T20 World Cup 2021: കോലി ഓപ്പണറാവേണ്ട, മൂന്നാം നമ്പര്‍ മതി, ആരെങ്കിലും അവനോട് പറയണം- സെവാഗ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ 15ന് അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം ഉയരുകയാണ്. ഈ മാസം 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യക്കാണ് ആതിഥേയത്വമെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് വേദി യുഎഇ ആക്കുകയായിരുന്നു. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് ഇത്തവണ സജീവ കിരീട സാധ്യതയുമുണ്ട്. പാകിസ്താന്‍, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒരുപോലെയുള്ള ഇന്ത്യക്ക് ഇത്തവണ പ്രതീക്ഷകളേറെ.
പാകിസ്താനെതിരെ 24നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തുറ്റ താരനിരയായതിനാല്‍ ആരെയൊക്കെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്നത് പ്രസക്തമായ ചോദ്യമാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ ഒരുവശത്ത് ഉണ്ടാകുമെന്നുറപ്പാണ്. മറുവശത്ത് ആരാവും?. കെ എല്‍ രാഹുല്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം കാത്തിരിക്കുന്നവരാണ്. ഇപ്പോഴിതാ രോഹിത് ശര്‍മയുടെ സഹ ഓപ്പണറാവേണ്ടത് ആരായിരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കോലിയെ ആരെങ്കിലും പറഞ്ഞ് മനസിലാക്കിക്കണമെന്നും കെ എല്‍ രാഹുല്‍ ഓപ്പണറാവുന്നതാണ് ഇന്ത്യക്ക് ഗുണമെന്നുമാണ് സെവാഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

'വിരാട് കോലി ഓപ്പണറാവേണ്ടെന്നും മൂന്നാം നമ്പറില്‍ ഉറച്ചുനില്‍ക്കണമെന്നും കോലിയെ പറഞ്ഞ് മനസിലാക്കിക്കണം. അത് ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഉത്തരവാദിത്തമാണ്. കെ എല്‍ രാഹുല്‍ ഓപ്പണറാവുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, എംഎസ് ധോണി തുടങ്ങിയ സൂപ്പര്‍ നായകന്മാരിലാരെങ്കിലും അവനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാല്‍ അവന് മനസിലാവും'- സെവാഗ് പറഞ്ഞു.

ഐപിഎല്ലിന് മുമ്പ് തന്നെ ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കോലി തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യയുടെ നായകനെന്ന നിലയില്‍ ബാറ്റിങ് ഓഡര്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കോലിക്കുണ്ട്. ആര്‍സിബിയില്‍ ഓപ്പണര്‍ റോളിലാണ് കോലി കളിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ മൂന്നാം നമ്പറിലാണ് പൊതുവേ അദ്ദേഹം കളിക്കാറുള്ളത്. ഈ ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുന്നതിനാല്‍ കോലി ഓപ്പണറായി എത്താനുള്ള സാധ്യത കൂടുതലാണ്.

എന്നാല്‍ രോഹിത്തും കോലിയും ഓപ്പണിങ്ങിറങ്ങി രണ്ട് പേരെയും പെട്ടെന്ന് നഷ്ടമായാല്‍ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയിലേക്ക് കാര്യങ്ങളെത്തിയേക്കും. എതിരാളികള്‍ക്കും അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ആര്‍സിബി ഓപ്പണറായി ഇത്തവണ തിളങ്ങാന്‍ കോലിക്കായിട്ടില്ല. കൂടാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കോലി പ്രയാസപ്പെടുന്നു. ഈ അവസരത്തില്‍ മൂന്നാം നമ്പറിലിറങ്ങി ആംഗര്‍ റോളില്‍ കോലി കളിക്കുന്നതാവും ഇന്ത്യക്ക് ഗുണം ചെയ്യുക.

അതേ സമയം കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ ഗംഭീര ഫോമിലാണ്. പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ ഓപ്പണിങ്ങിലിറങ്ങി 13 മത്സരത്തില്‍ നിന്ന് നേടിയത് 626 റണ്‍സാണ്. നിലയുറപ്പിച്ച് കിട്ടിയാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍. പവര്‍പ്ലേയില്‍ ഇറങ്ങുമ്പോള്‍ കൂടുതല്‍ അനായാസമായി സ്‌കോര്‍ നേടാനും പെട്ടെന്ന് നിലയുറപ്പിക്കാനും രാഹുലിന് സാധിച്ചേക്കും. എന്നാല്‍ മധ്യനിരയിലേക്ക് രാഹുല്‍ എത്തിയാല്‍ പ്രതീക്ഷിച്ച പ്രകടനം ലഭിച്ചേക്കില്ല.

'കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓപ്പണ്‍ ചെയ്യേണ്ട മൂന്നാം നമ്പറില്‍ കളിച്ചാല്‍ മതിയെന്ന് കോലിയോട് ആരെങ്കിലും പറയുമോയെന്ന് സംശയമാണ്. അതൊരു പ്രശ്‌നമാണ്. രാഹുലിനെ ഓപ്പണറാക്കി സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിച്ചാല്‍ സിഎസ്‌കെയ്‌ക്കെതിരേ കണ്ടപോലുള്ള ഇന്നിങ്‌സ് കാണാനാവും.വളരെ അപകടകാരിയായ ബാറ്റ്‌സ്മാനാണവന്‍'- സെവാഗ് കൂട്ടിച്ചേര്‍ത്തു. എന്തായാലും രോഹിത്തിന്റെ പങ്കാളിയാരാവണമെന്നതില്‍ അന്തിമ തീരുമാനം കോലിയുടേത് തന്നെയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications