ഐസിസിയുടെ ടി20 ലോകകപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങും മുമ്പ് ന്യൂസിലാന്‍ഡിന് അപ്രതീക്ഷിത തിരിച്ചടിയേറ്റു. പരിക്കിനെ തുടര്‍ന്ന് പ്രമുഖ പേസര്‍ ലോക്കി ഫെര്ഗൂസന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്മാറേണ്ടി വന്നിരിക്കുകയാണ്. സൂപ്പര്‍ 12ല്‍ പാകിസ്താനെതിരായ പോരാട്ടത്തിനു തൊട്ടുമുമ്പാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാല്‍ത്തുടയുടെ പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഫെര്‍ഗൂസന്റെ പിന്മാറ്റം.
പരിശീലന സെഷനിടെയാണ് 30കാരനായ ഫെര്‍ഗൂസന്റെ കാല്‍പ്പേശിക്കു വേദനയനുഭവപ്പെട്ടത്. തുടര്‍ന്നു സ്കാനിങിനു വിധേയനാക്കിയതോടെയാണ് പരിക്ക് സാരമുള്ളതാണെന്നു വ്യക്തമായത്. ചുരുങ്ങിയത് നാലാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമായതോടെ ഫെര്‍ഗൂസനു ലോകകപ്പ് നഷ്ടമാവുകയായിരുന്നു. പകരക്കാരനായി മറ്റൊരു ഫാസ്റ്റ് ബൗളറായ ആദം മില്‍നെയെ ന്യൂസിലാന്‍ഡിന്റെ 15 അംഗ ടീമിലുള്‍പ്പെടുത്തും. ഇതിനു മുമ്പ് ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടി ഫെര്ഗൂസന് മികച്ച പ്രകടനം നടത്തിയിരുന്നു. കെകെആര്‍ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു താരം. അതുകൊണ്ടു തന്നെ ഫെര്‍ഗൂസന്റെ പിന്മാറ്റം ലോകകപ്പില്‍ ന്യൂസിലാന്‍ഡിനു കനത്ത തിരിച്ചടിയായേക്കും.
ടൂര്‍ണമെന്റിലെ ആദ്യ കളിക്കു തൊട്ടുമുമ്പ് പരിക്കേറ്റു പിന്മാറേണ്ടി വന്നത് ലോക്കിയെ സംബന്ധിച്ച് വലിയ നാണക്കേടാണെന്നും ന്യൂസിലാന്‍ഡ് ടീമിനു മുഴുവന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഖേദമുണ്ടെന്നും കോച്ച് ഗാരി സ്റ്റെഡ് വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. ലോക്കി ഞങ്ങളുടെ ടീമിലെ വളരെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്നു. മാത്രമല്ല അദ്ദേഹം മികച്ച ഫോമിലുമായിരുന്നു. അതുകൊണ്ടു ഈ സമയത്തു ലോക്കിയെ നഷ്ടമായത് തിരിച്ചടി തന്നെയാണ്. പകരക്കാരനായി ലോക്കിയോളം തന്നെ മിടുക്കുള്ള ആദം മില്നെയുള്ളത് ഞങ്ങളുടെ ഭാഗ്യം. കഴിഞ്ഞ രണ്ടാഴ്ചയോളമായി അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തി വരികയായിരുന്നുവെന്നും കോച്ച് വിശദമാക്കി. ഐസിസിയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ മില്‍നെയെ കളിപ്പിക്കാന്‍ ന്യൂസിലാന്‍ഡിനായില്ല.
പാകിസ്താന് 135 റണ്‍സ് വിജയലക്ഷ്യം
ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ 135 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക്്താന് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസിനെ എട്ടു വിക്കറ്റിന് 134 റണ്‍സില്‍ പാകിസ്താന് ഒതുക്കുകയായിരുന്നു. കിവി നിരയില്‍ ആരും തന്നെ 30 റണ്‍സ് തികച്ചില്ല. നാലു വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫാണ് ന്യൂസിലാന്‍ഡിനു കടിഞ്ഞാണിട്ടത്.
നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. ഷഹീന് അഫ്രീഡി, ഇമാദ് വസീം, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 27 റണ്‍സ് വീതമെടുത്ത ഡാരില്‍ മിച്ചെലും ഡെവന്‍ കോണ്‍വേയുമാണ് ന്യൂസിലാന്‍ഡിന്റെ ടോപ്സ്കോറര്‍മാര്‍. നായകന് കെയ്ന്‍ വില്ല്യംസണ് 25 റണ്‍സിനു പുറത്തായി.