T20 World Cup: ഇന്ത്യ x ന്യൂസീലന്‍ഡ്, ബാബറിനെ കടത്തിവെട്ടാന്‍ കോലി, കാത്തിരിക്കുന്ന റെക്കോഡുകളിതാ
ദുബായ്: ഗ്രൂപ്പ് രണ്ടിലെ നിര്‍ണ്ണായകമായ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം നാളെ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരം ജയിച്ച പാകിസ്താന്‍ സെമി ഏറെക്കുറെ ഉറപ്പിച്ചു. രണ്ടാം സ്ഥാനക്കാരായി ഇന്ത്യ,ന്യൂസീലന്‍ഡ് എന്നിവരിലാര് സെമിയില്‍ പ്രവേശിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും പാകിസ്താനോട് തോറ്റതിനാല്‍ രണ്ടാം മത്സരത്തില്‍ ജയിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം.
ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തി സെമി കാണാതെ ഇന്ത്യക്ക് പുറത്തുപോകേണ്ടി വരുമോയെന്നതാണ് അറിയേണ്ടത്. കോലി ഇന്ത്യയുടെ ടി20 നായകനായുള്ള അവസാന ടൂര്‍ണമെന്റില്‍ ഇത്തരമൊരു പുറത്താകല്‍ ആരും ആഗ്രഹിച്ചേക്കില്ല. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഇക്കാലയളവില്‍ ഒരു ഐസിസി കിരീടം പോലും നായകനെന്ന നിലയില്‍ സ്വന്തമാക്കാന്‍ കോലിക്കായിട്ടില്ല.
ന്യൂസീലന്‍ഡിനെതിരായ മത്സരം രണ്ട് ടീമുകള്‍ക്കും നിര്‍ണ്ണായകമാണെന്നുറപ്പ്. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ചില റെക്കോഡുകള്‍ കോലിയെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള നായകന്‍
ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ നായകന്മാരെന്ന റെക്കോഡില്‍ നിലവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമും ഒപ്പത്തിനൊപ്പമാണ്. വിരാട് കോലി 44 ഇന്നിങ്‌സില്‍ നിന്ന് 13 അര്‍ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍ ബാബര്‍ വെറും 26 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ന്യൂസീലന്‍ഡിനെതിരേ കോലി അര്‍ധ സെഞ്ച്വറി നേടിയാല്‍ ഈ റെക്കോഡില്‍ കോലി തലപ്പത്തെത്തും. ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ കോലി,ബാബര്‍ എന്നിവരില്‍ ആരാണോ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്നത് അവരാവും ഈ റെക്കോഡില്‍ തലപ്പത്തെത്തുക.
ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 50 ഇന്നിങ്‌സില്‍ നിന്ന് 11 അര്‍ധ സെഞ്ച്വറിയും ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് 51 ഇന്നിങ്‌സില്‍ നിന്ന് 11 അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 60 ഇന്നിങ്‌സില്‍ നിന്ന് 9 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ടി20യില്‍ കൂടുതല്‍ ബൗണ്ടറി
ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ബൗണ്ടറി നേടുന്ന താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം കോലിക്കുണ്ട്. 91 മത്സരം കളിച്ച കോലി 290 ബൗണ്ടറിയാണ് നേടിയത്. 52.72 ശരാശരിയില്‍ 3216 റണ്‍സ് കോലിയുടെ പേരിലുണ്ട്. 138.56 ആണ് സ്‌ട്രൈക്കറേറ്റ്. 29 അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 94* റണ്‍സാണ്. 91 സിക്‌സാണ് കോലി നേടിയിട്ടുള്ളത്.
ഈ റെക്കോഡില്‍ അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. 91 ഇന്നിങ്‌സില്‍ നിന്ന് 295 ബൗണ്ടറിയാണ് സ്റ്റിര്‍ലിങ് നേടിയിട്ടുള്ളത്. ന്യൂസീലന്‍ഡിനെതിരേ തിളങ്ങാനായാല്‍ സ്റ്റിര്‍ലിങ്ങിന്റെ റെക്കോഡിനെ മറികടന്ന് കോലിക്ക് ഒന്നാമതെത്താന്‍ അവസരമുണ്ട്. 259 ബൗണ്ടറിയുമായി ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട്.

100 സിക്‌സര്‍ നേട്ടത്തിലെത്താം
ഇന്ത്യന്‍ ജഴ്‌സിയില്‍ 100 ടി20 സിക്‌സുകളെന്ന നാഴികക്കല്ല് പിന്നിടാനും കോലിക്ക് മുന്നില്‍ അവസരമുണ്ട്. 91 മത്സരത്തില്‍ നിന്ന് 91 സിക്‌സാണ് കോലി നേടിയിട്ടുള്ളത്. 9 സിക്‌സുകള്‍ ഈ നേട്ടത്തിലേക്കെത്താന്‍ കോലിക്ക് വേണം. മാര്‍ട്ടിന്‍ ഗുപ്റ്റില്‍,രോഹിത് ശര്‍മ,ക്രിസ് ഗെയ്ല്‍,ഓയിന്‍ മോര്‍ഗന്‍,എവിന്‍ ലെവിസ്,ആരോണ്‍ ഫിഞ്ച്,കോളിന്‍ മണ്‍റോ എന്നിവരാണ് ഈ ബഹുമതി നേടിയിട്ടുള്ള മറ്റ് താരങ്ങള്‍. ഇന്ത്യയുടെ രോഹിത് ശര്‍മക്കും മാര്‍ട്ടിന്‍ ഗുപ്റ്റിലിനും 3000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനും അവസരമുണ്ട്. ഗുപ്റ്റിലിന്റെ പേരില്‍ 2956 റണ്‍സും രോഹിത്തിന്റെ പേരില്‍ 2864 റണ്‍സുമാണ് നിലവിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications