ദുബായ്: ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്താകാതിരിക്കാന്‍ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരേ ജയിക്കണം. ഫേവറേറ്റുകളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനാണ് തോറ്റത്. ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിനും പാകിസ്താനെതിരേ തോല്‍വി വഴങ്ങി. അതിനാല്‍ത്തന്നെ രണ്ട് ടീമിനും 31ന് നടക്കുന്ന മത്സരം നിര്‍ണ്ണായകം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. ഇന്ത്യക്കെതിരേ ഐസിസി ടൂര്‍ണമെന്റില്‍ വ്യക്തമായ മുന്‍തൂക്കമുള്ള ന്യൂസീലന്‍ഡ് ചരിത്രം ആവര്‍ത്തിച്ചാല്‍ കോലിക്കും സംഘത്തിനും തലതാഴ്ത്തി മടങ്ങേണ്ടി വരും.
ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തിന് മുമ്പുള്ള അവസാന ഘട്ട പരിശീലനം ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. പരിശീലനം ഒഴിവാക്കിയ ഇന്ത്യ ബീച്ചില്‍ വോളിബോള്‍ കളിക്കുകയാണ് ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഉപദേഷ്ടവായ എംഎസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ വോളിബോള്‍ കളിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നിര്‍ണ്ണായക മത്സരത്തിന് മുമ്പ് എന്തുകൊണ്ടാണ് ഇന്ത്യ പരിശീലനം ഒഴിവാക്കിയതെന്ന ചോദ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. അതിന്റെ കാരണവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യക്ക് ദുബായിലെ ഐസിസി മൈതാനത്തായിരുന്നു പരിശീലന സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ അവസാന സമയത്ത് പരിശീലന വേദി അബുദാബിയിലേക്ക് മാറ്റി. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യ പരിശീലനം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ദുബായിലെ ഐസിസി മൈതാനത്തെ പിച്ചിലെ പ്രശ്‌നങ്ങളും ചില സാങ്കേതിക തടസങ്ങളുമാണ് ഇന്ത്യയുടെ വേദി പെട്ടെന്ന് മാറ്റാനുള്ള കാരണം. ബിസിസി ഐയും യുഎഇയിലെ ക്രിക്കറ്റ് ബോര്‍ഡുമാണ് പരിശീലന ഗ്രൗണ്ട് മാറ്റത്തിന്റെ ഉത്തരവാദികളെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ ദുബായിലുള്ള ഇന്ത്യക്ക് അബുദാബിയിലെ പിച്ചില്‍ പരിശീലനം നടത്താന്‍ ഏകദേശം രണ്ട് മണിക്കൂറോളം ഒരു വശത്തേക്ക് മാത്രം യാത്ര ചെയ്യേണ്ടതായുണ്ട്. ഇതാണ് പരിശീലന സെക്ഷന്‍ ഇന്ത്യ ഒഴിവാക്കാനുള്ള പ്രധാന കാരണം. ഇത്രയും ദൂരം യാത്ര ചെയ്ത് പരിശീലനം നടത്തുന്നത് താരങ്ങളെ സംബന്ധിച്ച് വളരെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഇതോടെ ഇന്ത്യ പരിശീലന സെക്ഷന്‍ ഒഴിവാക്കി ദുബായില്‍ ബീച്ച് വോളിബോള്‍ കളിക്കുകയായിരുന്നു. പ്രധാന മത്സരത്തിന് മുമ്പ് നിര്‍ണ്ണായകമായ അവസാന പരിശീലന സെക്ഷന്‍ ഒഴിവാക്കിയത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്ന് കാത്തിരുന്ന് കാണണം.
ന്യൂസീലന്‍ഡിനോട് തോറ്റാല്‍ ഇന്ത്യക്ക് ശേഷിക്കുന്നത് മൂന്ന് മത്സരമാണ്. അതില്‍ മൂന്നിലും ജയിച്ചാലും ന്യൂസീലന്‍ഡിന്റെ മത്സരഫലം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിക്കുകയും തുടര്‍ന്നുള്ള അഫ്ഗാന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ മത്സരത്തിലും ജയം ആവര്‍ത്തിക്കുകയും ചെയ്താല്‍ ന്യൂസീലന്‍ഡ് സെമി ഉറപ്പിക്കും. ഇന്ത്യക്ക് സെമി കാണാതെ പുറത്താകേണ്ടിയും വരും. തുടര്‍ച്ചയായ മൂന്ന് ജയത്തോടെ പാകിസ്താന്‍ ഇതിനോടകം സെമി ഉറപ്പിച്ചുവെന്ന് പറയാം.
നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം ഉണ്ടായേക്കും . ബൗളിങ് പരിശീലനം പുനരാരംഭിച്ച ഹര്‍ദിക് പാണ്ഡ്യ പ്ലേയിങ് 11ല്‍ തുടര്‍ന്നേക്കും . അതേ സമയം മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ പ്ലേയിങ് 11ലേക്കെത്തിയേക്കും. സീനിയര്‍ താരം ആര്‍ അശ്വിനെ പരിഗണിക്കാന്‍ സാധ്യതയില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് തന്നെ ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത . 2003ല്‍ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെയാണ് അവസാനമായി ഇന്ത്യ ന്യൂസീലന്‍ഡിനെ ഒരു ഐസിസി മത്സരത്തില്‍ തോല്‍പ്പിക്കുന്നത് . വിരാട് കോലിക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ച് സെമി സാധ്യത നിലനിര്‍ത്താനാവുമോയെന്ന് കാത്തിരുന്ന് കാണാം .