'ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്', റിസ്വാനെയും ബാബറിനെയും ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച് കോലി
ദുബായ്: ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മുമ്പ് തന്നെ ചിരവൈരി പോരാട്ടമെന്ന നിലയില്‍ പതിവ് പോലെയുള്ള എല്ലാ കലാപരിപാടികളും ഇത്തവണയുമുണ്ടായിരുന്നു. പ്രവചനങ്ങളും വെല്ലുവിളികളും വിലയിരുത്തലുകളും വിമര്‍ശനങ്ങളുമെല്ലാം ആവേശ മത്സരത്തിന് മുമ്പുണ്ടായിരുന്നു. കണക്കുകളും ചരിത്രവും ഇന്ത്യക്കൊപ്പമായതിനാല്‍ പല പ്രമുഖരുടെയും പ്രവചനം ഇന്ത്യക്ക് അനുകൂലമായിരുന്നു. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാത്തവരെന്ന ചീത്തപ്പേര് 10 വിക്കറ്റിന്റെ ജയത്തോടെയാണ് പാകിസ്താന്‍ മറികടന്നത്.
ഇത്തവണ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്കെതിരേ സര്‍വാധിപത്യം പുലര്‍ത്തിയാണ് ബാബര്‍ ആസമും സംഘവും ജയിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള അഭിമാന പോരാട്ടമെന്ന നിലയിലേക്ക് പലപ്പോഴും ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ മാറാറുണ്ട്. എന്നാല്‍ ഇതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നതാണ് വസ്തുത. ടിക്കറ്റിന്റെ ആവിശ്യക്കാരെ ഉയര്‍ത്താനുള്ള വെറും തന്ത്രം മാത്രം. ഇരു രാജ്യത്തെയും താരങ്ങള്‍ തമ്മില്‍ ഈ ശത്രുതാ മനോഭാവമില്ലെന്ന് പാകിസ്താനെതിരായ മത്സര ശേഷമുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു.

10 വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടിയ പാകിസ്താന്റെ ഓപ്പണര്‍മാരായ ബാബര്‍ ആസമിനെയും മുഹമ്മദ് റിസ്വാനെയും ചേര്‍ത്തുപിടിച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഭിനന്ദിച്ചത്. ഇന്ത്യയുടെ ആരാധകര്‍ അഭിമാനം നഷ്ടപ്പെട്ട നിലയില്‍ കണ്ണീരൊഴുക്കുമ്പോഴും റിസ്വാനെയും ബാബറിനെയും കോലി നിറപുഞ്ചിരിയോടെയാണ് അഭിനന്ദിച്ചത്. അതില്‍ നിന്ന് തന്നെ രണ്ട് രാജ്യങ്ങളിലെയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദം വ്യക്തം. ഇതുകൊണ്ടൊക്കെയാണ് ക്രിക്കറ്റിനെ മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്നത്.
മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പാകിസ്താന്റെ പ്രകടനത്തെ കോലി അഭിനന്ദിച്ചു. ഇന്ത്യയുടെ പദ്ധതികളൊന്നും നടപ്പിലാക്കാനാവാത്തതാണ് തിരിച്ചടിയായതെന്ന് കോലി മത്സരശേഷം വ്യക്തമാക്കിയിരുന്നു. തോല്‍വിയുടെ നിരാശ ഏറെയാണെങ്കിലും നന്നായി കളിച്ച എതിര്‍ ടീം താരങ്ങളെ അഭിനന്ദിക്കാന്‍ കാട്ടിയ കോലിയുടെ വലിയ മനസിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിക്കുന്നു. ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മത്സരശേഷം മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ഇന്ത്യയുടെ ഉപദേഷ്ടാവുമായ എംഎസ് ധോണിയുമായും പാക് താരങ്ങള്‍ സംസാരിച്ചിരുന്നു. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമും ഷുഹൈബ് മാലിക്കുമെല്ലാം ധോണിയോട് സംസാരിക്കുകയും ഹസ്തദാനം നല്‍കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ധോണിക്ക് വലിയ ആരാധക പിന്തുണ പാകിസ്താനിലുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്തായാലും ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ നേടുന്ന ആദ്യ ജയം അവര്‍ പൊരുതി നേടിയതാണെന്നതിനാല്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ (0), കെ എല്‍ രാഹുല്‍ (3) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വിരാട് കോലിയുടെ (57) പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. 49 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സുമാണ് കോലി നേടിയത്. സൂര്യകുമാര്‍ യാദവും (11) നിരാശപ്പെടുത്തിയപ്പോള്‍ റിഷഭ് പന്ത് (39) നിര്‍ണ്ണായക പ്രകടനം നടത്തി. 30 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും അദ്ദേഹം നേടി. രവീന്ദ്ര ജഡേജ (13), ഹര്‍ദിക് പാണ്ഡ്യ (11) എന്നിവര്‍ക്ക് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനുമായില്ല.
മറുവശത്ത് തുടക്കം മുതല്‍ പാക് ഓപ്പണര്‍മാര്‍ തല്ലിത്തകര്‍ത്തു. മുഹമ്മദ് റിസ്വാന്‍ (79), ബാബര്‍ ആസം (68) അപരാജിത കൂട്ടുകെട്ടാണ് പാകിസ്താനെ വിജയത്തിലേക്കെത്തിച്ചത്. റിസ്വാന്‍ ആറ് ഫോറും മൂന്ന് സിക്‌സും നേടിയപ്പോള്‍ ബാബര്‍ ആറ് ഫോറും രണ്ട് സിക്‌സും നേടി. ഇത്തവണ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരക്കാരാണ് പാകിസ്താന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications