For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: വരുണിനേക്കാള്‍ മികച്ചവന്‍ രാഹുല്‍ ചഹാര്‍, ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കണം- കനേരിയ

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് സെമി ഭാഗ്യമുണ്ടാവുമോയെന്ന് നാളെയറിയാം. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ സെമിയിലേക്കുള്ള റൂട്ട് ക്ലിയറാവും. അഫ്ഗാന്‍ തോറ്റാല്‍ ന്യൂസീലന്‍ഡിനാവും സെമി ടിക്കറ്റ്. ഇന്ത്യയും അഫ്ഗാനും സെമി കാണാതെ പുറത്താവുകയും ചെയ്യും. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയപ്പോള്‍ അടുത്ത രണ്ട് മത്സരത്തിലും ഗംഭീര ജയം നേടി.

പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനുമാണ് തോല്‍പ്പിച്ചത്. നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെക്കാളും ന്യൂസീലന്‍ഡിനെക്കാളും മുന്നിലെത്താന്‍ ഇന്ത്യക്കായെങ്കിലും സെമിയിലേക്കത് മതിയാകില്ല. ഇന്ത്യയുടെ താരങ്ങളെല്ലാം ഫോമിലേക്കെത്തിയപ്പോള്‍ വൈകിപ്പോയെന്ന് പറയാം.

1

എന്നാല്‍ ഇന്ത്യ വളരെ പ്രതീക്ഷവെച്ച വരുണ്‍ ചക്രവര്‍ത്തിക്ക് മൂന്ന് മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഐപിഎല്ലിലെ ഗംഭീര പ്രകടനം ലോകകപ്പില്‍ ആവര്‍ത്തിക്കാന്‍ വരുണിനായില്ലെന്ന് പറയാം. ഇപ്പോഴിതാ വരുണ്‍ ചക്രവര്‍ത്തിയേക്കാള്‍ മികച്ച സ്പിന്നര്‍ രാഹുല്‍ ചഹാറാണെന്നും രാഹുലിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

'വരുണ്‍ ചക്രവര്‍ത്തിയേക്കാളും മികച്ച സ്പിന്നറായി പരിഗണിക്കാവുന്ന താരം രാഹുല്‍ ചഹാറാണ്. വലം കൈയന്‍ ലെഗ് സ്പിന്നറായ രാഹുല്‍ വ്യത്യസ്തമായ പന്തുകളെറിയാന്‍ കഴിവുള്ള താരമാണ്. വരുണിന്റെ ബൗളിങ്ങില്‍ വലിയ വ്യത്യസ്തതയില്ല. രാഹുല്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കുള്ളവനാണ്. എന്നാല്‍ രാഹുലിന്റെ ആത്മവിശ്വാസം ഇപ്പോള്‍ കുറഞ്ഞിരിക്കാം'- കനേരിയ പറഞ്ഞു.

2

2020ലെ യുഎഇ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ രാഹുലിന് പക്ഷം 2021ന്റെ രണ്ടാം പാദത്തില്‍ ഫോം കണ്ടെത്താനായില്ല. വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെട്ട താരം നന്നായി തല്ലുവാങ്ങുകയും ചെയ്തു. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് 11ല്‍ നിന്ന് രാഹുല്‍ പുറത്തായി. അവസാന നിമിഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് രാഹുല്‍ പുറത്തുപോകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും രാഹുലിനെ ഇന്ത്യ നിലനിര്‍ത്തി. എന്നാല്‍ ഇതുവരെ അവസരം നല്‍കിയില്ല.

പാകിസ്താനും ന്യൂസീലന്‍ഡിനും വരുണിനെ നേരിട്ട് അധികം പരിചയമില്ല. ഗൂഗ്ലിയും ക്യാരംബോളുമൊക്കെ എറിയുന്ന വരുണ്‍ സ്റ്റംപിന് ആക്രമിക്കുന്ന സ്പിന്നര്‍മാരിലൊരാളാണ്. വലിയ ടേണുകള്‍ അദ്ദേഹത്തിന്റെ പന്തിലില്ല. എന്നാല്‍ സ്റ്റംപ് ലക്ഷ്യമാക്കി മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ അദ്ദേഹത്തിന് മികവുണ്ട്. പക്ഷെ ഇതൊന്നും ലോകകപ്പില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ വരുണിനായില്ല.

3

നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഏറ്റവും വലിയ വിജയം ലക്ഷ്യം വെച്ചാവും ഇന്ത്യ ഇറങ്ങുക. വരുണിന് പകരം രാഹുലിന് ഇന്ത്യ അവസരം നല്‍കിയേക്കും. നാളെ നടക്കുന്ന ന്യൂസീലന്‍ഡ്-അഫ്ഗാന്‍ മത്സരത്തോടെ ഇന്ത്യയുടെ സെമി വിധി തീരുമാനമാവും. അതിനാല്‍ നമീബിയക്കെതിരായ മത്സരത്തില്‍ ഇന്ത്യ ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ തന്നെ നേടിയേക്കാം. നിലവിലെ ടീമിന്റെ പ്രകടനം ഇന്ത്യ ചരിത്ര ജയം നേടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

ന്യൂസീലന്‍ഡിനോടും പാകിസ്താനോടും തോറ്റതാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്. നെറ്റ് റണ്‍റേറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കായെങ്കിലും വിലപ്പെട്ട പോയിന്റുകള്‍ നഷ്ടമായി. ന്യൂസീലന്‍ഡ് അതിശക്തരായ താരങ്ങളുടെ നിരയാണ്. അഫ്ഗാനിസ്ഥാനെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ സമ്പൂര്‍ണ്ണ ആധിപത്യവുമുണ്ട്. അതിനാല്‍ ഇന്ത്യയുടെ സെമി പ്രവേശനം സ്വപ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. വിരാട് കോലി ടി20 നായകനായുള്ള അവസാന ടൂര്‍ണമെന്റില്‍ സെമി കാണാതെ ഇന്ത്യ പുറത്താവുകയെന്നത് വലിയ നാണക്കേട് തന്നെയാണ്.

Story first published: Saturday, November 6, 2021, 18:26 [IST]
Other articles published on Nov 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+