T20 World Cup 2021: 'എല്ലാവരും കരുതിയിരിക്കേണ്ട താരം ഇന്ത്യയുടെ രോഹിത് ശര്‍മ'- മുദാസര്‍ നാസര്‍
കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് യുഎഇയില്‍ത്തന്നെ നടക്കുകയാണ്. അതിനാല്‍ത്തന്നെ ഇത്തവണ ഐപിഎല്ലിന് പ്രാധാന്യം ഏറെയാണ്. ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിക്കുന്നവര്‍ക്ക് ടി20 ലോകകപ്പില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിനെയും തുണക്കുന്ന പിച്ചാണ് യുഎഇയിലേത്. അബുദാബി സ്റ്റേഡിയം വലുതാണെങ്കിലും ഷാര്‍ജയിലെ സ്റ്റേഡിയത്തില്‍ റണ്ണൊഴുകും. ദുബായിലും ബാറ്റിങ് നിരക്ക് തിളങ്ങാനാവും.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന താരങ്ങള്‍ നിരവധിയാണ്. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രേ റസല്‍, വിരാട് കോലി, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങി വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് കൈയടി നേടാന്‍ കെല്‍പ്പുള്ള താരങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ ഇത്തവണത്തെ ലോകകപ്പില്‍ എല്ലാവരും കരുതിയിരിക്കേണ്ട അപകടകാരിയായ താരം ഇന്ത്യയുടെ രോഹിത് ശര്‍മയാണ് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരവും പരിശീലകനുമായ മുദാസര്‍ നാസര്‍.

'ടി20 ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്റെ സവിശേഷമായ പ്രകടനമോ ഒരു ബൗളറുടെ ഒന്നോ രണ്ടോ മികച്ച ഓവറുകളോ വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഇന്ത്യയുടെ താരങ്ങള്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു. കോലി നേരത്തെ സെഞ്ച്വറിക്ക് പുറമെ സെഞ്ച്വറികള്‍ നേടിക്കൊണ്ടേയിരുന്നിരുന്നു. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ടി20 ലോകകപ്പിലെ അപകടകാരിയായ താരം രോഹിത് ശര്‍മയാണ്'- മുദാസര്‍ നാസര്‍ പറഞ്ഞു.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഓപ്പണറാണ് രോഹിത്. അനായാസമായി സിക്‌സര്‍ പായിക്കാനുള്ള രോഹിത്തിന്റെ മികവാണ് അദ്ദേഹത്തിന് ഹിറ്റ്മാനെന്ന പേര് നേടിക്കൊടുത്തത്. നിലവില്‍ രോഹിത്തിനോളം മനോഹരമായി പുള്‍ ഷോട്ട് കളിക്കുന്ന മറ്റൊരു താരമില്ലെന്ന് പറയാം. 2019ലെ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ റെക്കോഡ് ബാറ്റിങ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്.

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ത്തന്നെയാണ് ഉള്‍പ്പെടുന്നത്. ലോകകപ്പിലെ ഇരു ടീമും തമ്മിലാണ് ആദ്യ മത്സരം. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലുള്ള പാക് നിരയെ ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം. കാരണം യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ടീമാണ് പാകിസ്താന്‍. ഇരു ടീമിന്റെയും നേര്‍ക്കുനേര്‍ കണക്ക് പരിശോധിക്കുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് മുദാസര്‍ പറഞ്ഞു.
'രണ്ട് ടീമിന്റെയും കരുത്ത് പരിശോധിക്കുമ്പോള്‍ പാകിസ്താനെക്കാള്‍ കരുത്ത് ഇന്ത്യക്കാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ നേടിയത്. എന്നാല്‍ ആദ്യ മത്സരം ഇന്ത്യയോട് തോറ്റു. സെമി ഫൈനല്‍ എത്തിയതോടെ മികച്ച ചില പ്രകടനം പുറത്തെടുക്കാന്‍ പാകിസ്താനായി. ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാകിസ്താന് സാധിക്കുമെന്നാണ് പ്രതീക്ഷ. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായാല്‍ അതൊരു മനോഹര നിമിഷമാവും. എന്നാല്‍ ആകെ കരുത്ത് നോക്കുമ്പോള്‍ ഇന്ത്യയാണ് അല്‍പ്പം മികച്ച നിര'-മുദാസര്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവെക്കും. കോലിയുടെ ടി20 നായകനായുള്ള അവസാന ടൂര്‍ണമെന്റാണിത്. അതിനാല്‍ത്തന്നെ കോലിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ മികച്ച ബാറ്റിങ് നിരയും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും ചേരുമ്പോള്‍ ഏത് ടീമിനെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരായി ഇന്ത്യ മാറും. ഇത്തവണ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications