T20 World Cup 2021: പാക് നിരയെ കരുതിയിരിക്കണം, ഇത്തവണ കപ്പടിച്ചേക്കും, മൂന്ന് കാരണങ്ങള്‍
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി രണ്ട് നാള്‍. 24നാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. മിന്നും ഫോമില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഇത്തവണ ചരിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്റെ വരവ്. യുഎഇയില്‍ ഐപിഎല്‍ കളിച്ചുള്ള അനുഭവസമ്പത്ത് ഇന്ത്യക്ക് കരുത്ത് പകരുമ്പോള്‍ യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാക് നിരയുടെ വരവ്.
ബാബര്‍ അസാം നയിക്കുന്ന പാക് നിരയില്‍ ഇത്തവണ ടീമിന് വിജയം നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്. ബൗളിങ് നിരയും ശക്തം. ഭാഗ്യം തുണച്ചാല്‍ രണ്ടാം ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിക്കാനുള്ള മിടുക്ക് പാകിസ്താനുണ്ട്. ഇന്ത്യയെ ഇതുവരെ ലോകകപ്പില്‍ തോല്‍പ്പിച്ചിട്ടില്ല എന്ന കണക്ക് പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെങ്കിലും ചരിത്രം തിരുത്തിക്കുറിക്കാനുള്ള കഴിവ് ഇത്തവണത്തെ പാക് നിരക്കുണ്ട്.
പ്രവചനങ്ങളില്‍ പലരും പാകിസ്താനെ പരിഗണിക്കുന്നില്ലെങ്കിലും എഴുതിത്തള്ളാനാവുന്ന ടീമല്ല പാകിസ്താന്‍. ഇത്തവണ കിരീടത്തില്‍ മുത്തമിടാന്‍ പോലും കെല്‍പ്പുള്ള താരമികവ് പാകിസ്താനുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ അപകടകാരികളായ ടീമാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സൂപ്പര്‍ ഓപ്പണര്‍മാര്‍
ബാബര്‍ അസാം-മുഹമ്മദ് റിസ്വാന്‍ എന്നീ സൂപ്പര്‍ ഓപ്പണര്‍മാരുടെ സാന്നിധ്യം പാകിസ്താന് പ്രതീക്ഷ നല്‍കുന്നു. രണ്ട് പേരും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ളവരാണ്. സമീപകാലത്തെ ഫോമും മികച്ചതാണ്. ഇരുവരും തമ്മില്‍ ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇരുവരുടെയും സാന്നിധ്യം പാകിസ്താനെ കരുത്തുറ്റ ടീമാക്കി മാറ്റുന്നു. 10 ഇന്നിങ്‌സില്‍ നിന്ന് 521 റണ്‍സാണ് ഇരുവരും ഓപ്പണിങ്ങില്‍ കൂട്ടുകെട്ടുണ്ടാക്കിയത്. 52.10 എന്ന മികച്ച ശരാശരി ഈ കൂട്ടുകെട്ടിനുണ്ട്. രണ്ട് തവണ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്. 9.16 എന്ന മികച്ച റണ്‍റേറ്റിലാണ് ഇരുവരുടെയും പ്രകടനം.
സന്നാഹ മത്സരത്തില്‍ ഇരുവര്‍ക്കും മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഇന്ത്യക്കെതിരേ ഇരുവരും നല്‍കുന്ന തുടക്കം പാകിസ്താന് നിര്‍ണ്ണായകമാവും. ഇരുവരും ഓപ്പണിങ്ങില്‍ അല്‍പ്പം കൂടി സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കണമെന്ന് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ് കഴിഞ്ഞിടെ അഭിപ്രായപ്പെട്ടിരുന്നു.

മികച്ച പേസ് നിര
മികച്ച ബൗളിങ് നിര പാകിസ്താന്‍ ടീമിനൊപ്പം എപ്പോഴും ഉണ്ടെന്ന് തന്നെ പറയാം. വസിം അക്രം,വഖാന്‍ യൂനിസ്,ഷുഹൈബ് അക്തര്‍ തുടങ്ങി നിരവധി ഇതിഹാസ പേസര്‍മാരെ സൃഷ്ടിച്ചിട്ടുള്ള ടീമാണ് പാകിസ്താന്‍. ഇത്തവണ അവരുടെ വജ്രായുധം ഷഹിന്‍ ഷാ അഫ്രീദിയാണ്. മികച്ച വേഗവും വേഗ നിയന്ത്രണവുമുള്ള ഷഹിന്‍ 30 ടി20യില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഹസന്‍ അലി 41 ടി20യില്‍ നിന്ന് 52 വിക്കറ്റാണ് നേടിയത്. എന്നാല്‍ ഹസന്‍ അലിയുടെ സന്നാഹ മത്സരത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
ഹാരിസ് റൗഫ് 23 മത്സരത്തില്‍ നിന്ന് 28 വിക്കറ്റാണ് നേടിയത്. അന്താരാഷ്ട്ര മത്സരങ്ങളിലൂടെ മാത്രമല്ല പിഎസ്എല്ലിലൂടെയും യുഎഇയില്‍ പാക് താരങ്ങള്‍ക്ക് കളിച്ച് അനുഭവസമ്പത്തുണ്ട്. ഇമാദ് വാസിമിന്റെ സ്പിന്‍ മികവും പാകിസ്താന് കരുത്ത് പകരുന്നു. ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്തുന്ന ബൗളിങ് നിര പാക് ടീമിനൊപ്പമുണ്ടെന്ന് തന്നെ പറയാം.

സാഹചര്യം അനുകൂല്യം
ഇത്തവണ സാഹചര്യങ്ങള്‍ പാകിസ്താന് അനുകൂലമാണ്. യുഎഇയിലെ അനുഭവസമ്പത്ത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. കൂടാതെ ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാനുള്ള മികവും പാകിസ്താനുണ്ട്. യുവതാരങ്ങളും സീനിയര്‍ താരങ്ങളും ഉള്‍പ്പെടുന്ന സംതുലിതമായ ടീമും പാകിസ്താനുണ്ടെന്നത് എതിരാളികള്‍ മറന്നുപോകരുത്. ബാറ്റിങ് പരിശീലകനായ മാത്യു ഹെയ്ഡനടക്കം ഒപ്പമുള്ളതും താരങ്ങള്‍ക്ക് ഇത്തവണ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications