വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കണോ? ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ അനിവാര്യം

ഞായറാഴ്ചയാണ് മല്‍സരം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ ജീവന്‍മരണ പോരാട്ടത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്. ഞായറാഴ്ച കരുത്തരായ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യ നിര്‍ണായക മല്‍സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യക്കു മാത്രമല്ല കിവികള്‍ക്കും ഈ മല്‍സരത്തില്‍ വിജയം അനിവാര്യമാണ്. കാരണം അവരും ആദ്യ മല്‍സരം തോറ്റതിന്റെ ക്ഷീണത്തിലാണ്.

കഴിഞ്ഞ ഞായറാഴ്ട നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമായിരുന്നു വിരാട് കോലിക്കും സംഘത്തിനും നേരിട്ടത്. ഇത്രയും ദയനീയമായൊരു പരാജയം ഇന്ത്യക്കു നേരിടുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. ഇന്ത്യക്കു പിന്നാലെ ന്യൂസിലാന്‍ഡും ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ പാകിസ്താനോടു പരാജയം രുചിച്ചു. അതുകൊണ്ടു തന്നെ അടുത്ത ഞായറാഴ്‌ത്തെ കളിയില്‍ അവര്‍ക്കും വിജയിച്ചേ തീരൂ.

ഐസിസി ടൂര്‍ണമന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേ മോശം റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഐസിസി ടൂര്‍ണമെന്റുകളിലെ ഒരു കളിയില്‍പ്പോലും അവരെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടില്ല. പാകിസ്താനെതിരേ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ന്യൂസിലാന്‍ഡിനെ മറികടക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 ഹാര്‍ദിക്കിനു പകരം ഇഷാന്‍

ഹാര്‍ദിക്കിനു പകരം ഇഷാന്‍

ഓള്‍റൗണ്ടറുടെ റോളില്‍ നിന്നും ഇപ്പോള്‍ വെറും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ചുരുങ്ങിയ ഹാര്‍ദിക് പാണ്ഡ്യയെ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പുറത്തിരുത്തിയേ തീരൂ. പകരം മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ കളിപ്പിക്കണം. ഹാര്‍ദിക് ഇപ്പോള്‍ പൂര്‍ണ ഫിറ്റല്ല, മാത്രമല്ല ബാറ്റിങിനും മോശം ഫോമിലാണ്. ഇങ്ങനെയൊരാളെ ന്യൂസിലാന്‍ഡിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ പരീക്ഷിക്കുന്നത് ചൂതാട്ടത്തിനു തുല്യമാണ്.
പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ വെറും 11 റണ്‍സായിരുന്നു ഹാര്‍ദിക്കിന്റെ സംഭാവന. ഇതു മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം കളിച്ചതു പോലും ആരുമറിഞ്ഞില്ല. ബാറ്റിങിനിടെ ബോള്‍ തോളില്‍ തട്ടിയതിനെ തുടര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ ഹാര്‍ദിക് പിന്നീട് ഫീല്‍ഡ് ചെയ്യാനും ഇറങ്ങിയിരുന്നില്ല.
ഇഷാന്റെ കാര്യമെടുത്താല്‍ അദ്ദേഹമിപ്പോള്‍ മികച്ച ഫോമിലാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിനെതിരേ നടന്ന സന്നാഹ മല്‍സരത്തില്‍ താരം 46 ബോളില്‍ 70 റണ്‍സോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കിവികള്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇഷാനു കഴിയും.

 ഭുവിക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍

ഭുവിക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍

ഒരുസമയത്ത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിന്റെ അമരക്കാരനായിരുന്ന സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാരിന്റെ ബൗളിങിന് ഇപ്പോള്‍ പഴയ മൂര്‍ച്ചയില്ല. കഴിഞ്ഞ മല്‍സരത്തില്‍ പാക് ഓപ്പണര്‍മാരായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും വളരെ അനായാസമായിരുന്നു അദ്ദേഹത്തെ നേരിട്ടത്. ടീമിനു വേണ്ടി നേരത്തേ തുടക്കത്തില്‍ വിക്കറ്റുകളെടുത്തിരുന്ന ഭുവിക്ക് ഈ കഴിവും നഷ്ടമായിരിക്കുകയാണ്. ഡെത്ത് ഓവറുകില്‍ അദ്ദേഹം വാരിക്കോരി റണ്‍സ് നല്‍കുകയും ചെയ്യുന്നുണ്ട്.
അനുഭവസമ്പത്തിന്റെ മികവിലായിരുന്നു പാകിസ്താനെതിരേ ഭുവിയെ ഇന്ത്യ കളിപ്പിച്ചത്. പക്ഷെ ഈ നീക്കം വന്‍ പരാജയമാവുകയും ചെയ്തു. മൂന്നോവറില്‍ 25 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. കഴിഞ്ഞ ഐപിഎല്ലും ഭുവി ഫ്‌ളോപ്പായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 11 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു ആറു വിക്കറ്റുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ.
ന്യൂസിലാന്‍ഡിനെതിരേ ഭുവിക്കു പകരം ഫാസ്റ്റ് ബൗളറും ബാറ്റിങില്‍ സംഭാവന ചെയ്യാനും സാധിക്കുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ കളിപ്പിക്കണം. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനു ബ്രേക്ക്ത്രൂ നേടിത്തരാന്‍ അസാധാരണ കഴിവുള്ള താരമാണ് അദ്ദേഹം. പല തവണ ശര്‍ദ്ദുല്‍ ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വാലറ്റത്ത് 20-30 റണ്‍സ് സംഭാവന ചെയ്യാനും താരത്തിനു കഴിയും.

 വരുണിനു പകരം അശ്വിന്‍

വരുണിനു പകരം അശ്വിന്‍

പാകിസ്താനെതിരേ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നു പരിചയസമ്പന്നനായ ആര്‍ അശ്വിനെ പുറത്തിരുത്തി പകരം മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിച്ചത്. നിരവധി ലോകകപ്പുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുള്ള അശ്വിനെ ഒഴിവാക്കി കന്നി ലോകകപ്പിനെത്തിയ വരുണിനെ ഇറക്കിയത് ദുരന്തത്തിലും കലാശിച്ചു. നാലോവറില്‍ 33 റണ്‍സാണ് താരം വിട്ടുകൊടുത്തത്. പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ വരുണിനായില്ല.
2017നു ശേഷം ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അശ്വിന്‍. ലോകകപ്പിനു മുന്നോടിയായുള്ള രണ്ടു സന്നാഹ മല്‍സരങ്ങളിലും അദ്ദേഹം പന്തെറിഞ്ഞിരുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം സന്നാഹത്തില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ബുദ്ധിശാലിയായ ബൗളറായ അശ്വിന് ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ കഴിയും. രവീന്ദ്ര ജഡേജയോടൊപ്പം അശ്വിന്‍ കൂടി ചേരുന്നതോടെ അതു ന്യൂസിലാന്‍ഡിനു കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കും.

Story first published: Wednesday, October 27, 2021, 20:04 [IST]
Other articles published on Oct 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X