For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: അവന്‍ കുട്ടിയാണ്, ബുംറയുമായി ഷഹിനെ താരതമ്യം ചെയ്യരുത്- മുഹമ്മദ് അമീര്‍

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ രണ്ട് നാള്‍ മാത്രം. ഇത്തവണത്തെ ഫേവറേറ്റുകളെന്ന് കൂടുതലാളുകളും വിലയിരുത്തുന്ന ഇന്ത്യയെ പാകിസ്താനെ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ തോല്‍പ്പിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് ടീമും താരസമ്പന്നം. ഇന്ത്യ ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനെത്തുമ്പോള്‍ പാകിസ്താന്‍ യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്തിന്റെ മികവിലാണെത്തുന്നത്.

ഇന്ത്യയുടെ വാലറ്റം വരെ പ്രതിഭാശാലികളായ മാച്ച് വിന്നര്‍മാരാണ്. പാകിസ്താന്റെ പ്രതീക്ഷകളിലേറെയും ബാബര്‍ അസാം,മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പ്രകടനത്തിലും. പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്റെ വജ്രായുധം. യുവ പേസറായ താരം സമീപകാലത്ത് നടത്തിയിട്ടുള്ളതും മികച്ച പ്രകടനമാണ്. മികച്ച വേഗവും നിയന്ത്രണവുമുള്ള ഷഹിനെ ഇന്ത്യയുടെ ജസ്പ്രീത് ബുംറയുമായാണ് പാക് ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

1

ഇപ്പോഴിതാ ഷഹിന്‍ ഷാ അഫ്രീദി യുവതാരമാണെന്നും ഇനിയും ഏറെ പഠിക്കാനുണ്ടെന്നും ജസ്പ്രീത് ബുംറയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് അമീര്‍. 'ഷഹിന്‍ ഷാ അഫ്രീദി യുവതാരാണ്. കാര്യങ്ങള്‍ പഠിച്ചുവരുന്നേയുള്ളു. ജസ്പ്രീത് ബുംറ ഏറെ നാളുകളായി ഇന്ത്യക്കൊപ്പം കളിക്കുന്നു. ഇവരെ രണ്ടുപേരും താരതമ്യം ചെയ്യുന്നതിനെ മണ്ടത്തരം എന്നാണ് വിശേഷിപ്പിക്കേണ്ടത്'- മുഹമ്മദ് അമീര്‍ പറഞ്ഞു.

2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ അലമാരയിലെത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് അമീര്‍. ഫൈനലില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെയെല്ലാം കൂടാരം കയറ്റി അമീര്‍ കഴിഞ്ഞിടെയാണ് പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പ്രകടനം മോശമാവുകയോ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുകയോ ചെയ്യുന്നില്ലായിരുന്നെങ്കിലും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2

ഇത്തവണ അമീര്‍ പാക് നിരയിലുണ്ടായിരുന്നെങ്കില്‍ ടീമിന് അല്‍പ്പം കൂടി കരുത്തായേനെ. മികച്ച ബൗളിങ് റെക്കോഡുള്ള അമീര്‍ അനുഭവസമ്പന്നനായ ബൗളറുമായിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ആര് ജയിക്കുമെന്നത് സംബന്ധിച്ചും അമീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. 'ആരാണോ ആ ദിവസം സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യുന്നത് ആ ടീമാവും വിജയിക്കുക' എന്നാണ് അമീര്‍ പറഞ്ഞത്.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നത മത്സരത്തിലേക്കെത്തുമ്പോള്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ആവേശവും കൂടും. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുണ്ട്. രണ്ട് കൂട്ടരും വലിയ സമ്മര്‍ദ്ദത്തിലുമായിരിക്കും. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാത്ത ടീമെന്നതിനാല്‍ പാകിസ്താനാവും സമ്മര്‍ദ്ദം കൂടുതല്‍. ഇന്ത്യയെ സംബന്ധിച്ച് മികച്ച താരനിരയുള്ളതിനാല്‍ പാകിസ്താനെക്കാള്‍ ആത്മവിശ്വാസം ഇന്ത്യക്കുണ്ടാവും.

3

പാകിസ്താനെതിരേ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നും അമീര്‍ പറഞ്ഞു. യുഎഇയില്‍ ഐപിഎല്‍ കളിച്ചെത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും പെട്ടെന്ന് സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അമീര്‍ വിലയിരുത്തി. ബൗളര്‍മാരിലും ഇന്ത്യക്കാണ് മുന്‍തൂക്കം. ഇന്ത്യയുടെ ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരോട് കിടപിടിക്കാന്‍ പാകിസ്താന്റെ ഹസന്‍ അലി, ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ക്കാവില്ലെന്നും അമീര്‍ പറഞ്ഞു. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ സ്പിന്‍ നിരയും ശക്തമാണെന്ന് അമീര്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രവും കണക്കുകളും ഇന്ത്യക്ക് അനുകൂലമാണെങ്കിലും പാകിസ്താനെ തീര്‍ത്തും എഴുതിത്തള്ളനാവില്ല. ഇന്ത്യയെ തകര്‍ക്കാനുള്ള അനുഭവസമ്പത്തും താരനിരയും പാകിസ്താനൊപ്പമുണ്ട്. ഭാഗ്യം തുണക്കുന്നത് ആരെയെന്ന് കണ്ടറിയണം. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ബാബര്‍ ആസം-വിരാട് കോലി ഏറ്റുമുട്ടല്‍ കൂടിയാണ് മത്സരം.

Story first published: Friday, October 22, 2021, 15:47 [IST]
Other articles published on Oct 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+