T20 World Cup 2021: 'രോഹിത്തും ധോണിയും ഇല്ല', ടോപ് അഞ്ച് ടി20 താരങ്ങളെ തിരഞ്ഞെടുത്ത് റാഷിദ് ഖാന്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന് 15ാം തീയ്യതി അവസാനമാകുമ്പോള്‍ 17ാം തീയ്യതി ടി20 ലോകകപ്പ് ആവേശം തുടങ്ങുകയാണ്. ഇന്ത്യ വേദിയാകേണ്ട ലോകകപ്പ് കോവിഡ് സാഹചര്യത്തിലാണ് യുഎഇയിലേക്ക് മാറ്റപ്പെട്ടത്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സ്ഥാനക്കാരായി മടങ്ങിയപ്പോഴും റാഷിദ് ഖാന്‍ പതിവ് മികവോടെ കൈയടി നേടി. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി 6.69 ഇക്കോണമിയില്‍ 18 വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്.
അഫ്ഗാനിസ്ഥാന്‍ ടീമിനെ ടി20 ലോകകപ്പില്‍ നയിക്കേണ്ടിയിരുന്നത് റാഷിദ് ഖാനായിരുന്നെങ്കിലും ടീം തിരഞ്ഞെടുപ്പിലെ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് അദ്ദേഹം നായകസ്ഥാനം ഒഴിയുകയായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ലോക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളറായി മാറാന്‍ റാഷിദ് ഖാന് സാധിച്ചു. ഇപ്പോഴിതാ ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഏറ്റവും മികച്ച അഞ്ച് ടി20 താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് റാഷിദ് ഖാന്‍.രോഹിത് ശര്‍മയേയും എംഎസ് ധോണിയേയും റാഷിദ് പരിഗണിച്ചില്ലെങ്കിലും രണ്ട് ഇന്ത്യന്‍ താരങ്ങള്‍ യുവതാരത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചു. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കെയ്ന്‍ വില്യംസണ്‍
ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് റാഷിദ് തിരഞ്ഞെടുത്ത ഒരു താരം. ഐപിഎല്ലില്‍ റാഷിദ് കളിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് കെയ്ന്‍ വില്യംസണ്‍. ഇത്തവണ വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും ടി20 ഫോര്‍മാറ്റില്‍ മികവ് കാട്ടുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. വമ്പനടിക്കാരനെന്നതിലുപരി ക്ലാസിക് ശൈലിയിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റില്‍ 31.47 ശരാശരിയില്‍ 5429 റണ്‍സ് റാഷിദിന്റെ പേരിലുണ്ട്. സ്‌ട്രൈക്കറേറ്റ് 124.86. ന്യൂസീലന്‍ഡിനൊപ്പം ഇത്തവണ ടി20 ലോകകപ്പില്‍ വില്യംസണ്‍ അത്ഭുതം സൃഷ്ടിക്കുമോയെന്ന് കണ്ടറിയാം.

എബി ഡിവില്ലിയേഴ്‌സ്
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും ടി20 ഫോര്‍മാറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള എബിഡി നിലയുറപ്പിച്ചാല്‍ ഏത് ബൗളര്‍മാരെയും കണ്ണീരണിയിക്കും. ഐപിഎല്ലില്‍ ആര്‍സിബി താരമായ എബിഡിക്ക് ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. 37.24 ശരാശരിയില്‍ 9424 റണ്‍സാണ് ടി20 ഫോര്‍മാറ്റിലെ എബിഡിയുടെ സ്‌കോര്‍. 150.13 എന്ന മികച്ച സ്‌ട്രൈക്കറേറ്റും എബിഡിയുടെ പേരിലുണ്ട്.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് കോലി. ടി20 ഫോര്‍മാറ്റില്‍ 41.20 ശരാശരിയില്‍ 10136 റണ്‍സ് കോലിയുടെ പേരിലുണ്ട്. 133.57 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും താരത്തിനുണ്ട്. അന്താരാഷ്ട്ര ടി20യില്‍ 3158 റണ്‍സുമായി മുന്നിട്ട് നില്‍ക്കുന്നത് കോലിയാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള കോലിക്ക് പക്ഷെ നായകനെന്ന നിലയില്‍ ഒരു ഐപിഎല്‍ കിരീടം പോലും നേടാനായിട്ടില്ല.

കീറോണ്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനുമായ കീറോണ്‍ പൊള്ളാര്‍ഡാണ് റാഷിദിന്റെ പട്ടികയിലെ നാലാമന്‍. സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ മികവുള്ള പൊള്ളാര്‍ഡ് ടി20യില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയിട്ടുണ്ട്. 31.56 ശരാശരിയില്‍ 11,236 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 152.62 ആണ് പൊള്ളാര്‍ഡിന്റെ സ്‌ട്രൈക്കറേറ്റ്. 8.21 ഇക്കോണമിയില്‍ 300 വിക്കറ്റും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. 568 ടി20 മത്സരങ്ങള്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് കീറോണ്‍ പൊള്ളാര്‍ഡ്.

ഹര്‍ദിക് പാണ്ഡ്യ
അഞ്ചാമനായി റാഷിദ് ഖാന്‍ തിരഞ്ഞെടുത്തത് ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയാണ്. സമീപകാലത്തായി പരിക്ക് വേട്ടയാടുന്ന ഹര്‍ദിക്കിന് മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ സീസണില്‍ തിളങ്ങാനായില്ല. ടി20 ലോകകപ്പിലെ ഹര്‍ദിക്കിന്റെ സ്ഥാനവും ചോദ്യം ഉയര്‍ത്തുകയാണ്. എങ്കിലും മികച്ച ഓള്‍റൗണ്ട് പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാം. 2728 റണ്‍സും 110 വിക്കറ്റും ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications