യുഎസ്എയോട് വിയർത്തപ്പോഴും സൂര്യ പിടിച്ചു നിന്നു; പതിനാലാം ഓവറിൽ ഗംഭീർ നൽകിയ ഉപദേശം തുണയായോ?
മുംബൈ: ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ച് ഇന്ത്യ വിജയം നേടിയെങ്കിലും ആരാധകരെ സംബന്ധിച്ച് ആശാവഹമായ പ്രകടനമായിരുന്നില്ല ഇത്. കളിയിലെ താരമായ നായകൻ സൂര്യകുമാർ യാദവ്, ഇത്തരം ഒരു പ്രയാസമേറിയ പിച്ചിൽ ടീമിന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താമായിരുന്നു എന്ന് തുറന്ന് സമ്മതിച്ചിരുന്നു. വിജയത്തിന് പിന്നാലെയാണ് സൂര്യ തന്നെ മോശം പ്രകടനം അംഗീകരിച്ചത്.
'എല്ലാം മൂടിവെക്കാൻ നമുക്കാവില്ല; നമ്മൾ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. ജയിച്ചതിന് ശേഷവും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കൂടുതൽ മികച്ച രീതിയിലും ബുദ്ധിപൂർവ്വവും ബാറ്റ് ചെയ്യാമായിരുന്നു," മികച്ച കളിക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. വിജയ ശേഷവും മെച്ചപ്പെട്ട ബാറ്റിംഗിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞത് ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.

സൂര്യകുമാർ യാദവിന്റെ 49 പന്തിൽ നിന്ന് നേടിയ 84 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള ബാറ്റിംഗ് വേറിട്ടുനിന്നു. 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ അദ്ദേഹം ചുമലിലേറ്റി ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ടീം മാന്യമായൊരു സ്കോറിലെത്തിയത്.
പിന്നാലെ താൻ അനുഭവിച്ച കടുത്ത സമ്മർദ്ദത്തെക്കുറിച്ച് സൂര്യകുമാർ വെളിപ്പെടുത്തി. 'എനിക്ക് എത്രമാത്രം സമ്മർദ്ദം തോന്നിയിരുന്നുവെന്ന് എനിക്ക് മാത്രമേ പറയാൻ കഴിയൂ, പക്ഷേ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അവസാനം വരെ ബാറ്റ് ചെയ്‌താൽ ഒരു വ്യത്യാസം വരുത്താൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു' സൂര്യ പറയുന്നു.
അതിനിടെ നായകൻ കടുത്ത സമ്മർദ്ദത്തിലായിരുന്നപ്പോൾ, പരിശീലകൻ ഗൗതം ഗംഭീർ നിർണായക ഉപദേശവുമായി അദ്ദേഹത്തിന്റെ സഹായത്തിനെത്തിയിരുന്നു. 14 ഓവറിന് ശേഷമുള്ള ഇടവേളയിൽ ഗംഭീർ തന്നോട് പറഞ്ഞത് സൂര്യകുമാർ ഓർത്തെടുത്തു: 'അവസാനം വരെ ബാറ്റ് ചെയ്യാൻ ശ്രമിക്കുക; നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നഷ്‌ടപ്പെട്ട റൺസ് തിരിച്ചുപിടിക്കാനാകും' എന്നായിരുന്നു ഗംഭീറിന്റെ ഉപദേശം.
വാങ്കഡേ സ്‌റ്റേഡിയത്തിൽ കളിച്ച് വളർന്നതിനാൽ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് സൂര്യകുമാറിന് നല്ല ധാരണയുണ്ടായിരുന്നു എന്നതാണ് മത്സരത്തിൽ ഇന്ത്യക്ക് നിർണായകമായത്. 'ഞാൻ ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അതുകൊണ്ട് സമാനമായ വിക്കറ്റുകളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് എനിക്കറിയാം. 77/6 എന്ന നിലയിൽ നിന്ന് ഒരു ബാറ്റർ അവസാനം വരെ കളിക്കണമെന്ന് മനസിലാക്കേണ്ടിയിരുന്നു' അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ജയിച്ചെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇന്നലത്തെ മത്സരം നല്ല ഓർമ്മകൾ അല്ല നൽകുക. പ്രത്യേകിച്ച് അഭിഷേക് ശർമ്മയെ പോലെയുള്ള താരങ്ങൾക്ക് ഒരു പുനർ ചിന്തയുടെ ആവശ്യമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര ടൂർണമെന്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഡക്കായി മടങ്ങാനായിരുന്നു അഭിഷേകിന്റെ വിധി. വലിയ ടൂർണമെന്റുകളിലെ സമ്മർദ്ദം താങ്ങാൻ യുവ താരങ്ങൾക്ക് കഴിയുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications