Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 'ഏത് എതിരാളിയും വിറക്കും', ഇന്ത്യയുടെ ശക്തമായ പ്ലേയിങ് 11 ഇതാ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെ രാത്രിയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ നിരയില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ടും മികച്ച ടീമിനെത്തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറയാം. യുഎഇയിലെ സ്പിന്‍ സാഹചര്യം വിലയിരുത്തി അഞ്ച് സ്പിന്നര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്കെത്തിയത് അപ്രതീക്ഷിതമായിരുന്നു. യുസ് വേന്ദ്ര ചഹാലിനെ ഒഴിവാക്കാനുള്ള തീരുമാനമാണ് ഏറ്റവും ശ്രദ്ധേയമായത്. ദീപക് ചഹാര്‍, ശ്രേയസ് അയ്യര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ റിസര്‍വ് താരങ്ങളായാണ് ഇന്ത്യ പരിഗണിച്ചത്. കരുത്തുറ്റ ബാറ്റിങ് നിരയും ബൗളിങ് നിരയും തന്നെയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഐപിഎല്ലിന്റെ രണ്ടാം പാദം യുഎഇയിലാണ് നടക്കുന്നത്. ഇതിന് പിന്നാലെ ഇതേ വേദിയില്‍ ടി20 ലോകകപ്പ് നടക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമായേക്കും.

ഉപദേഷ്ടാവായി ധോണിയും എത്തുന്നതോടെ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസവും ലഭിക്കും. ശക്തമായ താരനിരയില്‍നിന്ന് മികച്ച പ്ലേയിങ് 11ല്‍ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും ടി20 ലോകകപ്പില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യതയുള്ള മികച്ച പ്ലേയിങ് 11 ഏതാണെന്ന് നോക്കാം.


രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍

ഓപ്പണിങ്ങില്‍ ഇന്ത്യക്ക് അനുയോജ്യമായത് കെ എല്‍ രാഹുല്‍ - രോഹിത് ശര്‍മ കൂട്ടുകെട്ട് തന്നെയാണ്. യുഎഇയില്‍ നടന്ന 2020ലെ ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിരുന്നു. ഇതേ വര്‍ഷം ഐപിഎല്‍ ഫൈനലില്‍ മുംബൈയെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ വിജയത്തിലെത്തിച്ചത് രോഹിത് ശര്‍മയായിരുന്നു. വിരാട് കോലി ഓപ്പണറായി എത്തുന്നതിലും നല്ലത് ഈ കൂട്ടുകെട്ട് തന്നെയാണ്. രണ്ട് പേരും ആക്രമിച്ച് കളിക്കാന്‍ മികവുള്ളവരായതിനാല്‍ പവര്‍പ്ലേയിലടക്കം അതിവേഗം റണ്‍സുയര്‍ത്താനാവും. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ ഓപ്പണര്‍മാരും രാഹുലും രോഹിതും തന്നെയാണ്.

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ. കോലിയുടെ സമീപകാലത്തെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. എന്നാല്‍ ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദത്തിലെ പ്രകടനം കോലിക്ക് വളരെ നിര്‍ണ്ണായകമാവും. ആര്‍സിബി നായകനായ കോലി ഫോം കണ്ടെത്താതെ വന്നാല്‍ ഇന്ത്യന്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കാനും സാധ്യതയേറെയാണ്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ഇറങ്ങുമ്പോള്‍ മുതല്‍ ആക്രമിച്ച് റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് വലിയ മികവുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലുമെല്ലാം സൂര്യയുടെ മികവ് കണ്ടതാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളിലൊരാളാണ് സൂര്യ. 2020ലെ യുഎഇ ഐപിഎല്ലിലും തിളങ്ങാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു. ഈ മികവ് ടി20 ലോകകപ്പിലും ഇന്ത്യ സൂര്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

റിഷഭ് പന്താണ് അഞ്ചാമന്‍. ടീമിലെ പ്രധാന ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന സവിശേഷതയും വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനുണ്ട്. രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ഇടം കൈയന്‍മാര്‍. ഇതില്‍ റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭിന്റെ പ്രകടനം ഇന്ത്യയുടെ ലോകകപ്പിലെ കുതിപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലുണ്ടാവും. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം സമീപകാലത്തായി പരിക്കിന്റെ പിടിയിലാണ്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കുമോയെന്നത് സംശയമാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഹര്‍ദിക് പന്തെറിഞ്ഞിരുന്നെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയിരുന്നില്ല. ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദത്തിലെ ഹര്‍ദിക്കിന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്ക് അവസരം ലഭിക്കാനാണ് സാധ്യത. സ്പിന്‍ ഓള്‍റൗണ്ടറായ ജഡജേയും അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. അവസാന ഓവറുകളില്‍ നിര്‍ണ്ണായക റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ജഡേജക്കാവും. കൂടാതെ അദ്ദേഹത്തിന്റെ സ്പിന്‍ ബൗളിങ്ങിന് യുഎഇയില്‍ തിളങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്.

ആര്‍ അശ്വിനാവും എട്ടാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യത. അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് അശ്വിന്‍. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അശ്വിന്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. സീനിയര്‍ താരമായ അശ്വിന്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണ്.

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍കുമാര്‍

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍കുമാര്‍

പേസര്‍മാരായി ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പ്ലേയിങ് 11ല്‍ ഉറപ്പാണ്. മുംബൈ ഇന്ത്യന്‍ താരമായ ബുംറ 2020ലെ യുഎഇ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മികവുള്ള ബുംറ റണ്‍സ് വിട്ടുകൊടുക്കാനും വളരെ മടിയുള്ള ബൗളറാണ്. ബുംറയുടെ സമീപകാലത്തെ ഫോമും വളരെ മികച്ചതാണ്. പവര്‍പ്ലേയില്‍ ഒരോവര്‍ നല്‍കിയ ശേഷം ഡെത്ത് ഓവളില്‍ ബുംറയെ കൂടുതല്‍ ഉപയോഗിക്കാനാണ് സാധ്യത. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ബുംറക്ക് സവിശേഷ മികവുണ്ട്.

ഇന്ത്യയുടെ സീനിയര്‍ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍ സ്വിങ് ചെയ്യിക്കാനും പന്തില്‍ വ്യത്യാസങ്ങള്‍ വരുത്താനും മിടുക്കനാണ്. സ്ലോ ബോള്‍, നക്കിള്‍ ബോള്‍, ഇന്‍സ്വിങര്‍, ഔട്ട് സ്വിങ്ങര്‍, യോര്‍ക്കര്‍ എന്നിവയെല്ലാം ഭുവനേശ്വറുടെ കൈയില്‍ ഭദ്രം. ഡെത്ത് ഓവറില്‍ ഭുവി - ബുംറ കൂട്ടുകെട്ട് എതിരാളികളുടെ പേടി സ്വപ്‌നമായിരിക്കും.

വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ദീപക് ചഹാര്‍

വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ദീപക് ചഹാര്‍

ടീമിലെ 11ാമന്‍ ആരെന്നതാണ് പ്രധാനമായുള്ള പ്രശ്‌നം. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസറും വേണോ അതോ രണ്ട് സ്പിന്നറും മൂന്ന് പേസറും വേണോയെന്നത് നായകന്റെ തീരുമാനം അനുസരിച്ചിരിക്കും. മുഹമ്മദ് ഷമിയെ പരിഗണിക്കാമെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത പേസറാണ്. റിസര്‍വ് താരമായ ദീപക് ചഹാറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ന്യൂബോളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് ദീപക്. കൂടാതെ ബാറ്റിങ്ങിലും തിളങ്ങാനാവും. സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍ എന്നിവരിലൊരാള്‍ക്കും അവസരം നല്‍കാനും സാധ്യതയുണ്ട്.

Story first published: Thursday, September 9, 2021, 13:09 [IST]
Other articles published on Sep 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+