Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ, അഭിമാന നേട്ടത്തോടെ കോലിക്കും പടിയിറക്കം

ദുബായ്: ടി20 ലോകകപ്പിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ നാട്ടിലേക്ക് മടങ്ങുകയാണ്. നമീബിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മടക്കം. ഫേവറേറ്റുകളായി ടൂര്‍ണമെന്റിലേക്കെത്തി സെമി പോലും കാണാതെയാണ് ഇന്ത്യന്‍ ടീം പുറത്തായത്. വിരാട് കോലി ടി20 നായകനെന്ന നിലയില്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റായതിനാലും രവി ശാസ്ത്രിയും സംഘവും പടിയിറങ്ങുന്ന അവസാന ടൂര്‍ണമെന്റായതിനാലും ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ ചരിത്രത്തിലാദ്യമായി പാകിസ്താനോട് ലോകകപ്പില്‍ തോറ്റാണ് ഇന്ത്യ തുടങ്ങിയത്. അതും 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും ഇന്ത്യ പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനും നമീബിയയെ ഒമ്പത് വിക്കറ്റിനും ഇന്ത്യ തോല്‍പ്പിച്ചെങ്കിലും സെമിയിലേക്കെത്താന്‍ അത് മതിയാവുമായിരുന്നില്ല. നമീബിയക്കെതിരായ അവസാന മത്സരത്തില്‍ നിരവധി റെക്കോഡുകള്‍ കുറിക്കപ്പെട്ടിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1

ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയമാണ് നമീബിയക്കെതിരേ നേടിയിരിക്കുന്നത്. ഒമ്പത് വിക്കറ്റിന് ടി20 ലോകകപ്പില്‍ ഇന്ത്യ ജയിക്കുന്നത് ഇതാദ്യം. ടി20 നായകനെന്ന നിലയില്‍ വിരാട് കോലി കളിക്കുന്ന അവസാന മത്സരമായിരുന്നു ഇത്. ഇന്ത്യയെ കോലി നയിക്കുന്ന 50ാം ടി20 മത്സരമായിരുന്നു ഇത്. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ നായകനാണ് അദ്ദേഹം. മൂന്ന് ഫോര്‍മാറ്റിലും നായകനായി 50 ലധികം മത്സരം കളിക്കുന്ന രണ്ടാമത്തെ താരമാണ് കോലി. എംഎസ് ധോണിയാണ് ഒന്നാമത്.

2

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് നമീബിയക്കെതിരേയും ക്ലിക്കായി. ടി20 ലോകകപ്പില്‍ മൂന്ന് തവണ 50ലധികം റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും. 2014ല്‍ രോഹിത്തും കോലിയും ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് മത്സരത്തിലും തിളങ്ങിയ രോഹിത് ടി20യില്‍ ഇന്ത്യക്കായി 3000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു. കോലിയാണ് രോഹിത്തിന് മുന്നിലുള്ള ഏക താരം.

3

44 ക്യാച്ചുകളുമായി ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ ക്യാച്ച് നേടുന്ന താരമായി രോഹിത് ശര്‍മ. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനും രോഹിത്തിനായി. 847 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 845 റണ്‍സുള്ള കോലിയെയാണ് രോഹിത് മറികടന്നത്. കൂടാതെ ടി20 ലോകകപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോഡും ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കി. അഞ്ച് അര്‍ധ സെഞ്ച്വറിയാണ് രോഹിത്ത് നേടിയത്. നാല് അര്‍ധ സെഞ്ച്വറിയുള്ള ഗൗതം ഗംഭീറിനെയാണ് രോഹിത് മറികടന്നത്.

4

ഒരു ടി20 മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തുന്നത് ഇതാദ്യം. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും നമീബിയക്കെതിരേ മൂന്ന് വിക്കറ്റുകള്‍ നേടി. കഴിഞ്ഞ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ കെ എല്‍ രാഹുലിനായിരുന്നു. ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രാഹുല്‍ മാറി.

5

ആര്‍ അശ്വിന്‍ ഇന്ത്യയുടെ ഐസിസി ടൂര്‍ണമെന്റുകളിലെ മികവ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി 50 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. 36 മത്സരത്തില്‍ നിന്ന് 52 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. 71 വിക്കറ്റുമായി സഹീര്‍ ഖാനാണ് തലപ്പത്ത്. 50 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിങ്ങിനെയും മറികടക്കാന്‍ അശ്വിനായി.

Story first published: Tuesday, November 9, 2021, 10:16 [IST]
Other articles published on Nov 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+