T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചാരമാക്കി ഇന്ത്യ, റെക്കോഡിട്ട് ബുംറയും രാഹുലും, എല്ലാമറിയാം
ദുബായ്: ടി20 ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി ഇന്ത്യ. സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഒരു വിക്കറ്റുമായി ആര്‍ അശ്വിനും ബൗളിങ്ങില്‍ തിളങ്ങി. ബാറ്റിങ്ങില്‍ കെ എല്‍ രാഹുല്‍ (19 പന്തില്‍ 50),രോഹിത് ശര്‍മ (16 പന്തില്‍ 30) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ അനായാസ ജയത്തിലേക്കെത്തിച്ചത്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും മറികടന്നു. ഇനി ന്യൂസീലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാം. ന്യൂസീലന്‍ഡ് അഫ്ഗാനെ കീഴടക്കിയാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ അവിടെ അവസാനിക്കും. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിലൂടെ ഇന്ത്യന്‍ താരങ്ങള്‍ നേടിയെടുത്ത ചില തകര്‍പ്പന്‍ റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ജന്മദിനത്തില്‍ ജയിക്കുന്ന നായകനായി കോലി
വിരാട് കോലിയുടെ ജന്മദിനമായിരുന്നു ഇന്നലെ. തുടര്‍ച്ചയായ ആറ് ടി20യില്‍ ടോസ് നഷ്ടപ്പെട്ട കോലിക്ക് ഇന്നലെ ടോസ് ലഭിച്ചു. കൂടാതെ ജന്മദിനത്തിന്റെ അന്ന് വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലി നേടിയെടുത്തു.2015ല്‍ മൊഹാലിയില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമ്പോള്‍ ക്യാപ്റ്റനായിരുന്നു കോലി. തന്റെ 27ാം ജന്മദിനത്തില്‍ ആരംഭിച്ച മത്സരത്തില്‍ ടോസ് കോലിക്ക് ലഭിച്ചിരുന്നു.

വിക്കറ്റ് വേട്ടക്കാരില്‍ ബുംറ തലപ്പത്ത്
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ സ്‌കോട്ട്‌ലന്‍ഡിനെതിരേ രണ്ട് വിക്കറ്റ് വീഴ്ത്തി ചരിത്ര നേട്ടത്തിലാണെത്തിയിരിക്കുന്നത്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന്റെ 63 വിക്കറ്റുകളെയാണ് ബുംറ മറികടന്നത്. നിലവില്‍ 54 മത്സരത്തില്‍ നിന്ന് 64 വിക്കറ്റുകള്‍ ബുംറക്കുണ്ട്. ചഹാല്‍ 49 മത്സരത്തില്‍ നിന്നാണ് 63 വിക്കറ്റ് നേടിയത്. 48 മത്സരത്തില്‍ നിന്ന് 55 വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്.

മികച്ച വ്യക്തിഗത ബൗളിങ് പ്രകടനവുമായി ജഡേജ
ഇന്ത്യയുടെ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതമാണ വീഴ്ത്തിയത്. രണ്ട് പേരും നാല് ഓവറില്‍ വഴങ്ങിയത് 15 റണ്‍സ്. രണ്ട് പേരുടെയും ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളിങ് പ്രകടനമാണിത്. ജഡേജയാണ് കളിയിലെ താരമായത്. അഫ്ഗാനിസ്ഥാനെതിരേ മുഹമ്മദ് ഷമി 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ ജയം
ബോളിന്റെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. 7.1 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നാല്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ മറികടക്കാമായിരുന്നു. എന്നാല്‍ 6.3 ഓവറില്‍ ഈ റണ്‍സ് മറികടന്ന് ഇന്ത്യ ന്യൂസീലന്‍ഡിനെയും നെറ്റ് റണ്‍റേറ്റില്‍ പിന്നിലാക്കി. 81 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ വിജയം നേടിയത്. ഇതിന് മുമ്പ് 2016ലെ ഏഷ്യാ കപ്പില്‍ യുഎഇയെ 59 പന്തുകള്‍ ബാക്കി നിര്‍ത്തി തോല്‍പ്പിച്ചതായിരുന്നു ഇന്ത്യയുടെ വലിയ ജയം.

പവര്‍പ്ലേയില്‍ റെക്കോഡ്
ടി20യില്‍ ഇന്ത്യ വേഗത്തില്‍ 50 റണ്‍സ് നേടുന്ന മത്സരം ഇതായിരുന്നു. 23 പന്തിനുള്ളില്‍ രാഹുലും രോഹിത്തും ചേര്‍ന്ന് 50 റണ്‍സ് മറികടന്നു. ഇതിന് മുമ്പ് 4.1 ഓവറില്‍ മൂന്ന് തവണ ഇന്ത്യ 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. 6 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സാണ് ഇന്ത്യ നേടിയത്. പവര്‍പ്ലേയിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണിത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ ടി20 ലോകകപ്പിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ്. 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications