T20 World Cup 2021: ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് ബാറ്റിങ് പ്രകടനങ്ങളിതാ
ദുബായ്: മറ്റൊരു ടി20 ലോകകപ്പ് കൂടി ആവേശകരമായി അങ്ങനെ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആതിഥേയത്വത്തില്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയാണ് കിരീടം ചൂടിയത്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് ഏഴ് പന്ത് ബാക്കിനിര്‍ത്തി വിജയം സ്വന്തമാക്കി. ഇത്തവണ ടോസിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് കൂടുതല്‍ മത്സരങ്ങളും ജയിച്ചത്.
വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ തുടങ്ങിയ പല പ്രമുഖ ടീമുകളും സെമി കാണാതെയാണ് പുറത്തായത്. അതിനാല്‍ ഇത്തവണ പ്രതീക്ഷക്കൊത്ത ബാറ്റിങ് പ്രകടനങ്ങള്‍ ഉണ്ടായില്ലെന്ന് തന്നെ പറയാം. വെസ്റ്റ് ഇന്‍ഡീസ് ടീം നിറം മങ്ങിയത് ലോകകപ്പിന്റെ ആവേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ചില പ്രകടനങ്ങള്‍ ഇത്തവണത്തെ ടി20 ലോകകപ്പിലും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള മൂന്ന് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 77*)
ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷിന്റെ ഫൈനലിലെ ബാറ്റിങ് പ്രകടനമാണ് ഇത്തവണത്തെ മികച്ച പ്രകടനങ്ങളിലൊന്ന്. 50 പന്തുകള്‍ നേരിട്ട് 77 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. ഫൈനലിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കളിച്ച മിച്ചല്‍ മാര്‍ഷ് 154 സ്‌ട്രൈക്കറേറ്റിലാണ് ബാറ്റുവീശീയത്. 6 ബൗണ്ടറിയും നാല് സിക്‌സുകളുമാണ് മിച്ചല്‍ മാര്‍ഷ് നേടിയത്. മൂന്നാം നമ്പറിലിറങ്ങിയ മാര്‍ഷിന്റെ പ്രകടനമാണ് അനായാസമായി ഓസീസിനെ വിജയത്തിലേക്കെത്തിച്ചതെന്ന് പറയാം.
31 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അദ്ദേഹം ആദം മില്‍നെയുടെ നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ നേടി. ഫൈനലിലെ താരമായതും മിച്ചല്‍ മാര്‍ഷാണ്. ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷ് ഓസീസ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയാണ് മാര്‍ഷ് ഇപ്പോള്‍ ഹീറോയായി മാറിയിരിക്കുന്നത്.

കെയ്ന്‍ വില്യംസന്‍ (48 പന്തില്‍ 85)
ടി20 ലോകകപ്പ് ഫൈനലിലെ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ് പ്രകടനമാണ് ഇത്തവണത്ത ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. 48 പന്തുകള്‍ നേരിട്ട് 85 റണ്‍സാണ് വില്യംസന്‍ നേടിയത്. പതിയെ തുടങ്ങി പിന്നെ ഗംഭീര ബാറ്റിങ് പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ 19 പന്തില്‍ 18 റണ്‍സാണ് അദ്ദേഹം നേടിയത്.അവസാന 20 പന്തില്‍ നിന്ന് 67 റണ്‍സാണ് വില്യംസന്‍ അടിച്ചെടുത്തത്. 16ാം ഓവര്‍ എറിഞ്ഞ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരേ 22 റണ്‍സാണ് വില്യംസന്‍ അടിച്ചെടുത്തത്. 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 177.08 സ്‌ട്രൈക്കറേറ്റിലായിരുന്നു വില്യംസണിന്റെ ബാറ്റിങ് പ്രകടനം. ഈ പ്രകടനത്തിന് മുമ്പ് വരെ വില്യംസണിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടി പറയാന്‍ ഫൈനലിനെ ഇന്നിങ്‌സുകൊണ്ട് വില്യംസന് സാധിച്ചു.

ജോസ് ബട്‌ലര്‍ (67 പന്തില്‍ 101*)
ഇത്തവണത്തെ ടി20 ലോകകപ്പിലെ ഏക സെഞ്ച്വറി പ്രകടനം നടത്തിയത് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ്. 67 പന്തില്‍ 101 റണ്‍സാണ് അദ്ദേഹം നേടിയത്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ബട്‌ലറുടെ ഈ പ്രകടനം. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 150.74 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. തുടക്കം മുതല്‍ ആക്രമിച്ച ബട്‌ലര്‍ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളായിരുന്നു. 89.66 ശരാശരിയിലും 151.12 സ്‌ട്രൈക്കറേറ്റിലും 269 റണ്‍സാണ് ബട്‌ലര്‍ ടൂര്‍ണമെന്റിലാകെ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications