കില്‍ ഇതു പാകിസ്താന്റെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ടി20യുടെ ചരിത്രത്തില്‍ ഒരു പാക് താരത്തിന്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയായി ഇതു മാറി. നേരത്തേ മുന്‍ താരം ഉമര്‍ അക്മലിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരേ എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ 21 ബോളുകളില്‍ അക്മല്‍ ഫിഫ്റ്റിയടിച്ചതായിരുന്നു മുന്‍ റെക്കോര്‍ഡ്. ഇതാണ് മാലിക്ക് പഴങ്കഥയാക്കിയിരിക്കുന്നത്. വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റിയും അക്മലിന്റെ പേരിലാണ്. 2016ല്‍ ഹാമില്‍റ്റണില്‍ നടന്ന ടി20യില്‍ ന്യൂസിലാന്‍ഡിനെതിരേ 22 ബോളുകളില്‍ താരം ഫിഫ്റ്റിയിലെത്തിയിരുന്നു.

അതേസമയം, ടി20 ലോകകപ്പിലെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ അതിവേഗ ഫിഫ്റ്റിയെന്ന ലോക റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പേരിലാണ്. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു യുവിയുടെ റെക്കോര്‍ഡ് പ്രകടനം. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു ബോളുകളിലും സിക്‌സറടിച്ച് അന്നു അദ്ദേഹം ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. ടി20 ലോകകപ്പിലെ മാത്രമല്ല ടി20യുടെ ചരിത്രത്തിലെ വേഗമേറിയ ഫിഫ്റ്റിയും യുവിയുടെ പേരില്‍ തന്നെയാണ്.

ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുടെ അവകാശി നെതര്‍ലാന്‍ഡ്‌സ് താരം സ്റ്റീഫന്‍ മൈബെര്‍ഗാണ്. 2014 ടൂര്‍ണമെന്റില്‍ അയര്‍ലാന്‍ഡിനെതിരേ അദ്ദേഹം 17 ബോളുകളില്‍ ഫിഫ്റ്റി തികച്ചിരുന്നു. മൂന്നാംസ്ഥാനം മൂന്നു പേര്‍ പങ്കിടുകയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, രാഹുല്‍, മാലിക്ക് എന്നിവരാണിത്. 18 ബോളുകളാണ് ഇവര്‍ക്കെല്ലാം വേണ്ടിവന്നത്. 2014ല്‍ പാകിസ്താനെതിരേ മിര്‍പൂരിനായിരുന്നു മാക്‌സി 18 ബോളില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയത്. ഇത്തവണ രാഹുലും പിന്നാലെ മാലിക്കും ഈ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഷദാബ് ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മന്‍സെ, കൈല്‍ കോട്‌സര്‍ (ക്യാപ്റ്റന്‍), മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), റിച്ചി ബെറിങ്ടണ്‍, ഡൈലന്‍ ബഡ്ജ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, ഹംസ താഹിര്‍, സഫാന്‍ ഷരീഫ്, ബ്രാഡ്‌ലി വീല്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, November 7, 2021, 22:20 [IST]
Other articles published on Nov 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X