എളുപ്പല്ല പ്രാഞ്ചീ...; ചാമ്പ്യന്മാരാവുക എളുപ്പമുള്ള കാര്യമല്ല, കോലിപ്പടയ്ക്ക് ഗാംഗുലിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ ടീം ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാകട്ടെ ഈ ലോകകപ്പോടെ ട്വന്റി-20യിലെ നായകസ്ഥാനത്തു നിന്നും പിന്മാറുകയാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടേയും കാലാവധി ട്വന്റി-20 ലോകകപ്പോടെ കഴിയും. അതുകൊണ്ട് തന്നെ ഇത്തവണ കപ്പുയര്‍ത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. താരങ്ങളെല്ലാം വ്യക്തിപരമായി മികച്ച ഫോമിലാണുളളതെന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്.

ഇപ്പോഴിതാ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ്വ് ഗാംഗുലി. ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തിന് പകരം ഓരോ മത്സരങ്ങളായി വേണം കണക്ക് കൂട്ടാനെന്നാണ് ദാദ പറയുന്നത്. 2007 ലെ പ്രഥമ ട്വന്റി-20 ചാമ്പ്യന്മാരായ ശേഷം ആ കിരീടം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. പക്ഷെ ഇത്തവണ കിരിടീം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോലിയും സംഘവും ഇറങ്ങുന്നത്.

''എളുപ്പത്തില്‍ ചാമ്പ്യന്മാരാകാന്‍ സാധിക്കില്ല. ഒരു ടൂര്‍ണമെന്റിന് ഇറങ്ങിയത് കൊണ്ട് മാത്രം ചാമ്പ്യന്മാരാകില്ല. പക്വതയോടെ ആ പ്രോസസിലൂടെ കടന്നു പോകണം. അവരെല്ലാം കഴിവുള്ള താരങ്ങളുണ്ട്. റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള കഴിവുണ്ട്. വിക്കറ്റ് എടുക്കാനും പറ്റുന്നവരാണ്. മനസികമായി നല്ല നിലയിലായിരിക്കണം. എന്നാല്‍ മാത്രമേ ലോകകപ്പ് നേടാന്‍ സാധിക്കുകയുള്ളൂ. ഫൈനല്‍ ഏറ്റവും അവസാനം മാത്രമാണ്, അപ്പോഴാണ് കപ്പും നേടാന്‍ സാധിക്കുക. പക്ഷെ അതിന് മുമ്പ് ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ഓരോ മത്സരങ്ങളായി വേണം കാണാന്‍. ഓരോ മത്സരവും ജയിക്കാന്‍ ശ്രമിക്കണം. തുടക്കത്തിലേ കപ്പിനെക്കുറിച്ച് ചിന്തിക്കരുത്'' എന്നായിരുന്നു ദാദയുടെ ഉപദേശം.

''ഏത് മത്സരത്തിന് ഇറങ്ങുമ്പോഴും ഇന്ത്യയായിരിക്കും എല്ലാവരുടേയും ഫേവറേറ്റ്. ഫലത്തേക്കാള്‍ ശ്രദ്ധ ആ പ്രോസസിന് നല്‍കി മനസമാധാനത്തോടെ കളിക്കാന്‍ ശ്രമിക്കണം. ഞാന്‍ വന്നിരിക്കുന്നത് ലോകകപ്പ് നേടാന്‍ ആണ് എന്ന ചിന്തയോട് കളിക്കാന്‍ ഇറങ്ങുന്നതാണ് ഏറ്റവും വലിയ തെറ്റ്. ഓരോ പന്തും കളിക്കുക എന്നതാണ് പ്രധാനം. ഫൈനലില്‍ എത്തുന്നത് വരെ അങ്ങനെ തന്നെ നേരിടാന്‍ ശീലിക്കുകയാണ് വേണ്ടത്'' എന്നും ദാദ പറയുന്നു. ലോകകപ്പിനൊരുങ്ങുന്ന ടീമിന് വളരെ പ്രധാനപ്പെട്ടതാണ് ബിസിസിഐ തലവന്റെ വാക്കുകള്‍.

അതേസമയം ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സൗരവ് ഗാംഗുലിയുമായി നടത്തിയ കൂട്ടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാം എന്ന് ഗാംഗുലി സമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങൊന്നും ലഭ്യമായിട്ടില്ല. നേരത്തെ ലോകകപ്പിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ തനിക്കും അതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞത്.

ഇന്നാണ് ലോകകപ്പിന്റെ യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. 23-ാം തിയ്യതയിയാണ് ഔദ്യോഗികമായി ലോകകപ്പ് ആരംഭിക്കുക. ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. 24നാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അരങ്ങേറുക. ലോകകപ്പില്‍ പാക്കിസ്ഥാനോട് തോല്‍ക്കാത്ത ടീം എന്ന ചരിത്രം ഇന്ത്യയ്ക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, October 17, 2021, 16:01 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X