T20 World Cup 2021: ഇന്ത്യ എന്തുകൊണ്ട് തോറ്റു? പിഴവ് സംഭവിച്ചത് എവിടെ? പരിശോധിക്കാം
ദുബായ്: കാത്തുകാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഒടുവില്‍ തീരുമാനമായിരിക്കുകയാണ്. കണക്കുകളിലെ ഇന്ത്യന്‍ ആധിപത്യം കളത്തില്‍ കാട്ടാനാവാതെ വന്നതോടെ 10 വിക്കറ്റിന് പാകിസ്താന് മുന്നില്‍ ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നു. ഇതാദ്യമായാണ് ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെടുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ 13 പന്ത് ബാക്കിനിര്‍ത്തി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്താന്‍ വിജയം നേടിയെടുത്തു.
മുഹമ്മദ് റിസ്വാന്‍ (79*), ബാബര്‍ ആസം (68*) എന്നിവരുടെ അപരാജിത ഓപ്പണിങ് കൂട്ടുകെട്ടാണ് പാകിസ്താന് കരുത്തായത്. കരുത്തരായ രോഹിത് ശര്‍മയേയും (0) കെ എല്‍ രാഹുലിനെയും (3) തുടക്കത്തിലേ കൂടാരം കയറ്റിയ ഷഹിന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. കളിയിലെ താരമായതും ഷഹിനാണ്. സര്‍വാധിപത്യ ജയം തന്നെയാണ് പാകിസ്താന്‍ നേടിയെടുത്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് പാകിസ്താന് വെല്ലുവിളി ഉയര്‍ത്താനായില്ല. മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് എന്തൊക്കെയാണെന്ന് നോക്കാം.

ഷഹിന്‍ ഷാ അഫ്രീദിയെ കരുതിക്കളിച്ചില്ല
പാകിസ്താന്റെ സൂപ്പര്‍ പേസറെന്ന നിലയില്‍ നേരത്തെ തന്നെ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയത് ഷഹിന്‍ ഷാ അഫ്രീദിയാണ്. ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയുടെ ദൗര്‍ബല്യം മുതലാക്കി പന്തെറിയാന്‍ ഷഹിന്‍ ഷാക്ക് സാധിച്ചപ്പോള്‍ താരത്തെ കരുതലോടെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റിങ് നിര മറന്നു. ഷഹിന്റെ പന്തുകളെ മനസിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിച്ചില്ലെന്ന് പറയാം. രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ത്തന്നെ എല്‍ബിയില്‍ കുടുങ്ങി. ബാക് ഫൂട്ടില്‍ കളിച്ചാണ് ഈ പുറത്താകല്‍. കെ എല്‍ രാഹുല്‍ ഷഹിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായതും ബാക് ഫൂട്ടില്‍ കളിച്ചാണ്. ഷഹിന്റെ പന്തിലെ സ്വിങ് മനസിലാക്കി ഫ്രണ്ട് ഫൂട്ട് ഷോട്ടുകള്‍ കളിച്ച വിരാട് കോലി മാത്രമാണ് താരത്തിനെതിരേ അല്‍പ്പം ഭേദപ്പെട്ട് നിന്നത്.

സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല
ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ പാകിസ്താന്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം പാകിസ്താന്‍ ബാറ്റ് ചെയ്തപ്പോള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ആദ്യ ഓവറില്‍ത്തന്നെ പാക് ബാറ്റിങ് നിരക്ക് ആത്മവിശ്വാസം ലഭിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ സിക്‌സും ഫോറും പറത്തി മുഹമ്മദ് റിസ്വാന്‍ നിലപാട് വ്യക്തമാക്കി. ജസ്പ്രീത് ബുംറക്കും കൃത്യമായി യോര്‍ക്കറുകളെറിയാനായില്ല. മുഹമ്മദ് ഷമിയില്‍ നിന്ന് സ്വിങ് പന്തുകള്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി ആദ്യ ഓവറില്‍ അല്‍പ്പം മികവ് കാട്ടിയെങ്കിലും പിന്നീട് തല്ലുവാങ്ങി.
ആറാം ബൗളറുടെ അഭാവം ഇന്ത്യക്കുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങിയവരൊക്കെ ബാറ്റിങ്ങിനോടൊപ്പം പന്തുകൊണ്ടും ടീമിന് ഉപകാരികളായിരുന്നു. ഇത്തരത്തിലുള്ള ഓള്‍റൗണ്ടര്‍മാര്‍ ഇന്ന് ഇന്ത്യക്കൊപ്പമില്ലാത്തത് വലിയ തിരിച്ചടിയാണ്.

മഞ്ഞുവീഴ്ച തിരിച്ചടിയായി
രണ്ടാമത് പന്തെറിഞ്ഞപ്പോള്‍ പന്തിന് പ്രതീക്ഷിച്ച വേഗവും സ്വിങ്ങും ലഭിച്ചില്ല. ഇത് ഇന്ത്യക്ക് തിരിച്ചടിയായി. മഞ്ഞുവീഴ്ച പാക് ബാറ്റിങ് നിരയെ തുണച്ചു. ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഏറ്റവും മികച്ച പന്തുകളെയാണ് നേരിടേണ്ടി വന്നത്. സ്വിങ്ങും നല്ല വേഗവും പിച്ചില്‍ പാക് പേസര്‍മാര്‍ക്ക് ലഭിച്ചപ്പോള്‍ ഇന്ത്യക്കത് ലഭിച്ചില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നീ സീനിയര്‍ പേസര്‍മാരെ അനായാസമായാണ് പാകിസ്താന്‍ നേരിട്ടത്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്ന വിലയിരുത്തല്‍ ശരിയായെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications