T20 World Cup 2022: തീയായി റാഷിദ് ഖാന്‍; ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍
അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ്ക്ക് നാല് റണ്‍സിന്റെ വിജയം. ഇതോടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത റാഷിദ് ഖാന്‍ അഫ്ഗാനെ വിജയത്തിന്റെ അടുത്തു വരെ എത്തിച്ചിരുന്നു. നാല് സിക്‌സും മൂന്ന് ഫോറുമായി തകര്‍ത്തടിച്ച റാഷിദ് 48 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയുടെ 168 റണ്‍സിനെ മറികടക്കാന്‍ ഇറങ്ങി, 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ എടുത്തത്.
തരക്കേടില്ലാത്ത തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന്റേത്. ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്താതെ നോക്കിയതിന്റെ ആത്മവിശ്വാസവുമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങിയത്. അതേസമയം വിക്കറ്റുകള്‍ വീണില്ലെങ്കിലും റണ്‍റേറ്റില്‍ പ്രതീക്ഷിച്ച കുതിപ്പുണ്ടാക്കാന്‍ സാധിക്കാതെ പോയത് അഫ്ഗാനിസ്ഥാന് തിരച്ചടിയാവുകയായിരുന്നു.

അഫ്ഗാനു വേണ്ടി ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 17 പന്തില്‍ 30 റണ്‍സാണ് നേടിയത്. മറ്റൊരു ഓപ്പണറായ ഉസ്മാന്‍ ഘനിയ്ക്ക് രണ്ട് റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ. പിന്നീട് വന്ന ഇബ്രാഹിം സാര്‍ദാനും ഗുല്‍ബാദിന്‍ നൈബും ടീമിനായി ചെറുത്തു നില്‍പ്പ് നടത്തി. നൈബ് 39 റണ്‍സെടുത്താണ് പുറത്താകുന്നത്. ഇബ്രാഹിം 26 റണ്‍സുമെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീണ പതിനാലാമത്തെ ഓവറാണ് കളി ഓസ്‌ട്രേലിയയുടെ വരുതിയിലാക്കിയത്. അവസാന ഓവറുകളില്‍ തുടര്‍ സിക്‌സുകളിലൂടെ റാഷിദ് കളിയുടെ ഗതി മാറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒടുവില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ, സെമി ടിക്കറ്റ് ലക്ഷ്യമിട്ട് ഇറങ്ങിയ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മുന്‍നിരയെ ശക്തമായി തന്നെ തടഞ്ഞു നിര്‍ത്താന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. മിച്ചല്‍ മാര്‍ഷിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെച്ചു കൊണ്ട് മൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കി ഫാറൂഖി അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. മറുവശത്തുണ്ടായിരുന്ന ഡേവിഡ് വാര്‍ണര്‍ മിച്ചല്‍ മാര്‍ഷുമൊത്ത് ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 25 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്താവുകയായിരുന്നു.

18 പന്തിലായിരുന്നു വാര്‍ണര്‍ 25 റണ്‍സെടുത്തത്. ഇതില്‍ അഞ്ച് ഫോറുകളുമുണ്ടായിരുന്നു. എങ്കിലും മിച്ചല്‍ മാര്‍ഷ് വെടിക്കെട്ട് പ്രകടനത്തിലൂടെ ഓസ്‌ട്രേലിയയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അര്‍ധ സെഞ്ചുറിയ്ക്ക് അരികിലെത്തിയാണ് മാര്‍ഷ് പുറത്താകുന്നത്. 30 പന്തില്‍ 45 റണ്‍സാണ് മാര്‍ഷ് നേടിയത്. അതില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടും. പിന്നാലെ വന്നവരില്‍ സ്റ്റീവ് സ്മിത്തിന് നാല് റണ്‍സ് മാത്രമാണ് എടുക്കാനായത്. 21 പന്തില്‍ 25 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്.

എന്നാല്‍ മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിംഗുമായി മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയെ ഭേദപ്പെട്ട ടോട്ടലിലേക്ക് നയിക്കുകയായിരുന്നു. ഒരറ്റത്തുള്ളവരെല്ലാം വീഴുമ്പോഴും പിടിച്ചു ബിഗ് ഷോ അര്‍ധ സെഞ്ചുറി നേടി. 32 പന്തുകൡ നിന്നും ആറ് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 54 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. ഓസീസ് നായകന്‍ മാത്യു വേഡ് ആറ് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്.
അതേസമയം അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റുകളും ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റും വീഴ്ത്തി. മുജീബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും ഓറോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മാക്സിയാണ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications