T20 World Cup:'എങ്ങനെ മറക്കും ഇന്ത്യയുടെ ഈ വീര ജയങ്ങള്‍', പാകിസ്താനെ തകര്‍ത്ത അഞ്ച് മത്സരങ്ങള്‍
ദുബായ്: ടി20 ലോകകപ്പിലെ മറ്റൊരു ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും രണ്ട് നാള്‍. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ക്രിക്കറ്റിലേക്കെത്തുമ്പോള്‍ ഇന്ത്യ-പാക് പോരാട്ടങ്ങളുടെ വീറും വാശിയും കൂടും. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാത്തവരെന്ന ചീത്തപ്പേര് മായ്ക്കാന്‍ പാകിസ്താനിറങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കാനുറച്ചാവും ഇന്ത്യ ഇറങ്ങുക. കണക്കുകള്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ബാബര്‍ ആസമിന്റെ കീഴിലിറങ്ങുന്ന പാകിസ്താനെ നിസാരരായി കാണാനാവില്ല.
ഇന്ത്യക്കൊപ്പം ഇത്തവണ ലോകോത്തര താരങ്ങളാണുള്ളത്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങി മാച്ച് വിന്നര്‍മാരുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്ത് പാകിസ്താനുണ്ട്.
സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും അനായാസമായി തോല്‍പ്പിച്ചപ്പോള്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനോട് ജയിച്ചെങ്കിലും ദക്ഷിണാഫ്രിക്കയോട് തോറ്റു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സമീപകാലത്തായി കൂടുതല്‍ മോശമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ-പാക് മത്സരത്തിന് ഇത്തവണ വീറും വാശിയും കൂടും. ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നടക്കാനിരിക്കെ രണ്ട് ടീമും തമ്മിലുള്ള മറക്കാനാവാത്ത അഞ്ച് പോരാട്ടങ്ങള്‍ പരിശോധിക്കാം.

2017ലെ ചാമ്പ്യന്‍സ് ട്രോഫി (ഗ്രൂപ്പ് ഘട്ടം)
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്താനെ നാണം കെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് പാകിസ്താനിറങ്ങിയപ്പോള്‍ മഴ വില്ലനായതോടെ വിജയലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ 33.4 ഓവറില്‍ പാകിസ്താന്‍ 164 റണ്‍സിന് കൂടാരം കയറി. ഇതോടെ 124 റണ്‍സിന്റെ ജയം ഇന്ത്യക്ക് സ്വന്തം.
രോഹിത് ശര്‍മ (91), വിരാട് കോലി (81*), ശിഖര്‍ ധവാന്‍ (68), യുവരാജ് സിങ് (53) എന്നിവരെല്ലാം ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. ഹര്‍ദിക് പാണ്ഡ്യ 6 പന്തില്‍ മൂന്ന് സിക്‌സടക്കം 20 റണ്‍സുമായി പുറത്താവാതെ നിന്നു. മറുപടിക്കിറങ്ങിയ പാകിസ്താനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ദിക്കും ആര്‍ അശ്വിനും ചേര്‍ന്നാണ് തകര്‍ത്തത്. ഭുവനേശ്വര്‍ ഒരു വിക്കറ്റും നേടി.

1992ലെ ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടം
1992ലെ ഏകദിന ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെ 43 റണ്‍സിന് തോല്‍പ്പിച്ച മത്സരവും ആരാധകര്‍ക്ക് മറക്കാനാവില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 എന്ന സ്‌കോറിലേക്ക് ചുരുങ്ങിയപ്പോള്‍ പാകിസ്താന്‍ സന്തോഷിച്ചെങ്കിലും 173 റണ്‍സിന് പാക് നിരയെ ഇന്ത്യ കൂടാരം കയറ്റി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (54*) അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു. അജയ് ജഡേജ (46), മുഹമ്മദ് അസ്ഹറുദ്ദീന്‍ (32), കപില്‍ ദേവ് (35) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
മറുപടിക്കിറങ്ങിയ പാകിസ്താനായി അമീര്‍ സൊഹൈല്‍ (62), ജാവേദ് മിയാന്‍ദാദ് (40) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും വിജയം നേടാനായില്ല. കപില്‍ ദേവ്, മനോജ് പ്രഭാകര്‍, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സച്ചിനും വെങ്കഡാപതി രാജുവും ഓരോ വിക്കറ്റും വീഴ്ത്തി.

2007ലെ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം
2007ലെ പ്രഥമ ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ആരാധകര്‍ക്ക് മറക്കാനാവില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍141 റണ്‍സ് തന്നെ നേടി. മത്സരം സമനിലയായതോടെ ബൗള്‍ ഔട്ടിലൂടെ 3-0ന് ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു. ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയതെങ്കിലും ഗ്രൂപ്പുഘട്ടത്തിലെ ആവേശം ഒന്ന് വേറെ തന്നെയായിരുന്നു.
റോബിന്‍ ഉത്തപ്പ (50), എംഎസ് ധോണി (33), ഇര്‍ഫാന്‍ പഠാന്‍ (20) എന്നിവരാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പാകിസ്താനായി മുഹമ്മദ് ആസിഫ് നാല് വിക്കറ്റ് വീഴ്ത്തി. പാകിസ്താന്റെ മിസ്ബാഹ് ഉല്‍ ഹഖിന്റെ (53) പ്രകടനമാണ് സമനിലയിലേക്ക് ടീമിനെ എത്തിച്ചതെങ്കിലും ഭാഗ്യം ഇന്ത്യയെ തുണച്ചു.

1996 ഏകദിന ലോകകപ്പ് ഗ്രൂപ്പു ഘട്ടം
1996ലെ ഏകദിന ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ആരാധകര്‍ എന്നെന്നും ഓര്‍മിക്കുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 39 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യക്കുവേണ്ടി നവ്‌ജോത് സിദ്ധു (93) അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയപ്പോള്‍ അജയ് ജഡേജ (45),സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടിക്കിറങ്ങിയ പാകിസ്താന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വെങ്കടേഷ് പ്രസാദ്, അനില്‍ കുംബ്ലെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജവഗല്‍ ശ്രീനാഥ്, വെങ്കടാപതി രാജു എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

2007ലെ ടി20 ലോകകപ്പ് ഫൈനല്‍
2007ലെ ടി20 ലോകകപ്പ് ഫൈനലും ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവില്ല. പാകിസ്താനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ 152 റണ്‍സില്‍ പാകിസ്താന്‍ കൂടാരം കയറി. ഇന്ത്യക്കായി ഗൗതം ഗംഭീര്‍ (75), രോഹിത് ശര്‍മ (30*) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇര്‍ഫാന്‍ പഠാന്‍, ആര്‍പി സിങ് എന്നിവരാണ് പാകിസ്താനെ തകര്‍ത്തത്. ജോഗീന്ദര്‍ ശര്‍മ രണ്ട് വിക്കറ്റും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications