
ഇന്ത്യയുടെ കെ എല്‍ രാഹുല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുമ്പോള്‍ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തുമെന്നാണ് ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടത്. 'ഇന്ത്യയാണ് ഇത്തവണ ഫേവറേറ്റുകളെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ടോപ് അഞ്ച് ബാറ്റ്‌സ്മാന്‍മാരും ബൗളിങ് നിരയും കരുത്തുറ്റതാണ്. കെ എല്‍ രാഹുല്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനുമാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് എന്റെ അഭിപ്രായം'- ഐസിസിയോട് സംസാരിക്കവെ ബ്രെറ്റ് ലീ പറഞ്ഞു.
കെ എല്‍ രാഹുലിന്റെ സമീപകാല പ്രകടനം വളരെ മികച്ചതാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായ കെ എല്‍ രാഹുല്‍ 13 ഇന്നിങ്‌സില്‍ നിന്ന് 626 റണ്‍സാണ് നേടിയിട്ടുള്ളത്. യുഎഇയിലെ സാഹചര്യത്തില്‍ വലിയ അനുഭവസമ്പത്തുള്ള രാഹുല്‍ നിലവിലെ ടി20 താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും രാഹുലിന് തിളങ്ങാനായി. അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള രാഹുല്‍ പവര്‍പ്ലേയില്‍ നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയും ചെയ്യും.

രോഹിത് ശര്‍മ-കെഎല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഏത് ബൗളറുടെയും ചങ്കിടിപ്പ് കൂട്ടും. മൂന്നാം നമ്പറില്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാറിനാവും അവസരം. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ ജഡേജക്ക് സാധിച്ചിരുന്നു.
ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഇതില്‍ ഭുവി മോശം ഫോമിലാണ്. ബുംറയും ശര്‍ദുലും ഷമിയും മികച്ച ഫോമിലാണ്. ഷമി സന്നാഹ മത്സരത്തില്‍ മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ ഐപിഎല്ലിലും ബൗളിങ്ങില്‍ തിളങ്ങാന്‍ ഷമിക്ക് സാധിച്ചിരുന്നു. ബുംറ 2020ലെ യുഎഇ ഐപിഎല്ലിലും ഇത്തവണത്തെ ഐപിഎല്ലിലും വിക്കറ്റുകള്‍ വീഴ്ത്തി മികവ് കാട്ടി.

ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. പന്തിന്റെ വേഗതിയില്‍ ശര്‍ദുലിന് മികച്ച നിയന്ത്രണമുള്ളത് യുഎഇയിലെ സാഹചര്യത്തില്‍ ഗുണം ചെയ്യും. ഭുവനേശ്വര്‍-ശര്‍ദുല്‍ ഇവരിലാര് ഇന്ത്യയുടെ പ്ലേയിങ് 11 ഇടം പിടിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. നിലവിലെ ഫോം പരിശോധിച്ചാല്‍ ശര്‍ദുലിനെ മാറ്റിനിര്‍ത്താനാവില്ല.
ഓസ്‌ട്രേലിയയുടെ സാധ്യതകളെക്കുറിച്ചും ലീ മനസ് തുറന്നു. 'ഓസ്‌ട്രേലിയക്ക് വലിയ നേട്ടങ്ങളില്ലാത്ത ഒരു ഫോര്‍മാറ്റാണിത്. അതിനാല്‍ ഇത്തവണ ഓസ്‌ട്രേലിയക്കാരെല്ലാം കിരീട ദാഹത്തിലാണ്. ഇത്തവണ ഓസീസ് മികച്ച പ്രകടനം നടത്തി കിരീടം നേടുമെന്നാണ് എന്റെ പ്രതീക്ഷ. ഇത് വലിയ പ്രതീക്ഷയാണെന്നറിയാം. എന്നാല്‍ വലിയ പ്രതീക്ഷകളില്ലെങ്കിലും വിജയത്തിലേക്കെത്താനാവില്ല'- ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications