T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ല- മാത്യു ഹെയ്ഡന്‍
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ രണ്ട് ദിനം മാത്രം ശേഷിക്കെ വാക് പോരാട്ടങ്ങള്‍ ശക്തം. പ്രവചനങ്ങളും വിലയിരുത്തലുകളും വെല്ലുവിളികളുമായി രണ്ട് ടീമിന്റെയും ആരാധകര്‍ സജീവമായി രംഗത്തുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയുടെ വീറും വാശിയും മത്സരത്തിലേക്കുമെത്തുമ്പോള്‍ കേവലം മത്സരം എന്നതിലുപരിയായുള്ള വികാരം മത്സരത്തിനുണ്ടാവും.
ഇന്ത്യ-പാക് പോരാട്ടത്തില്‍ തങ്ങളുടെ പ്രവചനങ്ങള്‍ ഇതിനോടകം പ്രമുഖരെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ല അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനാവാത്ത പാകിസ്താന്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. മികച്ച താരനിരയുള്ള പാകിസ്താന്‍ ഇത്തവണ അത്ഭുതം സൃഷ്ടിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

'ഇന്ത്യ-പാകിസ്താന്‍ മത്സരത്തോളം വീറും വാശിയുമുള്ള മറ്റൊരു മത്സരവുമില്ല. വലിയ സമ്മര്‍ദ്ദം മത്സരത്തില്‍ താരങ്ങള്‍ക്കുണ്ടാവും. തീര്‍ച്ചയായും ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരത്തിലും ഇതേ സമ്മര്‍ദ്ദം ഉണ്ട്. അതൊരു ഓസ്‌ട്രേലിയക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാവും'- ഹെയ്ഡന്‍ പറഞ്ഞു. ഇത്തവണ രണ്ട് ടീമും ശക്തമാണ്. രണ്ട് ടീമിനും യുഎഇയിലെ സാഹചര്യത്തില്‍ പരിചയസമ്പത്തുമുണ്ട്. അതിനാല്‍ ഭാഗ്യം തുണക്കുന്ന ടീം വിജയത്തിലെത്താനാണ് സാധ്യത.
ഇന്ത്യ ഐപിഎല്‍ കളിച്ചതിന് പിന്നാലെ ലോകകപ്പിനിറങ്ങുമ്പോള്‍ പാകിസ്താന്‍ യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള അനുഭവസമ്പത്തിന്റെ കരുത്തിലാണിറങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ച് കണക്കുകളില്‍ മുന്‍തൂക്കമുണ്ട്. താരങ്ങളെ താരതമ്യപ്പെടുത്തുമ്പോഴും ഇന്ത്യന്‍ ടീമിന് അല്‍പ്പം ശക്തി കൂടുതല്‍ ഉണ്ട്. വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, റിഷഭ് പന്ത് തുടങ്ങിയ മികച്ച ബാറ്റിങ് നിരയും ബുംറ, ഷമി, ഭുവനേശ്വര്‍ തുടങ്ങിയ ശക്തമായ ബൗളിങ് നിരയും ഇന്ത്യക്കുണ്ട്.

പാകിസ്താനെ സംബന്ധിച്ച് ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിങ്ങിലാണ് പ്രതീക്ഷ. മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, ഫഖര്‍ സമാന്‍ തുടങ്ങിയവരും പ്രതീക്ഷ നല്‍കുന്നു. ബൗളിങ്ങില്‍ ഷഹിന്‍ ഷാ അഫ്രീദിയിലാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കുന്ന ബൗളര്‍മാര്‍ പാക് നിരയിലില്ല എന്ന് പറയാം.
പാകിസ്താന് വലിയ ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാവുമെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. 'പാകിസ്താന് വലിയ ഭീഷണി ഉയര്‍ത്തുന്ന രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കെ എല്‍ രാഹുലും റിഷഭ് പന്തുമാണ്. രാഹുലിന്റെ വളര്‍ച്ച കണ്ടുകൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിലെ അവന്റെ തളര്‍ച്ചയും വളര്‍ച്ചയും കണ്ടിട്ടുണ്ട്. റിഷഭ് സ്വാഭാവിക കഴിവുള്ള താരമാണ്. ബൗളിങ് നിരയെ തകര്‍ക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍. അതിനാലാണ് അവന് അവസരം ലഭിച്ചത്'- ഹെയ്ഡന്‍ പറഞ്ഞു. രാഹുല്‍ ഐപിഎല്ലിലെ മിന്നും ഫോം സന്നാഹ മത്സരത്തിലും തുടര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

പാകിസ്താന്‍ നിരയില്‍ ഇന്ത്യക്ക് ഭീഷണിയാവുക ബാബര്‍ ആസമും ഫഖര്‍ സമാനുമാണെന്നും ഹെയ്ഡന്‍ പറഞ്ഞു. നായകനെന്ന നിലയില്‍ ബാബറിന് അധിക സമ്മര്‍ദ്ദമുണ്ട്. കാരണം എല്ലാവരും അവനെ ലക്ഷ്യം വെക്കുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തന്റെ ഉത്തരവാദിത്തം ബാബര്‍ നിറവേറ്റതായിട്ടുണ്ടെന്നും ഹെയ്്ഡന്‍ പറഞ്ഞു.
സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും അനായാസമായി തോല്‍പ്പിച്ചപ്പോള്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുകയും ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്തു. ബാറ്റിങ് നിരയില്‍ വമ്പനടിക്കാരുടെ കുറവ് പാകിസ്താനുണ്ട്. ബാബറും റിസ്വാനും സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കേണ്ടതായുണ്ട്. വിശ്വസ്തനായ ഫിനിഷറുടെ അഭാവവും പാകിസ്താനുണ്ട്. ദുബായില്‍ മഞ്ഞ് വീഴ്ച്ച പ്രവചിക്കപ്പെടവെ ടോസ് നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications