വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സുവര്‍ണ്ണാവസരം തുലച്ചു, സഞ്ജുവിന് തിരിച്ചുവരവ് സാധ്യമോ? പ്രമുഖര്‍ വിലയിരുത്തുന്നു

കൊളംബോ: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് നിരവധി യുവ പ്രതിഭകളാണുള്ളത്. ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ഒട്ടുമിക്ക യുവതാരങ്ങളെയും പരിഗണിച്ചാണ് ശ്രീലങ്കന്‍ പരമ്പരക്ക് ടീമിനെ അയച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും ഏറ്റവും നിരാശപ്പെടുത്തിയ താരമായി സഞ്ജു മാറി.

ഏകദിന അരങ്ങേറ്റം 46 റണ്‍സ് നേടി മോശമില്ലാതെ നടത്തിയ സഞ്ജുവിന് ടി20യില്‍ തൊട്ടതെല്ലാം പിഴച്ചു. ആദ്യ മത്സരത്തില്‍ 27 റണ്‍സ് നേടിയ അദ്ദേഹം രണ്ടാം മത്സരത്തില്‍ 13 പന്തില്‍ ഏഴ് റണ്‍സും മൂന്നാം മത്സരത്തില്‍ മൂന്ന് പന്തില്‍ പൂജ്യവുമാണ് സഞ്ജുവിന്റെ സ്‌കോര്‍. ഇഷാന്‍ കിഷനേക്കാള്‍ അനുഭവസമ്പത്തുള്ള സഞ്ജു മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്.

ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല്‍ മികച്ച അവസരം തുലച്ചതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് പോലും അദ്ദേഹത്തിന് പ്രയാസമായിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പോലൊരു മികച്ച ടീമിന്റെ നായകനായ സഞ്ജുവിന് ദേശീയ ടീമിലെത്തുമ്പോള്‍ നിരന്തരം കാലിടറുകയാണ്. സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ? പ്രമുഖര്‍ സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തിയിരിക്കുകയാണ്.


അവനൊരു അലസനായ ബാറ്റ്‌സ്മാന്‍-സല്‍മാന്‍ ബട്ട്

അവനൊരു അലസനായ ബാറ്റ്‌സ്മാന്‍-സല്‍മാന്‍ ബട്ട്

മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട് സഞ്ജു സാംസണെ അലസനായ ബാറ്റ്‌സ്മാനെന്നാണ് വിശേഷിപ്പിച്ചത്. 'എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സഞ്ജു സാംസണ്‍ വളരെ അലസനായ ബാറ്റ്‌സ്മാനാണ്. ഒരു ബൗളറെ നിങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ലെങ്കില്‍ ബാറ്റിന് മുമ്പില്‍ പാഡ് വെച്ച് കളിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അവന്‍ ഹസരങ്കയെ നേരിട്ടത് ബാക് ഫൂട്ടിലാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ പന്തിന്റെ മുകളിലുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും എല്‍ബിയില്‍ കുരുങ്ങുകയും ചെയ്യും.

ഒരേ ശൈലി തുടരുന്നു

ഒരേ ശൈലി തുടരുന്നു

എപ്പോഴും ഒരേ രീതിയില്‍ പന്തിനെ സമീപിക്കുന്ന താരമായാണ് അവനെക്കുറിച്ച് തോന്നിയത്. ടീമില്‍ ആകെ അഞ്ച് ബാറ്റ്‌സ്മാന്‍മാരാണുള്ളത് അതിലൊരാള്‍ താനാണ്. രണ്ട് വിക്കറ്റുകള്‍ നേരത്തെ വീണു. കൂടുതല്‍ ശ്രദ്ധ കാണിക്കണം, ഇത്തരത്തിലുള്ള ഒരു സമീപനം സഞ്ജുവിന്റെ ബാറ്റിങ്ങില്‍ കാണാന്‍ സാധിച്ചില്ല. അവന്റെ പേരിനൊത്ത് കളിക്കാന്‍ സാധിക്കുന്നില്ല. ദേവ്ദത്ത് പടിക്കലും റുതുരാജ് ഗെയ്ക്‌വാദും രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഐപിഎല്ലില്‍ കളിക്കുന്ന പോലെ കളിച്ച് റണ്‍സ് നേടാന്‍ അവര്‍ക്കായില്ല. എന്നാല്‍ തങ്ങളുടെ പ്രതിഭ തെളിയിക്കുന്ന തരത്തില്‍ കളിക്കാന്‍ സാധിച്ചു-സല്‍മാന്‍ പറഞ്ഞു.

പേരിനൊത്ത പ്രകടനമല്ല

പേരിനൊത്ത പ്രകടനമല്ല

അവന്റെ പേരിനൊത്ത പ്രകടനമല്ല നടത്തുന്നത്. യാതൊരു ഉത്തരവാദിത്തവും കാട്ടാത്ത താരമാണ് സഞ്ജു. ദേവ്ദത്തും റുതുരാജും അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതുമുഖങ്ങളാണ്.സഞ്ജു ആറ്-ഏഴ് വര്‍ഷമായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമാണ്. മികച്ചൊരു പേര് വേണമെങ്കില്‍ വലിയ മത്സരങ്ങളില്‍ ശോഭിക്കേണ്ടതായുണ്ട്. അവസരങ്ങളെ മുതലാക്കാന്‍ സാധിച്ചാല്‍ എന്നും അവന്റെ പേര് ഓര്‍മിക്കും-സല്‍മാന്‍ പറഞ്ഞു നിര്‍ത്തി.

സഞ്ജു ഇതോര്‍ത്ത് പശ്ചാത്തപിക്കുമെന്ന് ആകാശ് ചോപ്ര

സഞ്ജു ഇതോര്‍ത്ത് പശ്ചാത്തപിക്കുമെന്ന് ആകാശ് ചോപ്ര

രണ്ടാം മത്സരത്തില്‍ സഞ്ജു മോശം പ്രകടനം നടത്തിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ശക്തമായി തിരിച്ചെത്തുമെന്ന് ഏറ്റവും കൂടുതല്‍ വിശ്വാസം പ്രകടിപ്പിച്ച വ്യക്തികളിലൊരാള്‍ ആകാശ് ചോപ്രയായിരുന്നു. എന്നാല്‍ ആകാശിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് കൂടുതല്‍ മോശം പ്രകടനമാണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 'സഞ്ജു സാംസണ്‍ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണെന്ന് ഞാന്‍ എന്നും പറയും. അതവന്‍ പല തവണ തെളിയിച്ചിട്ടുള്ളതാണ്.

എന്നാല്‍ ശ്രീലങ്കയില്‍ അവന്റെ ബാറ്റിങ് പൊസിഷനിലല്ല കളിച്ചത്. എന്നാല്‍ മൂന്നാം ടി20യില്‍ അഞ്ചാം ഓവറിലാണ് അവന്‍ ബാറ്റിങ്ങിനിറങ്ങിയത്. സഞ്ജുവിന് മറ്റ് യുവതാരങ്ങളെക്കാള്‍ കളിക്കാന്‍ അവസരവും ലഭിച്ചു. ഏകദിനത്തില്‍ ഭേദപ്പെട്ട് തുടങ്ങാനായെങ്കിലും ടി20യില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇത്രയും മികച്ചൊരു അവസരം നഷ്ടപ്പെടുത്തിയതോര്‍ത്ത് സഞ്ജു പശ്ചാത്തപിക്കുമെന്ന് ആകാശ് പറഞ്ഞു.

ദ്രാവിഡിന്റെ ഭാഗത്തും വീഴ്ച

ദ്രാവിഡിന്റെ ഭാഗത്തും വീഴ്ച

സഞ്ജു സാംസണെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ രാഹുല്‍ ദ്രാവിഡിന് സാധിച്ചില്ലെന്നും ഒരു വിഭാഗം ആരാധകര്‍ക്ക് അഭിപ്രായമുണ്ട്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ മൂന്നാം നമ്പറില്‍ തന്നെ ഇറക്കണമായിരുന്നെന്നും ഓപ്പണറായി പരീക്ഷിക്കണമെന്നുമെല്ലാം അഭിപ്രായം ഉയരുന്നുണ്ട്. നാലാം നമ്പറില്‍ ഇറങ്ങി സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇത് കണ്ടറിഞ്ഞ് ടോപ് ഓഡറില്‍ അവസരം നല്‍കേണ്ടിയിരുന്നു.

സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ എല്ലാ യുവതാരങ്ങളെപ്പോലെ തന്നെ സഞ്ജുവിന്റെ കാര്യത്തിലും ക്ഷമ കാട്ടാന്‍ തയ്യാറാകണമെന്നാണ് മത്സര ശേഷം പരിശീലകനായ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്. ശ്രീലങ്കയിലെ ബാറ്റിങ് സാഹചര്യം വളരെ ദുഷ്‌കരമായിരുന്നുവെന്നും ദ്രാവിഡ് തുറന്ന് സമ്മതിച്ചു.

സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ?

സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ?

സഞ്ജു സാംസണ്‍ ടി20 ലോകകപ്പിലിടം പിടിക്കാന്‍ നിലവില്‍ യാതൊരു സാധ്യതയുമില്ല. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ രണ്ടാം പരിഗണന ഇഷാന്‍ കിഷന് ലഭിക്കും. ഇനിയുമൊരു വിക്കറ്റ് കീപ്പര്‍ വേണ്ടി വന്നാല്‍ കെ എല്‍ രാഹുല്‍ ടീമിലുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ട ആവിശ്യമില്ല. ബാറ്റിങ്ങിലും ഇതുവരെ തിളങ്ങാനാവാത്തതിനാല്‍ സഞ്ജുവിന് മുന്നില്‍ ലോകകപ്പിന്റെ വാതില്‍ അടഞ്ഞുവെന്ന് തന്നെ പറയാം.

ഇനിയൊരു തിരിച്ചുവരവ് കടുപ്പം

ഇനിയൊരു തിരിച്ചുവരവ് കടുപ്പം

ഐപിഎല്‍ 2021 ന്റെ രണ്ടാം പാദത്തില്‍ തിളങ്ങിയാലും സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ല. ടോപ് ഓഡറില്‍ കളിക്കാന്‍ സഞ്ജുവിനേക്കാള്‍ മിടുക്കുകാട്ടിയ നിരവധി താരങ്ങളുള്ളതിനാല്‍ സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കേണ്ടി വരും.സ്ഥിരത കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സഞ്ജുവിന് ദേശീയ ടീമിലെ ഇടം ഇനി സ്വപ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. 10 ടി20 ഇന്നിങ്‌സില്‍ നിന്ന് ഒരു തവണ പോലും 30 റണ്‍സ് പിന്നിടാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Story first published: Friday, July 30, 2021, 17:20 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X