T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍
ദുബായ്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ട് ജയം കൂടി നേടി ഇന്ത്യ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഇതോടെ നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും മറികടക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താന്‍ സെമിയില്‍ പ്രവേശിച്ചതിനാല്‍ ഒരു ടീമിനുകൂടിയാണ് അവസരമുള്ളത്.
മൂന്ന് ജയം നേടിയ ന്യൂസീലന്‍ഡിനാണ് കൂടുതല്‍ സാധ്യത. ഇന്ത്യക്ക് രണ്ട് ജയമാണുള്ളത്. അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് മത്സരഫലമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുക. അഫ്ഗാനിസ്ഥാനെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് മടക്കടിക്കറ്റെടുക്കാം. മറിച്ചാണെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാനാവും. സ്‌കോട്ട്‌ലന്‍ഡിനെതിരേ ഏകപക്ഷീയ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 85 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. മത്സരത്തില്‍ ഇന്ത്യയുടെ ജയത്തിന് കാരണമായ മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മൂന്ന് സ്പിന്നര്‍മാര്‍ പദ്ധതി ഫലിച്ചു
ഇന്ത്യ ടീമില്‍ മാറ്റങ്ങളില്ലാതെയാവും ഇറങ്ങുകയെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നിര്‍ണ്ണായകമായ ഒരു മാറ്റം സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യ വരുത്തി. പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിന് വിശ്രമം നല്‍കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിലേക്ക് തിരികെയെത്തിച്ചു. ഈ നീക്കം ഇന്ത്യക്ക് ഗുണം ചെയ്തു. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല. സ്‌കോട്ട്‌ലന്‍ഡിന്റെ ബാറ്റിങ് നിരയെ ഏറ്റവും പ്രയാസപ്പെടുത്തിയത് ഇന്ത്യയുടെ സ്പിന്നര്‍മാരാണ്. ഇന്ത്യയുടെ ഈ പദ്ധതി ഫലിച്ചത് വിജയത്തില്‍ നിര്‍ണ്ണായകമായി. പേസര്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ യുസ്‌വേന്ദ്ര ചഹാലിനെ മറികടന്ന് ഇന്ത്യയുടെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്താന്‍ ബുംറക്കായി.

ടോസ് ഇന്ത്യക്ക് അനുകൂലമായി
ടോസ് ദുബായില്‍ നിര്‍ണ്ണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്നത് ഏത് വലിയ ടീമാണെങ്കിലും പ്രയാസപ്പെടും. കാരണം ആദ്യം പന്തെറിയുന്നവര്‍ക്ക് കൂടുതല്‍ സ്വിങ്ങും പേസും ലഭിക്കും. രണ്ടാമത് പന്തെറിയുമ്പോള്‍ മഞ്ഞ് വീഴ്ച്ചയെത്തുടര്‍ന്ന് കാര്യങ്ങള്‍ ബാറ്റ്‌സ്മാന് അനുകൂലമായിരിക്കും. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതില്‍ ടോസിന് നിര്‍ണ്ണായക പ്രാധാന്യമാണുള്ളത്. സ്‌കോട്ട്‌ലന്‍ഡിനെതിരേ ടോസ് ഇന്ത്യക്ക് അനുകൂലമായതോടെ കാര്യങ്ങള്‍ എളുപ്പമായി. പിച്ചിലെ ബൗളിങ്ങിന്റെ ആധിപത്യം ഇന്ത്യ മുതലാക്കിയതോടെ അനായാസമായിത്തന്നെ വിജയം നേടിയെടുത്തുവെന്ന് പറയാം. കെ എല്‍ രാഹുല്‍ 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയത് ഇന്ത്യന്‍ ജയം വേഗത്തിലാക്കി. രോഹിത് ശര്‍മ 16 പന്തില്‍ 30 റണ്‍സും നേടി.

ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കെത്തി
ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്ക് തിരിച്ചടിയായത് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമായിരുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ ഒന്നിലധികം വിക്കറ്റ് നഷ്ടമാവുകയും ഇന്ത്യ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുന്ന കാഴ്ചയാണ് ആദ്യ രണ്ട് മത്സരത്തിലും കണ്ടത്. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേയും സ്‌കോട്ട്‌ലന്‍ഡിനെതിരെയും ഇന്ത്യയുടെ ബാറ്റിങ് നിര തിളങ്ങിയതാണ് വിജയത്തിന് കാരണമായത്. പ്രധാനമായും ഓപ്പണര്‍മാര്‍. അഫ്ഗാനിസ്ഥാനെതിരേ ഒന്നാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. സ്‌കോട്ട്‌ലന്‍ഡിനെതിരെയും ഓപ്പണര്‍മാരാണ് തിളങ്ങിയത്. രോഹിത് ശര്‍മ മടങ്ങുമ്പോള്‍ അഞ്ച് ഓവറില്‍ 70 റണ്‍സ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications