For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യക്ക് ആശ്വാസം, പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അടുത്ത മത്സരം കളിച്ചേക്കില്ല

ദുബായ്: ടി20 ലോകകപ്പിലെ ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാര്‍ത്ത. ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പരിക്കിന്റെ പിടിയിലായെന്നും ഇന്ത്യക്കെതിരായ അടുത്ത മത്സരം കളിച്ചേക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗുപ്റ്റിലിന്റെ അഭാവം കിവീസിനെ സംബന്ധിച്ച് വലിയ തലവേദനയാവുമ്പോള്‍ ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

പാകിസ്താനെതിരായ മത്സരത്തില്‍ 17 റണ്‍സെടുത്താണ് ഗുപ്റ്റില്‍ പുറത്തായത്. ഹാരിസ് റൗഫിന്റെ പന്തില്‍ പ്ലേ ഡൗണായാണ് ഗുപ്റ്റില്‍ പുറത്തായത്. കാലിന് പരിക്കേറ്റ ഗുപ്റ്റില്‍ ഇന്ത്യക്കെതിരേ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് ന്യൂസീലന്‍ഡ് ടീം മാനേജ്‌മെന്റിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. 'അവന്റെ അവസ്ഥ എങ്ങനെയാണെന്ന് ഞങ്ങളെല്ലാം നിരീക്ഷിച്ചുവരികയാണ്. മത്സരശേഷം അല്‍പ്പം അസ്വസ്തനായാണ് അവനെ കണ്ടത്. 24-48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കൃത്യമായി പറയാനാവു'- ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു.

martinguptill

ഗുപ്റ്റിലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ കിവീസിന്റെ ബാറ്റിങ് നിരയെ അത് കാര്യമായി ബാധിച്ചേക്കും. സീനിയര്‍ താരമായ ഗുപ്റ്റില്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ഗുപ്റ്റില്‍ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടിയിട്ടുള്ള താരം കൂടിയാണ്. താരം നല്‍കുന്ന മികച്ച തുടക്കം ടീമിന് നിര്‍ണ്ണായകമാണെന്നിരിക്കെ ഗുപ്റ്റിലിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ് .

സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനും പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുപ്റ്റിന്റെ പരിക്കും ടീമിന് തലവേദന ഉണ്ടാക്കുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഫെര്‍ഗൂസന്റെ സാന്നിധ്യം കിവീസിന് വലിയ കരുത്താവുമായിരുന്നെങ്കിലും പരിക്ക് വില്ലനായതോടെ അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു . പകരക്കാരനായി ആദം മില്‍നെയെ കിവീസ് പരിഗണിച്ചെങ്കിലും പാകിസ്താനെതിരായ മത്സരത്തില്‍ കളിപ്പിക്കാനുള്ള അനുമതി ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ നിന്ന് ലഭിച്ചില്ല. ഇതിന്റെ നിരാശയും കിവീസ് പരിശീലകന്‍ തുറന്ന് പറഞ്ഞിരുന്നു .

'ഫെര്‍ഗൂസന്റെ പകരക്കാരനായി ആദം മില്‍നെയെ കളപ്പിക്കാന്‍ ഞങ്ങള്‍ കഠിനമായി ശ്രമിച്ചെങ്കിലും ഐസിസിയില്‍ നിന്ന് അനുമതി ലഭിച്ചില്ല. ഞങ്ങളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണിത്. കാരണം ആദം മില്‍നെ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്'- സ്റ്റെഡ് പറഞ്ഞു. മില്‍നെകൂടിയെത്തിയാല്‍ കിവീസ് ബൗളിങ് നിര ശക്തമാവും. ഇന്ത്യക്കെതിരായ മത്സരത്തില്‍ മില്‍നെ ന്യൂസീലന്‍ഡ് ടീമിലുണ്ടായേക്കും.

ഇന്ത്യക്കെതിരായ മത്സരം നിര്‍ണ്ണായകമാണെന്ന് സ്റ്റെഡും സമ്മതിച്ചു. 'ഞങ്ങളുടെ ഗ്രൂപ്പില്‍ നിലവിലെ കണക്കുകളും പ്രകടനങ്ങളും വിലയിരുത്തുമ്പോള്‍ പാകിസ്താനാണ് ഫേവറേറ്റുകള്‍. മറ്റുള്ളവരെല്ലാം സെമിക്കായി ശക്തമായി പൊരുതുകയാണ്. അതിനാല്‍ ഇന്ത്യക്കെതിരായ മത്സരം നിര്‍ണ്ണായകമാണ്. ഞങ്ങള്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചേക്കും'- സ്റ്റെഡ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ന്യൂസീലന്‍ഡും ആദ്യ മത്സരം പാകിസ്താനോട് തോറ്റു. ഇന്ത്യ 10 വിക്കറ്റിന് തോറ്റപ്പോള്‍ അഞ്ച് വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ തോല്‍വി. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെക്കാള്‍ ഭേദം ന്യൂസീലന്‍ഡാണ് . പാകിസ്താന്‍ ഏറെക്കുറെ സെമി ഉറപ്പിച്ചതിനാല്‍ രണ്ടാം സ്ഥാനക്കാരായി ആരെന്നതാണ് ഇനി അറിയേണ്ടത്. ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ജയിക്കുന്ന ടീം സെമിയിലേക്കെത്താനാണ് സാധ്യത കൂടുതല്‍. തോല്‍ക്കുന്ന ടീം പിന്നീടുള്ള മൂന്ന് മത്സരം ജയിച്ചാലും സെമിയില്‍ കടക്കുക പ്രയാസമാണ്. അഫ്ഗാനിസ്ഥാന്റെ പ്രകടനം നിര്‍ണ്ണായകമാവും. മികച്ച താരനിരയുള്ള അഫ്ഗാന്‍ ഇത്തവണ വലിയ അട്ടിമറികള്‍ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല .

Story first published: Thursday, October 28, 2021, 8:27 [IST]
Other articles published on Oct 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+