T20 World Cup 2021: അവസാന രണ്ട് ലോകകപ്പിലും സെമി കാണാതെ പാക് നിര, കണക്കുകളില്‍ ഇന്ത്യ ഹാപ്പി
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 24ന് നടക്കാനിരിക്കെ ആരാധകരെല്ലാം ആവേശത്തിലാണ്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ലെന്ന കണക്ക് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണെങ്കിലും ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. ബാബര്‍ അസാം നയിക്കുന്ന പാക് നിര അതിശക്തം. കൂടാതെ യുഎഇയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള അനുഭവസമ്പത്തും ടീമിന് കരുത്ത് പകരും.
ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്നതും ലോകോത്തര താരങ്ങളുടെ സാന്നിധ്യവും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും പാകിസ്താനെ എഴുതിത്തള്ളാനാവില്ല. ഭാഗ്യം തുണക്കുന്ന ടീം വിജയത്തിലേക്കെത്തുമെന്ന് തന്നെ പറയാം. രണ്ട് ടീമും ഓരോ തവണ ടി20 ലോകകപ്പ് കിരീടം ചൂടിയവരാണ്. രണ്ടാം കിരീടമാണ് രണ്ട് കൂട്ടരുടെയും ഉന്നം. എന്നാല്‍ പാകിസ്താന്റെ കഴിഞ്ഞ ദശകത്തിലെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പറയാം. പാക് ടീമിന്റെ കഴിഞ്ഞ ദശകത്തിലെ ടി20 പ്രകടന കണക്കുകള്‍ പരിശോധിക്കാം.

കഴിഞ്ഞ ദശകത്തിലെ പാകിസ്താന്റെ പ്രകടനം
ഇക്കാലയളവില്‍ 129 മത്സരങ്ങളാണ് പാകിസ്താന്‍ കളിച്ചത്. ജയിക്കാന്‍ സാധിച്ചത് 77 മത്സരങ്ങളിലാണ്. 59.7 ആണ് വിജയ ശരാശരി. 45 മത്സരങ്ങളിലാണ് പാകിസ്താന്‍ പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ അഞ്ച് മത്സരങ്ങള്‍ ഫലം കാണാതെ അവസാനിച്ചു. ഈ കണക്കുകള്‍ പാകിസ്താന് വലിയ ആത്മവിശ്വാസം നല്‍കുന്നതല്ല. ശരാശരി പ്രകടനമെന്ന് മാത്രമെ ഇതിനെ വിശേഷിപ്പിക്കാനാവു. ടി20 ഫോര്‍മാറ്റില്‍ വലിയൊരു താരനിരയെ സൃഷ്ടിച്ചെടുക്കാന്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് പറയാം.
എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിലെ ഇന്ത്യയുടെ കണക്കുകള്‍ പാകിസ്താനേക്കാള്‍ മികച്ചതാണ്. 115 മത്സരങ്ങളില്‍ നിന്ന് 73 മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. 63.5 ആണ് വിജയ ശരാശരി. 37 മത്സരങ്ങളിലാണ് ഇന്ത്യ തോറ്റത്. രണ്ട് സമനിലയായപ്പോള്‍ മൂന്ന് മത്സരങ്ങള്‍ ഫലം കാണാതെ പോയി. പ്രഥമ ലോകകപ്പ് മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഭേദപ്പെട്ട താരനിരയേയും റെക്കോഡുകളും സൃഷ്ടിച്ചെടുക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്.

അവസാന രണ്ട് ടി20 ലോകകപ്പിലെ പ്രകടനം
പ്രഥമ സീസണില്‍ റണ്ണേഴ്‌സപ്പാവുകയും 2009ല്‍ ചാമ്പ്യന്മാരാവുകയും ചെയ്ത പാകിസ്താന് ഈ മികവ് പിന്നീടങ്ങോട്ട് തുടരാനായില്ല. അവസാന രണ്ട് ടി20 ലോകകപ്പിലെ പാകിസ്താന്‍ ടീമിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. 2016ലെ ടി20 ലോകകപ്പില്‍ സെമി കാണാതെയാണ് പുറത്തായത്. ഗ്രൂപ്പില്‍ നാല് മത്സരം കളിച്ച് മൂന്നിലും തോറ്റ പാകിസ്താന്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായിരുന്നു. 2014ലെ ലോകകപ്പിലും പാകിസ്താന് സെമിയില്‍ പ്രവേശിക്കാനായില്ല. രണ്ട് മത്സരങ്ങള്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു.
ഇന്ത്യ 2007ലെ ടി20 ലോകകപ്പില്‍ കിരീടം ചൂടിയെങ്കിലും പിന്നീടിങ്ങോട്ട് മികവ് ആവര്‍ത്തിക്കാനായില്ല. 2014ലെ ടി20 ലോകകപ്പില്‍ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ശ്രീലങ്കയോട് പരാജയപ്പെട്ട് റണ്ണേഴ്‌സപ്പായി. അവസാന ടി20 ലോകകപ്പിലും സെമിയില്‍ കടക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടുകയും ചെയ്തു.

ലോകകപ്പിലെ നേര്‍ക്കുനേര്‍ കണക്ക്
ടി20 ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഇന്ത്യക്കായിരുന്നു. പല തവണയും വിജയത്തിന്റെ വക്കോളമെത്തിയ ശേഷമാണ് പാകിസ്താന്‍ പരാജയപ്പെട്ടത്. ഭാഗ്യത്തിന്റെ പിന്തുണ മിക്ക സമയത്തും ഇന്ത്യക്കൊപ്പമാണെന്ന് പറയാം. ഇത്തവണയും ആ ഭാഗ്യത്തില്‍ത്തന്നെയാണ് ഇന്ത്യയുടെ വിശ്വാസം. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് കേവലം മത്സരം എന്നതിലുപരിയായുള്ള വികാരമുണ്ട്. ഇത്തവണ ഇന്ത്യ ചരിത്രം ആവര്‍ത്തിക്കുമോ അതോ പാകിസ്താന്‍ ചരിത്രം രചിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications