T20 World Cup: ആര് കപ്പടിക്കും? ഇന്ത്യയേക്കാള്‍ മുന്‍തൂക്കം മറ്റൊരു ടീമിന്, ഗ്രെയിം സ്വാന്റെ പ്രവചനം
ലണ്ടന്‍: ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും തന്നെ തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ലെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഇതിനോടകം തന്നെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോഴിതാ ആര് കപ്പടിക്കുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്വെയിം സ്വാന്‍. ഇന്ത്യയേക്കാള്‍ സാധ്യത വെസ്റ്റ് ഇന്‍ഡീസിനാണെന്നാണ് സ്വാന്‍ പറഞ്ഞത്. അതിനുള്ള കാരണങ്ങളും സ്വാന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലാണ് മത്സരം നടന്നതെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയായിരുന്നു ഫേവറേറ്റെങ്കിലും യുഎഇയിലായതിനാല്‍ വെസ്റ്റ് ഇന്‍ഡീസാണ് കപ്പടിക്കാന്‍ സാധ്യതയുള്ളവരില്‍ മുന്നിലെന്നും സ്വാന്‍ പറഞ്ഞു.
'യുഎഇയിലാണ് മത്സരമെന്നതിനാലാണ് ഫേവറേറ്റുകളായി ഞാന്‍ വെസ്റ്റ് ഇന്‍ഡീസിനെ തിരഞ്ഞെടുക്കുന്നത്. വലിയ കരുത്തുള്ള താരങ്ങളാണവര്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ക്ക് ഇതേ കരുത്തുണ്ട്'- സ്വാന്‍ പറഞ്ഞു. മൂന്നാം ടി20 ലോകകപ്പ് കിരീടം തേടി ഇറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിനെ നിസാരരായി തള്ളിക്കളയാനാവില്ല. ഡ്വെയ്ന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രേ റസല്‍, ക്രിസ് ഗെയ്ല്‍ എന്നിവരെല്ലാം ഇത്തവണയും വെസ്റ്റ് ഇന്‍ഡീസ് നിരയിലുണ്ടാവും.

ബാറ്റിങ്ങാണ് വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്ത്. ബൗളിങ്ങിലെ പരിമിതികള്‍ മറികടക്കാനുള്ള കരുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് നിരക്കുണ്ട്. ഓപ്പണിങ്ങില്‍ എവിന്‍ ലെവിസും ലിന്‍ഡല്‍ സിമ്മന്‍സും ഗംഭീര തുടക്കം ടീമിന് നല്‍കാന്‍ കെല്‍പ്പുള്ളവരാണ്. ഷെല്‍ഡോന്‍ കോട്രല്‍, ഒഷെയ്ന്‍ തോമസ്, ജേസന്‍ ഹോള്‍ഡര്‍ എന്നിവരാണ് പേസ് നിരയിലെ പ്രധാനികള്‍.
ഇന്ത്യയും ഒട്ടും മോശമില്ല. മികച്ച ബെഞ്ച് കരുത്തുള്ള ഇന്ത്യ യുഎഇയില്‍ ഐപിഎല്‍ കളിച്ചതിന് പിന്നാലെയാണ് കളിക്കാനിറങ്ങുന്നതെന്നത് വളരെ ഗുണം ചെയ്‌തേക്കും. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ ഇങ്ങനെ നീളുന്ന വന്‍ താരനിരയെത്തന്നെ ഇന്ത്യന്‍ ടീമില്‍ കാണാനാവും. അഫ്ഗാനിസ്ഥാന്‍ വരെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരായതിനാല്‍ ഇത്തവണത്തെ ലോകകപ്പ് കിരീടം ആര് നേടുമെന്നത് പ്രവചനാതീതമാണ്.
ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരും ഒട്ടും പിന്നിലല്ല. ഓസീസ് മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും ഉള്ളവരാണ്. ന്യൂസീലന്‍ഡിന്റെ താരങ്ങളില്‍ മിക്കവരും യുഎഇയില്‍ പരിചയസമ്പത്തുള്ളവരായതിനാല്‍ അവരുടെ സാധ്യതകളും തള്ളിക്കളയാനാവില്ല. യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള പാകിസ്താനും ഇത്തവണ അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ള ടീമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications