T20 World Cup 2021: 'ടീമില്‍ ഒരു പേസ് ബൗളര്‍ കൂടി വേണം, ഇല്ലെങ്കില്‍ തിരിച്ചടി', മൂന്ന് കാരണങ്ങളിതാ
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം നിരവധി സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു. ടി20 യിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായ യുസ്‌വേന്ദ്ര ചഹാലിനെ തഴഞ്ഞതും നാല് വര്‍ഷത്തിന് ശേഷം ആര്‍ അശ്വിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അഞ്ച് സ്പിന്നര്‍മാരെയാണ് 15 അംഗ ടീമിലേക്ക് പരിഗണിച്ചതെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

യുഎഇയിലെ സാഹചര്യത്തില്‍ സ്പിന്നിന് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമെന്നതിനാലാണ് ഇത്തരമൊരു നീക്കം. പേസ് നിരയില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ഇടം പിടിച്ചത്. ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ റിസര്‍വ് താരങ്ങളായാണ് പരിഗണിച്ചത്. ഇന്ത്യ സ്പിന്‍ നിരയെ അമിതമായി വിശ്വസിക്കുന്നത് തിരിച്ചടിയാവാനുള്ള സാധ്യത കൂടുതലാണ്. 2020ലെ യുഎഇ ഐപിഎല്ലില്‍ കഗിസോ റബാദ്, ആന്‍ റിച്ച് നോക്കിയേ, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിവരൊക്കെ തിളങ്ങിയതാണ്. അതിനാല്‍ യുഎഇയില്‍ പേസിന് തിളങ്ങാനാവില്ലെന്ന് പറയാന്‍ സാധിക്കില്ല.
ഇന്ത്യ 15 അംഗ ടീമിലേക്ക് ഒരു പേസ് ബൗളറെക്കൂടി പരിഗണിക്കണമായിരുന്നു. ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് പേസര്‍മാര്‍ക്കും പ്രശ്‌നങ്ങളുണ്ട്. ഇന്ത്യ ഒരു പേസറെക്കൂടി 15 അംഗ ടീമിലേക്ക് പരിഗണിക്കണമായിരുന്നു എന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

യുഎഇയില്‍ നല്ല പേസര്‍മാര്‍ക്ക് തിളങ്ങാനാവും
യുഎഇയിലെ പിച്ചില്‍ പേസിന് തിളങ്ങാനാവില്ലെന്ന് പറായാനാവില്ല. കാരണം പേസര്‍മാര്‍ക്ക് മികച്ച റെക്കോഡുള്ള പിച്ചാണിത്. 2020ലെ യുഎഇ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയതും പേസര്‍മാരായിരുന്നു. അതിനാല്‍ത്തന്നെ നാല് പേസര്‍മാരെയും നാല് സ്പിന്നര്‍മാരെയും ഇന്ത്യ പരിഗണിക്കുന്നതായിരുന്നു നല്ലത്.
റിസര്‍വ് താരങ്ങളായി രണ്ട് പേസര്‍മാരുണ്ടെങ്കിലും 15 അംഗ ടീമിലെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാത്തപ്പോള്‍ അവരെ പരിഗണിക്കുക പ്രയാസമാണ്. മുഹമ്മദ് ഷമി വെറും 12 ടി20യാണ് ഇന്ത്യക്കായി കളിച്ചത്. അത്ര മികച്ച പ്രകടനവും അവകാശപ്പെടാനാവില്ല. ഈ അവസരത്തില്‍ മികച്ച ഫോമിലുള്ള ദീപക് ചഹാറിനെ ഇന്ത്യ 15 അംഗ ടീമിലേക്ക് പരിഗണിക്കാമായിരുന്നു.

ഭുവിയുടെ ഫിറ്റ്‌നസ് പ്രശ്‌നം
പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകള്‍ പുറത്തിരുന്ന ശേഷമാണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷവും ഭുവിക്ക് പരിക്കേറ്റിരുന്നു. 2021ലെ ആദ്യ പാദ ഐപിഎല്ലിന് ഇടക്കും അദ്ദേഹം പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നു. സമീപകാലത്തായി ഇത്തരത്തില്‍ പരിക്കേല്‍ക്കുന്ന ഭുവിയുടെ ഫിറ്റ്‌നസ് ടി20 ലോകകപ്പിലും ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. ഐപിഎല്ലിന് ശേഷമാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതിനാല്‍ത്തന്നെ ഇടക്ക് വെച്ച് ഭുവിക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഭുവിക്ക് പരിക്കേല്‍ക്കുകയോ മോശം ഫോമിലേക്ക് വരികയോ ചെയ്താല്‍ പകരം പേസറില്ലെന്നതും തിരിച്ചടിയാണ്. മുഹമ്മദ് ഷമി റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത താരമാണ്. അങ്ങനെ വന്നാല്‍ ഡെത്ത് ഓവറിലെ ഇന്ത്യയുടെ കണക്ക് കൂട്ടലുകള്‍ പിഴക്കും.

ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് പ്രശ്‌നം
ഹര്‍ദിക് പാണ്ഡ്യയെ പേസ് ഓള്‍റൗണ്ടറായി പരിഗണിക്കുന്നതിനാലാണ് ഇന്ത്യ നാലാമതൊരു പേസറെ ഉള്‍പ്പെടുത്താത്തിരുന്നത്. എന്നാല്‍ ഹര്‍ദിക്ക് സമീപകാലത്തായി പരിക്കിന്റെ പിടിയിലാണ്. പുറം വേദന വിട്ടുമാറാത്തത് അദ്ദേഹത്തിന്റെ ബൗളിങ്ങിനെയും ബാധിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനത്തില്‍ പന്തെറിഞ്ഞപ്പോഴെല്ലാം നന്നായി തല്ലുവാങ്ങിയിരുന്നു. ഹര്‍ദിക്കിനെ പരിക്ക് ഇപ്പോഴും വേട്ടയാടുന്നതില്‍ അദ്ദേഹത്തിന്റെ ബൗളിങ്ങിനെ വിശ്വസിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഫിനിഷറെന്ന നിലയില്‍ ഹര്‍ദിക്കിനെ ഉപയോഗിക്കാമെങ്കിലും പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ അദ്ദേഹത്തെ കളിപ്പിക്കുക പ്രയാസം തന്നെയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications