T20 World Cup 2021: ഏറ്റവും പ്രതിഫലമുള്ള പരിശീലകനാര്? രവി ശാസ്ത്രി തലപ്പത്ത്, മറ്റുള്ളവരെ അറിയാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന് പിന്നാലെ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. യുഎഇ തന്നെയാണ് ടി20 ലോകകപ്പിനും വേദിയാവുന്നത്. ഇത്തവണ നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെത്തുടര്‍ന്നാണ് വേദി യുഎഇയിലേക്ക് മാറ്റിയത്.
ഇന്ത്യ, ഓസ്‌ട്രേലി, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ഒട്ടുമിക്ക ടീമുകളും ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഒരു ഗ്രൂപ്പിലും രണ്ടാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമാണ്. മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്ന വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ കിരീട സാധ്യത ഏറെയാണ്. ഐപിഎല്‍, പിഎസ്എല്‍ തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ക്കും യുഎഇ വേദിയായിട്ടുള്ളതിനാല്‍ താരങ്ങള്‍ക്ക് പരിചയക്കുറവിന്റെ പ്രശ്‌നങ്ങളില്ല.
ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണിത്. ഈ ലോകകപ്പോടെ വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമ്പോള്‍ രവി ശാസ്ത്രിയുടെ പരിശീലകനെന്ന നിലയിലെ കാലാവധിയും അവസാനിക്കും. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചേക്കാം. പല പരിശീലകരുടെയും ക്യാപ്റ്റന്‍മാരുടെയും സ്ഥാനം ഈ ടി20 ലോകകപ്പോടെ തെറിക്കാന്‍ സാധ്യതയുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പരിശീലകസ്ഥാനത്ത് പല പ്രമുഖരുമുണ്ട്. ഇവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പരിശീലകനാരാണ്. എട്ട് പ്രമുഖ പരിശീലകരുടെ പ്രതിഫലം പരിശോധിക്കാം.

രവി ശാസ്ത്രി (10 കോടി)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാണ് രവി ശാസ്ത്രി. പ്രതിവര്‍ഷ പ്രതിഫലം 10 കോടിയാണ് അദ്ദേഹം വാങ്ങുന്നത്. ക്രിക്കറ്റില്‍ വളരെയധികം സ്വാധീനമുള്ള ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നാണ് ബിസിസിഐ. ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം തന്നെ വലിയ ആരാധക പിന്തുണയുള്ളവരുമാണ്. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം എന്നത് ചെറിയ കാര്യമല്ല. വലിയ സാമ്പത്തിക അടിത്തറയുള്ള ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ത്യയുടേത്. അതിനാല്‍ത്തന്നെ ഉയര്‍ന്ന പ്രതിഫലം തന്നെയാണ് പരിശീലകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കുന്നത്.
ഇന്ത്യയുടെ പരിശീലകനായി ടെസ്റ്റില്‍ ചരിത്ര നേട്ടത്തിലേക്കെത്തിക്കാന്‍ രവിക്കായിട്ടുണ്ട്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഐസിസി കിരീടമെന്ന സ്വപ്‌നം രവി ശാസ്ത്രിക്ക് ബാക്കിയാണ്. ടി20 ലോകകപ്പോടെ അത് അദ്ദേഹത്തിന് സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ജസ്റ്റിന്‍ ലാംഗര്‍ (4.67 കോടി)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാണ് മുന്‍ ഓസീസ് താരമായ ജസ്റ്റിന്‍ ലാംഗര്‍. 4.67 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക പ്രതിഫലം. 2018ലാണ് അദ്ദേഹം ഓസ്‌ട്രേലിയയുടെ പരിശീലകനായെത്തുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം ഇക്കാലയളവില്‍ അദ്ദേഹത്തിനൊപ്പം നടത്താന്‍ ഓസ്‌ട്രേലിയക്കായിട്ടില്ല.ഇന്ത്യ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ നേടിയതുള്‍പ്പെടെ പല തിരിച്ചടികളും ടീം നേരിട്ടിട്ടുണ്ട്.
2019ലെ ഏകദിന ലോകകപ്പിന്റെ സെമി കളിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ പ്രകടനം മോശമായാല്‍ ജസ്റ്റിന്‍ ലാംഗറെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കാനുള്ള സാധ്യത കൂടുതലാണ്. വരുന്ന ആഷസ് ടെസ്റ്റിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ തൊപ്പിതെറിക്കാതിരിക്കാന്‍ ഓസീസ് ടി20 ലോകകപ്പില്‍ തിളങ്ങേണ്ടതായുണ്ട്.

ക്രിസ് സില്‍വര്‍വുഡ് (4.65 കോടി)
ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിന്റെ പ്രതിഫലം 4.65 കോടിയാണ്. ട്രിവര്‍ ബെയ്‌ലിസിന് പകരക്കാരനായി 2019ലാണ് അദ്ദേഹം ഇംഗ്ലണ്ടിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. വലിയ റെക്കോഡുകളൊന്നും ഇക്കാലയളവില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇന്ത്യയോട് തട്ടകത്തിലടക്കം വലിയ തിരിച്ചടി ഇംഗ്ലണ്ട് നേരിട്ടിരുന്നു. അദ്ദേഹം പരിശീലകനായ ശേഷമുള്ള ആദ്യത്തെ വലിയ ടൂര്‍ണമെന്റാണ് നടക്കാന്‍ പോകുന്നത്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ടി20 ലോകകപ്പിലെ പ്രകടനം സില്‍വര്‍വുഡിന് വളരെ പ്രധാനപ്പെട്ടതാണ്. തോറ്റാല്‍ ഇംഗ്ലണ്ട് ടീമിലെ പരിശീലകസ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. ആഷസ് വരെയെങ്കിലും തുടരാന്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പില്‍ തിളങ്ങേണ്ടതായുണ്ട്.

മിക്കി ആര്‍തുര്‍ (3.4 കോടി)
2014ലെ ടി20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്ക ഇത്തവണ ടി20 ലോകകപ്പിന് യോഗ്യത നേടാന്‍ യോഗ്യതാ മത്സരം കളിക്കുകയാണ്. മിക്കി ആര്‍തുറാണ് ടീമിന്റെ പരിശീലകന്‍. ടീമിന്റെ പ്രകടനം മോശമാണെങ്കിലും ആര്‍തുറിന്റെ പ്രതിഫലം മികച്ചതാണ്. 3.4 കോടിയാണ് അദ്ദേഹത്തിന് ഓരോ വര്‍ഷവും നല്‍കുന്നത്. നിലവില്‍ എടുത്തുപറയാവുന്ന താരങ്ങളൊന്നും ശ്രീലങ്കന്‍ നിരയിലില്ല. അതിനാല്‍ത്തന്നെ അത്ഭുതങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും വളരെ കുറവ്. ഇന്ത്യക്കെതിരേ നാട്ടില്‍ ടി20 പരമ്പര നേടിയതൊഴിച്ചാല്‍ കാര്യമായൊന്നും ശ്രീലങ്കക്ക് അവകാശപ്പെടാനാവില്ല. ഈ ടി20 ലോകകപ്പിലെ ടീമിന്റെ പ്രകടനം വിലയിരുത്തി വലിയ പൊളിച്ചെഴുത്തുകള്‍ ടീമില്‍ വരുത്താനുള്ള സാധ്യത കൂടുതലാണ്.

ഗാരി സ്റ്റെഡ് (1.73 കോടി)
സ്ഥിരതയുള്ള ടീമാണ് ന്യൂസീലന്‍ഡ്. അവസാന രണ്ട് ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ച കിവീസിന് ഇത്തവണത്തെ ടി20 ലോകകപ്പിലും പ്രതീക്ഷകളേറെ. ഇത്തവണ ഗാരി സ്റ്റെഡാണ് കിവീസിന്റെ പരിശീലകന്‍. 1.73 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. താരമായിരുന്നപ്പോള്‍ ശ്രദ്ധേയ പ്രകടനം ടീമിനുവേണ്ടി നടത്താന്‍ സ്റ്റെഡിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ പരിശീലകനായി അദ്ദേഹത്തിന് കീഴില്‍ ഇറങ്ങുമ്പോഴും ന്യൂസീലന്‍ഡ് ടീമിന് പ്രതീക്ഷകളേറെ.

റസല്‍ ഡൊമിന്‍ഗോ (1.29 കോടി)
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാണ് റസല്‍ ഡൊമിന്‍ഗോ. 1.29 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ബംഗ്ലാദേശ് എക്കാലത്തും കറുത്ത കുതിരകളാണ്. പരിചയസമ്പന്നനായ പരിശീലകനാണ് അദ്ദേഹം. നേരത്തെ ദക്ഷിണാഫ്രിക്കയേയും പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കീഴില്‍ അത്ഭുതങ്ങളാണ് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നത്. 2019ല്‍ സ്റ്റീവ് റോഡിസിന് പകരക്കാരനായാണ് അദ്ദേഹം ബംഗ്ലാദേശ് പരിശീലകനാവുന്നത്. അദ്ദേഹത്തിന് കീഴില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെയെല്ലാം ബംഗ്ലാദേശ് പരമ്പര നേടി.

മാര്‍ക്ക് ബൗച്ചര്‍ (1.5 കോടി)
മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മാര്‍ക്ക് ബൗച്ചറാണ് ഇപ്പോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍. 1.5 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. യുവതാരങ്ങളെ വളര്‍ത്താനോ മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാനോ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തിയാല്‍ അദ്ദേഹത്തിന് പരിശീലകസ്ഥാനം നഷ്ടമായേക്കും.

ഫില്‍ സിമ്മണ്‍സ് (64.5 ലക്ഷം)
മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ പരിശീലക സ്ഥാനത്ത് ഫില്‍ സിമ്മണ്‍സാണുള്ളത്. 64.5 ലക്ഷമാണ് അദ്ദേഹത്തിന്റെ പ്രതിഫലം. 2019 മുതല്‍ ടീമിന്റെ പരിശീലകസ്ഥാനത്തുള്ള അദ്ദേഹം ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഇത്തവണ ടി20 ലോകകപ്പില്‍ ശക്തമായ താരനിരയാണ് വെസ്റ്റ് ഇന്‍ഡീസിനൊപ്പമുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications