സിഡ്‌നി: ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20ലോകകപ്പ് നടക്കാന്‍ പോവുകയാണ്. കൊറോണ മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും ലോകകപ്പ് എന്ന മഹോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഐസിസിയും ബിസിസി ഐയും. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടര്‍ന്നാല്‍ വേദി മാറ്റാന്‍ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ടീമുകളെല്ലാം ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ ടി20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ മുഖ്യ പ്രാധാന്യം കൊടുക്കേണ്ടതെന്തിനെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ നായകനും നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിങ്. ന്യൂസീലന്‍ഡിനെതിരായ അവസാന ടി20 പരമ്പരയില്‍ 3-2ന് ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ഓസീസ് ടീം ശ്രദ്ധിക്കേണ്ടതെവിടെയെന്നാണ് അദ്ദേഹം വിശദമാക്കിയത്.

'ഓസ്‌ട്രേലിയ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടേണ്ടത് ഫിനിഷര്‍ റോളില്‍ ആരെന്നത് ഓര്‍ത്താണ്. നമ്മുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം ബിഗ്ബാഷ് ലീഗിലെ ടോപ്ഓഡര്‍ ബാറ്റ്‌സ്മാന്‍മാരാണ്.അതിനാല്‍ത്തന്നെ മധ്യനിരയിലേക്ക് സ്ഥിരതയുള്ള ഒരു താരമായി ആരുമില്ല. വളരെ സവിശേഷതയുള്ള ബാറ്റിങ് പൊസിഷനാണത്. മൂന്നോ നാലോ ഓവര്‍ ബാക്കിനില്‍ക്കെ 50 റണ്‍സ് വേണ്ട സാഹചര്യത്തില്‍ അത് നേടാന്‍ അവന് സാധിക്കണം'-പോണ്ടിങ് പറഞ്ഞു.
ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച്,ഗ്ലെന്‍ മാക്‌സ്‌വെല്‍,സ്റ്റീവ് സ്മിത്ത്,ലാബുഷെയ്ന്‍ ഇങ്ങനെ പ്രതിഭാശാലികളായ താരങ്ങള്‍ നിരവധി ആണെങ്കിലും ഇവരില്‍ ഫിനിഷര്‍ റോള്‍ ആര്‍ക്കും ചേരില്ല. ഗ്ലെന്‍ മാക്‌സ് വെല്ലിനും സ്ഥിരതയോടെ കളിക്കാനാവില്ല. മാര്‍ക്കസ് സ്റ്റോയിനിസാണ് നിലവില്‍ ഫിനിഷര്‍ റോളിലേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. എന്നാല്‍ താരത്തിന് സ്ഥിരതയില്ലാത്തതും പ്രശ്‌നമാണ്.
'ഫിനിഷര്‍ റോളില്‍ കരിയറിലുടെനീളം അത്ഭുതം സൃഷ്ടിച്ച താരമാണ് ധോണി. ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ഇതേ പൊസിഷനില്‍ രാജ്യത്തിനായും ഐപിഎല്‍ ടീമിനായും മത്സരങ്ങള്‍ ജയിക്കുന്നു. അത്തരത്തിലൊരു താരത്തെയാണ് ഓസ്‌ട്രേലിയ കണ്ടെത്തേണ്ടത്. മാക്‌സ് വെല്ലോ,മിച്ചല്‍ മാര്‍ഷോ,മാര്‍ക്കസ് സ്‌റ്റോയിനിസോ ആരാണ് ഈ റോളിലേക്ക് എത്താന്‍ പോകുന്നത്. ഓസീസ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഈ ബാറ്റിങ് പൊസിഷനിലാണെന്നാണ് തോന്നുന്നത്' പോണ്ടിങ് പറഞ്ഞു.
കന്നി ടി20 ലോകകപ്പ് കിരീടമാണ് ഓസ്‌ട്രേലിയ തേടുന്നത്.2010ലെ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും മികച്ച ടീം കംഗാരുക്കള്‍ക്കുണ്ട്. താരങ്ങള്‍ക്ക് ഫോം കണ്ടെത്താനായാല്‍ ഓസ്‌ട്രേലിയക്ക് കപ്പ് സ്വന്തമാക്കാനാവും. റിക്കി പോണ്ടിങ് അടക്കമുള്ളവര്‍ പരിശീലക സഹായികളായി എത്തിയാല്‍ ഓസീസ് അത്ഭുതം സൃഷ്ടിച്ചേക്കും.