T20 World Cup 2021: 'ഈ മൂന്ന് കിവീസ് താരങ്ങളെ ഇന്ത്യ കരുതിയിരിക്കണം', രോഹിത്തും രാഹുലും ഭയക്കണം
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം 31ന് നടക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് ജയം നേടി പാകിസ്താന്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനക്കാരായി ആരാവും ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്തുകയെന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യയും ന്യൂസീലന്‍ഡും ആദ്യ മത്സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. അതിനാല്‍ നേര്‍ക്കുനേര്‍ മത്സരത്തിലെ ഫലം നിര്‍ണ്ണായകമാവും.
ദുബായ് വേദിയാവുന്ന മത്സരത്തില്‍ ആര് ജയിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുണ്ട്. അതിനാല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഫോമിലേക്കെത്തുന്ന ടീമിനാവും വിജയം നേടാനാവുക. പാകിസ്താനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യക്ക് ഇനിയുള്ള നാല് മത്സരവും നിര്‍ണ്ണായകമാണ്. ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിനാണ് പാകിസ്താനോട് തോറ്റത്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനാണ്.
നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് എന്നും തലവേദന ഉയര്‍ത്തുന്ന ടീമാണ് ന്യൂസീലന്‍ഡ്. പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ സവിശേഷമായ മികവ് ന്യൂസീലന്‍ഡിനുണ്ട്. 2003ലാണ് അവസാനമായി ഇന്ത്യ കിവീസിനെ ഐസിസി ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ചത്. സൗരവ് ഗാംഗുലി നേടിയെടുത്ത ഈ ജയത്തിന് ശേഷം പിന്നീടൊരു ഇന്ത്യന്‍ ക്യാപ്റ്റനും ഈ നേട്ടത്തിലെത്താനായിട്ടില്ല.
രണ്ട് തവണ പ്രധാന മത്സരങ്ങളില്‍ കോലിയും സംഘവും കിവീസിന് മുന്നില്‍ കീഴടങ്ങി. ഇതിന് ഇത്തവണ പകരം വീട്ടേണ്ടതായുണ്ട്.എന്നാല്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി മൂന്ന് കിവീസ് താരങ്ങളുണ്ട്. ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ തട്ടിത്തെറിപ്പിക്കാന്‍ കെല്‍പ്പുള്ള മൂന്ന് ന്യൂസീലന്‍ഡ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷ് സോധി
ദുബായില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. വലിയ ടേണ്‍ ലഭിക്കില്ലെങ്കിലും ബുദ്ധിപൂര്‍വ്വം പന്തെറിയുന്ന സ്പിന്നര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനായേക്കും. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ഇഷ് സോധി. 58 മത്സരങ്ങളില്‍ നിന്ന് 75 ടി20 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയ സോധി പാകിസ്താനെതിരെയും ഗംഭീര പ്രകടനമാണ് നടത്തിയത്. മുഹമ്മദ് റിസ്വാനെയും ഫഖര്‍ സമാനെയും പുറത്താക്കിയ സോധി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റിങ് നിരക്ക് വലിയ തലവേദനയായേക്കും.
സ്പിന്‍ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യം മുതലാക്കാന്‍ സോധിക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. 2016ലെ ടി20 ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിരാട് കോലി,രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവരെ പുറത്താക്കാന്‍ സോധിക്കായിരുന്നു.

ട്രന്റ് ബോള്‍ട്ട്
ഇന്ത്യ ഏറ്റവും ഭയക്കുന്നത് കിവീസിന്റെ ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിനെയാവും. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ മുഹമ്മദ് അമീര്‍, 2021ലെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഷഹീന്‍ അഫ്രീദി എന്നീ ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യയെ തകര്‍ത്തത് എല്ലാവരും കണ്ടതാണ്. അതിനാല്‍ത്തന്നെ ന്യൂസീലന്‍ഡ് പേസര്‍ ബോള്‍ട്ടും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ അന്തകനായേക്കും. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ സാധിക്കുന്ന ബോള്‍ട്ട് ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. യുഎഇയിലെ സാഹചര്യത്തില്‍ പരിചയസമ്പത്തുള്ള ബൗളറാണ് ബോള്‍ട്ട്.

കെയ്ന്‍ വില്യംസന്‍
കെയ്ന്‍ വില്യംസനെയാണ് ഇന്ത്യ കരുതിയിരിക്കേണ്ടത്. നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് വില്യംസന്‍. മികച്ച ബാറ്റിങ് റെക്കോഡുള്ള വില്യംസന്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഇന്ത്യക്കെതിരേ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ 67 റണ്‍സെടുത്ത വില്യംസന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. നായകനെന്ന നിലയില്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ തിളങ്ങുന്നത് വില്യംസണിന്റെ സവിശേഷതയാണ്. ഈ മികവിനെ ഇന്ത്യ കരുതിയിരിക്കണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications