T20 World Cup 2021: 'സൂര്യകുമാര്‍ ഫിറ്റാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണം' - അജിത്ത് അഗാര്‍ക്കര്‍
ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കുതിപ്പ് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ ടീം കിതക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും പേരുകേട്ട താരനിരയുണ്ടായിട്ടും കാര്യമായൊന്നും ചെയ്യാനാവാതെ ഇന്ത്യ പ്രയാസപ്പെടുകയാണ്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യക്ക് ഇനി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. മൂന്നിലും ജയിച്ചാലും നെറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള ഇന്ത്യക്ക് സെമിയില്‍ കടക്കുക പ്രയാസമാവും.
ന്യൂസീലന്‍ഡിനെതിരേ ടീമില്‍ വലിയ അഴിച്ചുപണി നടത്തിയ ഇന്ത്യക്ക് പ്രതീക്ഷിച്ച ഫലം സൃഷ്ടിച്ചെടുക്കാനായില്ല. രോഹിത് ശര്‍മയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റുകയും വിരാട് കോലിയെ നാലാം സ്ഥാനത്ത് ഇറക്കിയുമെല്ലാം ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍ അമ്പേ പാളിപ്പോയി. ഇപ്പോഴിതാ ഇന്ത്യ പഴയ ടീം ഘടനയിലേക്ക് തിരിച്ചെത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍.

ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറിലേക്ക് തിരികെയെത്തിക്കണമെന്നും അഗാര്‍ക്കര്‍ നിര്‍ദേശിച്ചു. 'എന്റെ അഭിപ്രായത്തില്‍ സൂര്യകുമാര്‍ യാദവിന് ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണം. രോഹിത് ശര്‍മ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയും ചെയ്യണം. ഹര്‍ദിക് പാണ്ഡ്യയുടെ ഫോമാണ് പ്രശ്‌നം. എന്നാല്‍ അവന്‍ മെച്ചപ്പെട്ടിട്ടുണ്ട്. അവസാന മത്സരത്തില്‍ കുറച്ച് ഓവറുകള്‍ എറിയുകയും ചെയ്തു. അത് ഇന്ത്യയെ സഹായിക്കും.
വേദി മാറുന്നതിനാല്‍ ഇന്ത്യക്ക് ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്. മാനസികമായ മാറ്റം തീര്‍ച്ചയായും ഉണ്ടായേക്കും. അബുദാബിയിലേത് പേസിനനുകൂലമായ മൈതാനമാണ്. ഇന്ത്യ ഒരു അധിക പേസറെ കളിപ്പിച്ച് സ്പിന്നര്‍ക്ക് വിശ്രമം നല്‍കാവുന്നതാണ്. അഫ്ഗാന്‍ താരങ്ങള്‍ സ്പിന്നിനെതിരേ നന്നായി കളിക്കുന്നവരാണ്. ആ ഒരു മാറ്റം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല'- അഗാര്‍ക്കര്‍ പറഞ്ഞു.

ആദ്യ രണ്ട് മത്സരവും ഇന്ത്യ കളിച്ചത് ദുബായിലായിരുന്നു. രണ്ട് മത്സരത്തിലും നാണംകെട്ട് തോല്‍ക്കുകയും ചെയ്തു. അബുദാബിയിലേക്ക് മത്സരം എത്തുന്നതോടെ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അഫ്ഗാനിസ്ഥാനെ നിസാര എതിരാളികളായി കാണാനാവില്ല. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും പൊരുതിത്തോറ്റ അഫ്ഗാന്‍ നിര ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

റാഷിദ് ഖാന്‍, മുജീബുര്‍ റഫ്മാന്‍, മുഹമ്മദ് നബി എന്നീ സ്പിന്നര്‍മാരെ ഇന്ത്യ കരുതിയിറങ്ങണം. ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നിനെതിരേ പ്രയാസപ്പെടുന്നത് എല്ലാവരും കണ്ടതാണ്. അതിനാല്‍ അഫ്ഗാനിസ്ഥാനെതിരേ ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ ഇന്ത്യക്കാവുമോയെന്ന് കണ്ടറിയണം.

ഇന്ത്യന്‍ നിരയില്‍ മാറ്റം ഉറപ്പ്. കെ എല്‍ രാഹുലിന്റെ മോശം ഫോമാണ് പ്രശ്‌നം. സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം സീനിയര്‍ താരം ആര്‍ അശ്വിന്‍ എത്തിയേക്കും. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത് ജസ്പ്രീത് ബുംറ മാത്രമാണ്. വരുണ്‍ ചക്രവര്‍ത്തിക്ക് ഐപിഎല്ലിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ വരുണിനെ പുറത്തിരുത്താനാണ് സാധ്യത കൂടുതല്‍.

ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന റാഷിദിനെ എങ്ങനെ നേരിടണമെന്നും അഗാര്‍ക്കര്‍ ഉപദേശിക്കുന്നു. 'സാഹചര്യം നോക്കുക. വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമാണ് റാഷിദ് ഖാനെതിരേ മികച്ച പ്രകടനം നടത്താനായിട്ടുള്ളു. അതിനാല്‍ റാഷിദിനെ മാറ്റിനിര്‍ത്തി മറ്റുള്ളവരെ ആക്രമിക്കുകയാണ് വേണ്ടത്. റാഷിദിനെതിരേ അനാവശ്യ സാഹസത്തിന് മുതിരരുത്'-അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നുകൂടി തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവുമെന്ന് ഉറപ്പിക്കാനാവും. അതിനാല്‍ അഭിമാന ജയം പ്രതീക്ഷിച്ചാവും ഇന്ത്യയുടെ വരവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications