Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: കിവീസ് കരുത്തര്‍, എന്നാല്‍ ഒരു കാര്യത്തില്‍ അഫ്ഗാനെ ഭയക്കണം- ഡാനിഷ് കനേരിയ

കറാച്ചി: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഭാവി നിശ്ചയിക്കപ്പെടുന്ന നിര്‍ണ്ണായക പോരാട്ടം നാളെയാണ്. ഗ്രൂപ്പ് രണ്ടില്‍ നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ എത്തും. ജയിക്കുന്നത് അഫ്ഗാനിസ്ഥാനാണെങ്കില്‍ ഇന്ത്യ സെമിയില്‍ കടക്കും മറുവശത്ത് ന്യൂസീലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ ന്യൂസീലന്‍ഡ് തന്നെ സെമി ടിക്കറ്റെടുക്കും. അഫ്ഗാനും ഇന്ത്യയും സെമി കാണാതെ പുറത്താവുകയും ചെയ്യും. നാല് കളിയും ജയിച്ച പാകിസ്താന്‍ ഇതിനോടകം സെമിയില്‍ സീറ്റുറപ്പിച്ചതാണ്.

നേര്‍ക്കുനേര്‍ കണക്കില്‍ അഫ്ഗാനിസ്ഥാനെതിരേ സമ്പൂര്‍ണ്ണ ആധിപത്യമാണ് ന്യൂസീലന്‍ഡിനുള്ളത്. ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലാവരുടെയും പേടി സ്വപ്‌നമായ ന്യൂസീലന്‍ഡിന് അഫ്ഗാനെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഇപ്പോഴിതാ ന്യൂസീലന്‍ഡ് കരുത്തുറ്റ ടീമാണെങ്കിലും ഒരു കാര്യത്തില്‍ അഫ്ഗാനിസ്ഥാന് മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

1

'അഫ്ഗാനിസ്ഥാന്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ടീമാണ്. ടീമിലെ പ്രധാന താരങ്ങള്‍ ഐപിഎല്ലിലും കളിച്ചിട്ടുള്ളവരാണ്. ന്യൂസീലന്‍ഡ് ശക്തരായ താരനിരയാണ്. എന്നാല്‍ ഒരു ടീമിനെയും ചെറുതായി കാണാനാവില്ല. എങ്ങനെയാണ് ഒരു ടീമിനെ ചെറുതായി കാണാനാവുന്നതെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. അവര്‍ ക്രീസിലേക്കെത്തി തങ്ങളുടേതായ ഷോട്ടുകള്‍ കളിച്ചാല്‍ എന്തും സംഭവിക്കാം. ഏത് സമയത്തും മത്സരം മാറി മറിയാം'-കനേരിയ പറഞ്ഞു.

ന്യൂസീലന്‍ഡിനെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ അഫ്ഗാനിസ്ഥാനൊപ്പമുണ്ട്.ഇന്ത്യക്കെതിരേ മോശം ഫോമിലായിരുന്ന റാഷിദ് ഖാന്‍ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല. മുഹമ്മദ് നബിയും തുടക്കത്തിലേ തന്നെ കിവീസിനെ പ്രയാസപ്പെടുത്താന്‍ കഴിവുള്ള ബൗളറാണ്. എന്നാല്‍ പരിക്കേറ്റ മുജീബുര്‍ റഹ്മാന്റെ അഭാവം കിവീസിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

2

ന്യൂസീലന്‍ഡ് ബാറ്റിങ് നിരയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. പ്രധാനമായും നായകന്‍ കെയ്ന്‍ വില്യംസന്‍ തന്നെ മോശം ഫോമിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ വില്യംസന് ടി20 ലോകകപ്പിലേക്കെത്തിയിട്ടും ഫോമിലേക്കെത്താനായിട്ടില്ല. വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാവുന്നില്ല എന്നതാണ് വില്യംസണിന്റെ പ്രശ്‌നം.

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മികച്ച രീതിയില്‍ തുടങ്ങുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്ക് അതിനെ എത്തിക്കാനാവുന്നില്ല. മധ്യനിരയില്‍ കൂടുതല്‍ വെടിക്കെട്ട് പ്രകടനം നടത്തേണ്ടതായുണ്ട്. ബൗളര്‍മാരുടെ ഫോമാണ് ടീമിന്റെ കരുത്ത്. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,ആദം മില്‍നെ എന്നിവരോടൊപ്പം മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും സ്പിന്‍ കരുത്തുമായി ചേരുമ്പോള്‍ കിവീസ് ബൗളിങ് നിര അതിശക്തം.

3

അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ബാറ്റിങ്ങാണ് പ്രശ്‌നം. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ ഒന്നിലധികം വിക്കറ്റ് ടീമിന് നഷ്ടമാവുന്നു. ഇതോടെ ടീം സമ്മര്‍ദ്ദത്തിലാവുന്നു. മികച്ച തുടക്കം ലഭിച്ചാല്‍ അത് മുതലാക്കാന്‍ കെല്‍പ്പുള്ള മധ്യനിര അഫ്ഗാനുണ്ട്. ആദ്യം ബാറ്റ് ചെയ്യുകയും മികച്ച സ്‌കോര്‍ നേടുകയും ചെയ്യാന്‍ അഫ്ഗാന് സാധിച്ചാല്‍ ന്യൂസീലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചേക്കും. ഡാനിഷ് കനേരിയയും അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് നിരയുടെ പോരായ്മയാണ് ചൂണ്ടിക്കാട്ടിയത്.

'വലിയ ഗ്രൗണ്ടില്‍ അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് നിര പ്രയാസപ്പെടുന്നു. വലിയ ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ അവര്‍ക്കാവുന്നില്ല. എന്നാല്‍ പിച്ച് സ്പിന്നിനെ തുണച്ചാല്‍ അഫ്ഗാനിസ്ഥാന് തിളങ്ങാനാവുകയും ന്യൂസീലന്‍ഡ് പ്രയാസപ്പെടുകയും ചെയ്യും'-കനേരിയ കൂട്ടിച്ചേര്‍ത്തു. അബുദാബിയിലാണ് മത്സരം. വലിയ ഗ്രൗണ്ടാണ്.സ്പിന്നിനെ തുണയ്ക്കുകയും ചെയ്യും. അതിനാല്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകള്‍ കളിച്ച് കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്താകാനുള്ള സാധ്യതയും കൂടുതല്‍. ന്യൂസീലന്‍ഡിനെ വലിയ സ്‌കോറിന് തോല്‍പ്പിക്കാനായാല്‍ അഫ്ഗാനിസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും. അതിനാല്‍ എന്തും സംഭവിക്കാനുള്ള സാധ്യത നിലനിര്‍ക്കുന്നുണ്ട്.

Story first published: Saturday, November 6, 2021, 19:18 [IST]
Other articles published on Nov 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+