T20 World Cup 2021: ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ, തിരുത്താന്‍ പാക്‌നിര, സമയം, വേദി, കണക്കുകള്‍, എല്ലാമിതാ
ദുബായ്: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഇനി ഒരു നാള്‍ ദൂരം. ഗ്രൂപ്പ് രണ്ടിലെ ചിരവൈരി പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രണ്ട് ടീമിന്റെയും ആരാധകര്‍. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ കണക്കുകളില്‍ വിശ്വസിച്ച് വിരാട് കോലിയും സംഘവുമിറങ്ങുമ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാമെന്ന പതിവ് മോഹവുമായാണ് ഇത്തവണയും പാകിസ്താന്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ഇത്തവണ ഫേവറേറ്റുകളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. എന്നാല്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് തുടക്കത്തിലെ ഷോക്ക് നല്‍കാന്‍ കെല്‍പ്പുള്ള താനിരയാണ് പാകിസ്താനുള്ളത്. പ്രമുഖരുടെ വിലയിരുത്തലില്‍ വിജയ സാധ്യതയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെങ്കിലും പാകിസ്താനില്‍ എഴുതിത്തള്ളാനാവില്ലെന്നതാണ് വസ്തുത.

നേര്‍ക്കുനേര്‍ കണക്കുകള്‍
ഇതുവരെ എട്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ടി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഏഴ് തവണയും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു തവണ ജയിക്കാന്‍ പാകിസ്താനുമായി. ടി20 ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണയാണ് രണ്ട് ടീമും ഏറ്റുമുട്ടിയത്. അഞ്ചിലും ജയം ഇന്ത്യക്ക്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തിയത് പാകിസ്താനെ തോല്‍പ്പിച്ചാണ്. ഇതിന് പകരം വീട്ടാന്‍ ഇതുവരെ പാകിസ്താനായിട്ടില്ല. അതിനാല്‍ ഇത്തവണ അത്ഭുതം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താനുള്ളത്.

ടീം കരുത്തില്‍ ഇന്ത്യ
ഇത്തവണ ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നത് ടീം കരുത്താണ്. മാച്ച് വിന്നര്‍മാരായ ലോകോത്തര താരങ്ങള്‍ ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ വന്മരങ്ങള്‍ മികച്ച ഫോമിലുണ്ട്. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റ് പ്രധാനികള്‍.
ഇന്ത്യയുടെ ബൗളിങ് നിരയും കരുത്തുറ്റതാണ്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നര്‍മാര്‍ക്ക് യുഎഇയില്‍ നിര്‍ണ്ണായക റോളുണ്ട്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ നിരയിലുള്ളത്.
യുവതാരങ്ങളും സീനിയര്‍ താരങ്ങളും ഒന്നിനൊന്ന് മെച്ചം. ഐപിഎല്‍ യുഎഇയില്‍ കളിച്ചാണ് ഇന്ത്യ ലോകകപ്പിനെത്തുന്നതെന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. നിലവിലെ താരങ്ങളുടെ ഫോമും കരുത്ത് ഉയര്‍ത്തുന്നു. എംഎസ് ധോണി ഉപദേഷ്ടാവായി ഒപ്പമുള്ളതും ഇന്ത്യക്ക് കരുത്ത് പകരും. സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ വമ്പന്മാരെ വീഴ്ത്തിയാണ് ഇന്ത്യയുടെ വരവ്.

പ്രതിഭാശാലികളുടെ നിരയുമായി പാകിസ്താന്‍
ബാബര്‍ അസാം, മുഹമ്മദ് റിസ്വാന്‍ എന്നീ യുവ സൂപ്പര്‍ താരങ്ങളിലാണ് പാകിസ്താന്റെ പ്രതീക്ഷകള്‍. രണ്ട് പേരുടെയും ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും പാകിസ്താന്റെ മുന്നേറ്റം. മുഹമ്മദ് ഹഫീസ്, ഫഖര്‍ സമാന്‍, ഷുഹൈബ് മാലിക്ക് എന്നീ സീനിയര്‍ താരങ്ങളും പാകിസ്താനൊപ്പമുണ്ട്. ഷഹിന്‍ ഷാ അഫ്രീദിയെന്ന പേസര്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്നുറപ്പ്.
ഇമാദ് വാസിമിനെപ്പോലെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള യുവ ഓള്‍റൗണ്ടര്‍മാരും പാകിസ്താനൊപ്പമുണ്ട്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനായില്ലെന്നത് ചരിത്രം മാത്രമാണെന്ന് പാക് നായകന്‍ ബാബര്‍ ആസം വ്യക്തമാക്കിക്കഴിഞ്ഞു. പാക് നിരക്ക് യുഎഇയില്‍ അന്താരാഷ്ട്ര മത്സരം കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്. പ്രധാനമായും ദുബായില്‍. അവിടുത്തെ സാഹചര്യം നന്നായി അറിയാവുന്നത് ഇന്ത്യക്കെതിരേ പാകിസ്താനെ തുണച്ചേക്കും. സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച പാകിസ്താന്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു.

സാധ്യതാ 11
ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
പാകിസ്താന്‍: മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വാസിം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications