T20 World Cup 2021: 'ഇന്ത്യന്‍ താരം റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തും', പ്രവചനവുമായി പീറ്റേഴ്‌സന്‍
ദുബായ്: ടി20 ലോകകപ്പില്‍ പോരാട്ടം മുറുകുകയാണ്. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും രണ്ട് തുടര്‍ ജയങ്ങളുമായി സെമി സാധ്യത സജീവമാക്കുമ്പോള്‍ ഗ്രൂപ്പ് രണ്ടിലാണ് കൂടുതല്‍ ആവേശം. ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ച പാകിസ്താന്‍ സെമിയോടടുക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരായി ആരെന്നത് വലിയ ചോദ്യമാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ 31ാം തീയ്യതി നടക്കുന്ന മത്സരം നിര്‍ണ്ണായകമാവും.
ഫേവറേറ്റുകളായെത്തുന്ന ഇന്ത്യ സെമി കാണാതെ പുറത്തുപോകുമോയെന്നാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും അവതാരകനുമായ കെവിന്‍ പീറ്റേഴ്‌സന്‍. ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഫേവറേറ്റുകളെന്ന് പറഞ്ഞ പീറ്റേഴ്‌സന്‍ ഇന്ത്യന്‍ താരം ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാവുമെന്നും പ്രവചിച്ചു. മിന്നും ഫോമിലുള്ള പാകിസ്താനെ പൂര്‍ണ്ണമായും തഴഞ്ഞാണ് പീറ്റേഴ്‌സണിന്റെ പ്രവചനം.

'ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് കിരീട പോരാട്ടം. ഇവരിലാരെന്നത് ടി20 ഫോര്‍മാറ്റില്‍ പറയുക പ്രയാസമാണ്. മോര്‍ഗന്റെ ടീമിന് വലിയ സാധ്യതകളുണ്ടെന്നാണ് കരുതുന്നത്. എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയപ്പെടുന്നു. ബാറ്റിങ്ങില്‍ വെടിക്കെട്ട് സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. പേടിയില്ലാതെ കളിക്കാന്‍ ഇംഗ്ലണ്ടിനാവുന്നു. ഇംഗ്ലണ്ട് ടീം സെലക്ഷനും അത്തരത്തിലുള്ളതായിരുന്നുവെന്നാണ് കരുതുന്നത്'- പീറ്റേഴ്‌സന്‍ പറഞ്ഞു.
ടോപ് സ്‌കോററാവുക രോഹിത് ശര്‍മയാവുമെന്നാണ് പീറ്റേഴ്‌സണിന്റെ പ്രവചനം. പാകിസ്താനെതിരേ ഗോള്‍ഡന്‍ ഡെക്കായ രോഹിത് ഇക്കഴിഞ്ഞ ഐപിഎല്ലിലും വലിയ പ്രകടനം കാഴ്ചവെച്ചിരുന്നില്ല. തുടക്കം പിഴച്ച രോഹിത്തിന് ശക്തമായ തിരിച്ചുവരവ് സാധ്യമാവുമോയെന്നത് കണ്ടറിയണം. എന്നാല്‍ രോഹിത്തിന്റെ പ്രതിഭയില്‍ വിശ്വാസമുണ്ടെന്നാണ് പീറ്റേഴ്‌സന്‍ പറഞ്ഞത്.

'ഏത് സാഹചര്യത്തിലും ഏത് ഫോര്‍മാറ്റിലും രോഹിത് ക്ലാസ് താരമാണ്. ടൂര്‍ണമെന്റില്‍ അവന്‍ പ്രയാസപ്പെടുമെന്ന് കരുതുന്നില്ല. മികച്ച സ്ഥിരത പുലര്‍ത്തുന്നവനാണവന്‍. അവന്റെ ടൈമിങ്ങാണ് കരുത്തെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒറ്റ ഇന്നിങ്‌സുകൊണ്ട് രോഹിത്ത് പ്രയാസപ്പെടുമെന്ന് കരുതുന്നില്ല'- പീറ്റേഴ്‌സന്‍ പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് രോഹിത്. നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ മികവുണ്ടെന്നതാണ് രോഹിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ രോഹിത്തിന്റെ ഗംഭീര തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിക്കറ്റ് വേട്ടക്കാരില്‍ പാകിസ്താന്‍ ഷഹീന്‍ അഫ്രീദി ഒന്നാമനാവുമെന്നതാണ് പീറ്റേഴ്‌സണിന്റെ പ്രവചനം. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'പാകിസ്താന്റെ കുതിപ്പിന് പ്രധാന കാരണം ഷഹീനാണ്. ന്യൂബോളില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവനാവും. ടോപ് ഓഡര്‍ ബാറ്റിങ് നിരയെ വീഴ്ത്താന്‍ അവന് മിടുക്കുണ്ട്'-പീറ്റേഴ്‌സന്‍ പറഞ്ഞു. ഇന്ത്യക്കെതിരേ പാകിസ്താന് ഗംഭീര ജയമൊരുക്കിയത് ഷഹീനാണ്.
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ പിഴുത ഷഹീന്‍ കളിയിലെ താരമാവുകയും ചെയ്തു. ഷഹീനൊപ്പം ഹാരിസ് റൗഫ്,ഹസന്‍ അലി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച ബാറ്റിങ് കരുത്തും അവകാശപ്പെടാന്‍ പാകിസ്താനാവും. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും മികച്ച ഫോമിലാണ്. കൂടാതെ യുഎഇയിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്തും പാകിസ്താനെ ഇത്തവണ ഫേവറേറ്റുകളാക്കുന്നു.

ഇന്ത്യക്ക് മികച്ച താരനിരയുണ്ടെങ്കിലും ആരും ഫോമിലല്ല. പ്രധാന പ്രശ്‌നം ബൗളിങ്ങാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ കൂട്ടുകെട്ടിന് പ്രതീക്ഷിച്ച മികവ് കാട്ടാനാവുന്നില്ല. ഐപിഎല്ലില്‍ വിക്കറ്റുകള്‍ പിഴുത വരുണ്‍ ചക്രവര്‍ത്തിയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ ബൗളിങ് നിരയില്‍ ഇന്ത്യക്ക് മാറ്റം അനിവാര്യമാണ്. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവാത്തതോടെ ആറാം ബൗളറുടെ അഭാവവും ഇന്ത്യക്കുണ്ട്. മികച്ച ബാറ്റിങ് നിരയുണ്ടെങ്കിലും ആരും ഫോമിലല്ലെന്നതാണ് തലവേദനയാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications